ചന്തുവിനെ തോൽപ്പിക്കാനാവില്ല മക്കളേ; ‘വടക്കൻ വീരഗാഥ’ റി റിലീസിന്
Tuesday, October 8, 2024 3:41 PM IST
പലേരി മാണിക്യം ഒരു പാതിരാക്കൊലപാതകം എന്ന ചിത്രത്തിനു ശേഷം മറ്റൊരു മമ്മൂട്ടി ചിത്രം കൂടി തിയറ്ററുകളിൽ റി റിലീസിനൊരുങ്ങുന്നു. ഹരിഹരൻ–എംടി–മമ്മൂട്ടി കൂട്ടുകെട്ടിലിറങ്ങിയ ക്ലാസിക് ചിത്രം ഒരു വടക്കൻ വീരഗാഥയാണ് സാങ്കേതികത്തികവോടെ തിയറ്ററുകളിലെത്താൻ ഒരുങ്ങുന്നത്.
1989ൽ പുറത്തിറങ്ങിയ ചിത്രം 35 വർഷങ്ങൾക്കു ശേഷമാണ് വീണ്ടും ബിഗ് സ്ക്രീനിൽ എത്തുന്നത്. ചിത്രത്തിന്റെ 4കെ റീമാസ്റ്റർ പതിപ്പിന്റെ ടീസർ പുറത്തിറക്കി.
വടക്കൻ പാട്ടുകളെ ആസ്പദമാക്കി നിർമിച്ച ചിത്രത്തിൽ ചന്തു ചേകവരെന്ന ഐതിഹാസിക കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. വടക്കൻ പാട്ടുകളിലെ ക്രൂരനും ചതിയനുമായ ചന്തുവിന് വേറൊരു മുഖം നല്കിയ സിനിമ ആയിരുന്നു ഇതു. സുരേഷ് ഗോപി, ബാലൻ കെ.നായർ, ക്യാപ്റ്റൻ രാജു, മാധവി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
മമ്മൂട്ടിക്ക് ആ വർഷത്തെ ദേശീയ പുരസ്കാരം നേടിക്കൊടുത്ത ചിത്രം, മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരവും മികച്ച പ്രൊഡക്ഷന്‍, കോസ്റ്റ്യൂം ഡിസൈനുള്ള ദേശീയ പുരസ്കാരവും നേടി. ഏഴു സംസ്ഥാന പുരസ്കാരങ്ങളും ചിത്രം നേടിയിരുന്നു.
മലയാളം സിനിമയ്ക്കും വ്യക്തപരമായി തനിക്കും ഒരുപാടു നേട്ടങ്ങളുണ്ടാക്കിയ സിനിമയാണ് ഒരു വടക്കൻ വീരഗാഥയെന്ന് മമ്മൂട്ടി പറയുന്നു. മാറ്റിനി നൗ ആണ് ചിത്രം 4K അറ്റ്മോസില് ചിത്രം റീ റിലീസിനെത്തിക്കുന്നത്.