ഹ..ഹാ..ഹി..ഹു; ലഹരിപ്പാർട്ടി റിമാൻഡ് റിപ്പോർട്ടിന് പിന്നാലെ പ്രയാഗയുടെ പ്രതികരണം
Tuesday, October 8, 2024 11:05 AM IST
ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരി കേസിലെ റിമാൻഡ് റിപ്പോർട്ടിൽ പേര് വന്നതിന് പിന്നാലെ ആദ്യ പ്രതികരണവുമായി പ്രയാഗ മാർട്ടിൽ. കേസിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഹ..ഹാ..ഹി..ഹു! എന്ന ചിത്രവുമായി താരം ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയിട്ടത്.
പ്രയാഗയുടെ പേര് വന്നതിന് പിന്നാലെ താരത്തിന്റെ സോഷ്യൽ മീഡിയാ ഹാൻഡിലുകളിൽ പലതരത്തിലുള്ള വിമർശനങ്ങൾ കമന്റ് രൂപത്തിൽ വന്നിരുന്നു. താരത്തിന്റെ ലുക്കുകളെല്ലാം തന്നെ പലപ്പോഴും ചർച്ചകളുമായിരുന്നു.
അതേ സമയം. ഗുണ്ടാ നേതാവ് ഓം പ്രകാശ് ഉൾപ്പെട്ട ലഹരിക്കേസിൽ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയെയും പ്രയാഗ മാർട്ടിനേയും മരട് പോലീസ് ഉടൻ ചോദ്യംചെയ്യും. ഇരുവർക്കും സ്റ്റേഷനിൽ എത്താൻ പോലീസ് നിർദേശം നൽകി. താരങ്ങൾ ഓം പ്രകാശിന്റെ മുറിയിലെത്തിയത് ലഹരി ഉപയോഗിക്കാൻ തന്നെയാണെന്ന സംശയത്തിലാണ് പോലീസ്.
നടന്നത് ലഹരി പാർടി തന്നെയാണെന്നും പാർട്ടി സംഘടിപ്പിച്ചത് ഓം പ്രകാശിന്റെ സുഹൃത്തുക്കളാണെന്നുമാണ് പോലീസിന് ലഭിച്ച വിവരം. താരങ്ങളെ ഓം പ്രകാശിന് പരിചയപ്പെടുത്തിയത് എളമക്കര സ്വദേശിയായ ബിനു ജോസഫ് എന്നയാളാണ്.
സിനിമാ താരങ്ങൾക്ക് ഒപ്പം റിമാൻഡ് റിപ്പോർട്ടിൽ പരാമർശമുള്ള 20 പേരുടെയും മൊഴി എടുക്കും. ഹോട്ടലിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ അറസ്റ്റുകൾക്കും സാധ്യയുണ്ട്. ഓം പ്രകാശിന്റെ മൊബൈൽ ഫോൺ ഫോറെൻസിക് പരിശോധനക്ക് വിധേയമാക്കും.