എആര്‍എം സിനിമയുടെ വ്യാജ പതിപ്പ്; കൊച്ചി സൈബര്‍ പോലീസ് കോയമ്പത്തൂരില്‍
Monday, October 7, 2024 12:28 PM IST
തിയറ്ററില്‍ പ്രദര്‍ശനം തുടരുന്ന "അജയന്റെ രണ്ടാം മോഷണം -എആര്‍എം' സിനിമയുടെ വ്യാജപതിപ്പ് പുറത്തിറക്കിയ കേസില്‍ കൊച്ചി സൈബര്‍ പോലീസ് കോയമ്പത്തൂരില്‍. കോയമ്പത്തൂരിലെ തിയറ്ററില്‍ നിന്നാണ് ചിത്രം ഷൂട്ട് ചെയ്തതെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണത്തിനായാണ് കൊച്ചി സൈബര്‍ പോലീസ് കോയമ്പത്തൂരിലെത്തിയിരിക്കുന്നത്. തമിഴ് റോക്കേഴ്സില്പ്പെട്ട രണ്ടു പേര് പോലീസ് നിരീക്ഷണത്തിലാണ്.
ചിത്രത്തിന്റെ സംവിധായകന് ജിതിന് ലാലിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊച്ചി സൈബര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുകയായിരുന്നു. ഒരു ട്രെയിന്‍ യാത്രികന് മൊബൈലില്‍ സിനിമയുടെ വ്യാജ പതിപ്പ് കാണുന്ന ദൃശ്യങ്ങള്‍ ജിതിന്‍ലാല്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു. ഹൃദയഭേദകമായ കാഴ്ചയാണെന്ന അടിക്കുറിപ്പോടെയാണ് ജിതിന് ദൃശ്യം പങ്കുവച്ചത്.
യാത്രക്കാരന് ചിത്രം കാണുന്ന ദൃശ്യം സുഹൃത്താണ് അയച്ചു നല്‍കിയതെന്ന് ജിതിന് പറഞ്ഞിരുന്നു. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, ഭാഷകളുടെ വ്യാജ പകര്‍പ്പും പുറത്തിറങ്ങിയിരുന്നു.