ഞാൻ സ്ത്രീ വിരുദ്ധനല്ല, ഒപ്പം അഭിനയിച്ച സ്ത്രീകളെല്ലാം വീണ്ടും എനിക്കൊപ്പം അഭിനയിക്കണമെന്നാണ് പറയുക: വിനായകൻ
Saturday, October 5, 2024 3:09 PM IST
താൻ ഒരിക്കലും ഒരു സ്ത്രീവിരുദ്ധനല്ലെന്ന് നടൻ വിനായകൻ. തന്നെ പരിചയമുള്ള ഒരു സ്ത്രീയും അങ്ങനെ പറയില്ലെന്നും ഒപ്പം അഭിനയിച്ചിട്ടുള്ള എല്ലാ നടിമാരും ഇനിയും തന്നോടൊപ്പം സിനിമ ചെയ്യണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും നടൻ പറഞ്ഞു. പുതിയ ചിത്രമായ തെക്ക് വടക്കിന്റെ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിനായകൻ.
""ഞാനൊരു സ്ത്രീ വിരുദ്ധനല്ല. ഞാനുമായിട്ട് സംസാരിച്ചിട്ടുള്ള സ്ത്രീകളായാലും കൂടെ നടന്നിട്ടുള്ള സ്ത്രീകളായാലും എന്റെ കൂടെ ഡാന്‍സ് ചെയ്തിട്ടുള്ള സ്ത്രീകളായാലും അഭിനയിച്ച സ്ത്രീകളായാലും അങ്ങനെ പറയില്ല. എന്റെ കൂടെ അഭിനയിച്ച സ്ത്രീകള്‍ ചേട്ടാ ചേട്ടന്റെ അടുത്ത പടത്തില്‍ അഭിനയിക്കണമെന്ന് വീണ്ടും വീണ്ടും ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട് എന്ന് പറയാറുണ്ട്.
സിനിമാജീവിതത്തിൽ ഇന്നുവരെ ഒരു സിനിമയുടെയും തിരക്കഥ താൻ കേട്ടിട്ടില്ല. ഇതുവരെ ഒരു സിനിമയുടേയും സ്ക്രിപ്റ്റ് കേട്ടിട്ടില്ല. സിനിമാ ജീവിതം തീരുന്നതു വരെ ഒരു സ്ക്രിപ്റ്റും കേൾക്കുകയുമില്ല എന്ന നിയമം തന്റെ ആക്ടിംഗ് ബിസിനസിൽ ഉണ്ട്. സ്ക്രിപ്റ്റ് കേൾക്കുന്നത് തന്റെ ഏരിയ അല്ല.'' വിനായകൻ പറഞ്ഞു.
വിനായകനും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളിലെത്തിയ തെക്ക് വടക്ക് പ്രേംശങ്കറാണ് സംവിധാനം ചെയ്യുന്നത്. ജെല്ലിക്കെട്ട്, ചുരുളി, നൻപകൽ നേരത്ത് മയക്കം എന്നീ സിനിമകൾക്കു ശേഷം എസ്. ഹരീഷ് രചന നിർവഹിക്കുന്ന ചിത്രം കൂട്ടിയാണിത്. ആർഡിഎക്സിലെ ഹിറ്റ് ഗാനങ്ങൾക്ക് സംഗീതം ഒരുക്കിയ സാം സി.എസ്. ആണ് സംഗീത സംവിധായകൻ.