സാമന്ത-നാഗചൈതന്യ വിവാഹമോചനം; അവസാനിക്കാതെ ചർച്ചകൾ
Saturday, October 5, 2024 12:20 PM IST
തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സാമന്ത. ബോളിവുഡിലും സജീവമായി മാറാനുള്ള ഒരുക്കത്തിലാണ് സാമന്ത. സമാന്തയുടെ വ്യക്തിജീവിതം നിരന്തരം വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. സിനിമാ ലോകം കണ്ട ഏറ്റവും വലിയ ചര്‍ച്ചകളിലൊന്നായിരുന്നു സാമന്തയുടെയും നാഗ ചൈതന്യയുടെയും വിവാഹമോചനം.
ഏറെനാളത്തെ പ്രണയത്തിനുശേഷം 2017 ല്‍ വിവാഹിതരായ ഇരുവരും നാലാം വാര്‍ഷികം ആഘോഷിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പിരിയുകയായിരുന്നു. ഇപ്പോഴിതാ നാഗ ചൈതന്യയുടെയും സാമന്തയുടെയും വിവാഹമോചനം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.
സമാന്തയും നാഗ ചൈതന്യയും പിരിയാന്‍ കാരണം ബിആർഎസ് നേതാവ് കെ.ടി. രാമറാവു ആണെന്ന തെലുങ്കാന മന്ത്രി കൊണ്ട സുരേഖയുടെ വാക്കുകള്‍ വലിയ വിവാദമായി മാറിയിരിക്കുകയാണ്. പിന്നാലെ പ്രതികരണവുമായി സാമന്തയും നാഗ ചൈതന്യയും നാഗചൈതന്യയുടെ പിതാവ് നാര്ജുനയും രംഗത്തെത്തി. തെലുങ്ക് സിനിമാ ലോകത്തുനിന്നും നിരവധി പ്രമുഖര്‍ ഇരുവര്‍ക്കും പിന്തുണയുമായി എത്തി.
തങ്ങളുടെ വിവാഹമോചനം പരസ്പര ധാരണയില്‍ എടുത്ത തീരുമാനമാണെന്നും അതിന് പിന്നില്‍ യാതൊരു രാഷ്ട്രീയ സ്വാധീനവും ഇല്ലെന്നായിരുന്നു സാമന്തയുടെ പ്രതികരണം. രാഷ്ട്രീയ പോരിലേക്ക് തന്നെ വലിച്ചിടരുതെന്നും സാമന്ത പറഞ്ഞിരുന്നു.
കെടിആറിന് അടുത്ത് പോകാന്‍ നാഗാര്‍ജുന തന്റെ മകന്റെ ഭാര്യയായ സാമന്തയോട് ആവശ്യപ്പെട്ടു. അവര്‍ അതിന് വിസമ്മതിച്ചു. അതേത്തുടര്‍ന്നുള്ള പ്രശ്നത്തിനൊടുവിലാണ് നാഗ ചൈതന്യയും സാമന്തയും വേര്‍പിരിഞ്ഞത് എന്നായിരുന്നു സുരേഖയുടെ വിവാദ പരമാര്‍ശം.
ആരാധകരെ ഞെട്ടിച്ച വിവാഹമോചനമായിരുന്നു ഇവരുടേത്. തങ്ങള്‍ എന്തുകൊണ്ടാണ് പിരിഞ്ഞതെന്ന് ഇരുവരും ഇന്നുവരെ തുറന്നുപറഞ്ഞിട്ടില്ല. വിവാഹമോചന സമയത്ത് നാഗ ചൈതന്യയില്നിന്നു സാമന്ത ജീവനാശം വാങ്ങിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. വിവാഹ മോചനത്തിന് പിന്നാലെ ഇതേക്കുറിച്ചുള്ള വാര്‍ത്തകളും പുറത്ത് വന്നിരുന്നു.
നാഗ ചൈതന്യയില്നിന്ന് 200 കോടി സമാന്ത ജീവനാംശമായി വാങ്ങിയെന്നായിരുന്നു ആദ്യം പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഒരു രൂപ പോലും നാഗ ചൈത്യയില്നിന്നു തനിക്ക് വേണ്ടെന്നായിരുന്നു സമാന്തയുടെ തീരുമാനമെന്നായിരുന്നു പിന്നാലെ വന്ന വെളിപ്പെടുത്തലുകൾ.
സാമന്തയുമായി പിരിഞ്ഞ ശേഷം നാഗ ചൈതന്യ നടി ശോഭിത ധൂലിപാലയുമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. നേരത്തെ സാമന്തയും നാഗ ചൈതന്യയും പിരിയാന്‍ കാരണം ശോഭിതയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്ത നിരസിച്ചുകൊണ്ട് നാഗ ചൈതന്യയുടെ പിതാവും സൂപ്പര്‍ താരവുമായ നാഗാര്‍ജുന രംഗത്തെത്തിയിരുന്നു.