ശരിയല്ലെന്ന് തോന്നിയാൽ നോ പറഞ്ഞ് അവിടെനിന്നും ഇറങ്ങിപോരുക: സണ്ണി ലിയോണി
Tuesday, September 10, 2024 10:44 AM IST
നമുക്ക് ശരിയല്ലെന്ന് തോന്നിയാൽ നോ പറഞ്ഞ് അവിടെനിന്നും ഇറങ്ങിപ്പോരണമെന്ന് നടി സണ്ണി ലിയോണി. സിനിമയില്‍ നിന്നും തനിക്ക് ദുരനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ഒരു അവസരം നഷ്ടപ്പെട്ടാല്‍ മറ്റു നൂറ് അവസരങ്ങൾ വരുമെന്നും സണ്ണി പറയുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മലയാള സിനിമയില്‍ നടന്നുകൊണ്ടിരിക്കുന്ന വെളിപ്പെടുത്തലുകളോടും സംവാദങ്ങളോടും പ്രതികരിക്കുകയായിരുന്നു താരം.
""എനിക്ക് എന്റെ അനുഭവത്തില്‍ നിന്നേ സംസാരിക്കാന്‍ കഴിയൂ. മറ്റുള്ളവര്‍ ഇപ്പോള്‍ പറയുന്ന തരത്തിലുള്ള ദുരനുഭവങ്ങളൊന്നും എനിക്ക് ഉണ്ടായിട്ടില്ല. സ്വന്തം വ്യക്തിത്വത്തിലും വര്‍ക്കിലുമാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരു സിനിമയില്‍ നിന്ന് കൂടുതല്‍ പ്രതിഫലമോ മറ്റെന്തെങ്കിലുമോ വേണമെന്ന് തോന്നിയാല്‍ ഞാന്‍ അതിനായി സംസാരിച്ചിട്ടുണ്ട്. എല്ലാവരും അങ്ങനെ ചെയ്യണമെന്നാണ് എന്റെ അഭിപ്രായം.
ഒരു സ്ത്രീയെന്ന നിലയിലും യുവാക്കളെന്ന നിലയിലും നമുക്ക് തീരുമാനങ്ങളെടുക്കാനുള്ള അവസരങ്ങളുണ്ടായിരിക്കും. അപ്പോള്‍ ശരിയെന്ന് തോന്നുന്നവ തെരഞ്ഞെടുക്കണം, ശരിയല്ലെന്ന് തോന്നുന്നവയോട് നോ പറഞ്ഞ് ഇറങ്ങിപ്പോരണം.
പല വാതിലുകളും എന്റെ മുന്നില്‍ അടയ്ക്കപ്പെട്ടിട്ടുണ്ട്. പക്ഷെ അതുകൊണ്ട് എനിക്കൊരു പ്രശ്നവുമില്ല. ഒരു അവസരം നഷ്ടപ്പെട്ടാല്‍ മറ്റ് നൂറ് അവസരങ്ങള്‍ നമുക്ക് മുന്നില്‍ വരും''. സണ്ണി ലിയോണി പറഞ്ഞു.