തലൈവർക്കൊപ്പം ആടിപ്പാടി മഞ്ജു വാര്യർ; "മനസിലായോ' ഗാനവുമായി അനിരുദ്ധ്
Tuesday, September 10, 2024 8:37 AM IST
രജനികാന്തിനെ നായകനാക്കി ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന വേട്ടയ്യനിലെ ആദ്യ ഗാനം മനസിലായോ പുറത്തിറക്കി. അനിരുദ്ധ് രവിചന്ദർ സംഗീതം നൽകിയിരിക്കുന്ന ഗാനം ഒരു അടിപൊളി ആഘോഷത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
രജനികാന്തിനൊപ്പം ആടിത്തിമിർക്കുന്ന മഞ്ജു വാര്യരെയും ഗാനത്തിൽ കാണാം. അനിരുദ്ധ് രവിചന്ദർ, യുഗേന്ദ്രൻ വാസുദേവൻ, ദീപ്തി സുരേഷ്, മലേഷ്യ വാസുദേവൻ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.
13 വർഷങ്ങൾ മുൻപ് അന്തരിച്ച മലേഷ്യ വാസുദേവന്റെ ശബ്ദം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയാണ് ഈ ഗാനത്തിനായി പുനസൃഷ്ട്ടിച്ചത്.
സൂപ്പർ സുബ്ബു, വിഷ്ണു എടവൻ എന്നിവർ ചേർന്നാണ് ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്. ചിത്രം ഒക്ടോബർ പത്തിന് തിയേറ്ററിലെത്തും. ഒരു പോലീസ് ഓഫീസറായാണ് രജനികാന്ത് സിനിമയിൽ അഭിനയിക്കുന്നത്.
ലൈക്ക പ്രൊഡക്ഷന്‍ ഒരുക്കുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, മഞ്ജു വാര്യർ, ദുഷാര വിജയൻ, കിഷോർ, റിതിക സിംഗ്, ജി.എം. സുന്ദർ, രോഹിണി, റാവൊ രമേശ്, രമേശ് തിലക് എന്നിങ്ങനെ വലിയ താരനിര അണിനിരക്കുന്നുണ്ട്.
പേട്ട, ദർബാർ, ജയിലർ എന്നീ സിനിമകൾക്ക് ശേഷം അനിരുദ്ധ് രജനികാന്ത് ചിത്രത്തിനായി സംഗീതമൊരുക്കുന്ന ചിത്രമാണ് വേട്ടയ്യൻ. ജ്ഞാനവേൽ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. തമിഴ്, തെലുങ്ക് , കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.