ഒരുപാട് ആലോചിച്ചതിന് ശേഷമെടുത്ത തീരുമാനം; ജയം രവിയും ആര്‍തിയും വിവാഹമോചിതരായി
Monday, September 9, 2024 12:47 PM IST
നടൻ ജയം രവിയും ആര്‍തിയും വിവാഹമോചിതരായി. നടൻ തന്നെയാണ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ വിവാഹമോചന വാർത്ത പ്രേക്ഷകരെ അറിയിച്ചത്. 2009ലായിരുന്നു ആർതിയും ജയം രവിയും തമ്മിലുള്ള വിവാഹം.15 വർഷത്തെ ദാമ്പത്യജീവിതത്തിനൊടുവിലാണ് ഇരുവരും നിർണായകമായ തീരുമാനത്തിലേയ്ക്കെത്തിയത്. ആരവ്, അയാൻ എന്നിങ്ങനെ രണ്ട് ആൺമക്കളാണ് ഇവര്‍ക്കുള്ളത്.
പെട്ടെന്നുണ്ടായ തീരുമാനമല്ലിതെന്നും ഒരുപാട് ആലോചിച്ചതിന് ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും ജയം രവി കുറിച്ചു. വ്യക്തിപരമായ കാരങ്ങളാണ് ഇതിനു പിന്നിലെന്നും എല്ലാവരുടെയും നല്ലതിനു വേണ്ടിയാണെന്നും കുറിപ്പിൽ പറയുന്നു.
‘‘ഒരുപാടു ചിന്തകൾക്കും ആലോചനകൾക്കും ചർച്ചകൾക്കും ശേഷം, ആരതിയുമായുള്ള വിവാഹബന്ധത്തിൽ നിന്ന് വേർപിരിയുക എന്ന ബുദ്ധിമുട്ടേറിയ തീരുമാനമെടുക്കുകയാണ്. ഇത് പെട്ടെന്നുണ്ടായ ഒരു തീരുമാനമല്ല. വ്യക്തിപരമായ കാരങ്ങളാണ് ഇതിനു പിന്നിൽ. തീർച്ചയായും ഇത് എല്ലാവരുടെയും നല്ലതിനു വേണ്ടിയാണ്.
ഈ ബുദ്ധിമുട്ടേറിയ സമയത്ത് ഞങ്ങളുടെയും കുടുംബാംഗങ്ങളുടെയും സ്വകാര്യതയെ മാനിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളും അനുമാനങ്ങളും ആരോപണങ്ങളും പ്രചരിപ്പിക്കരുതെന്നും ഈ വിഷയം ഞങ്ങളുടെ സ്വകാര്യതയായി കാണണമെന്നും അഭ്യർഥിക്കുകയാണ്. ജയം രവിയുടെ വാക്കുകൾ.
ഇരുവരും തമ്മിൽ പിരിയുമെന്ന് കഴിഞ്ഞ ഒരു വർഷമായി അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ഔദ്യോഗികമായി ആരും തന്നെ പ്രതികരിച്ചിരുന്നില്ല. ആർതി, ജയം രവിയോടൊപ്പമുള്ള ചിത്രങ്ങളെല്ലാം ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കം ചെയ്തോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്.
ഇപ്പോഴും 'മാരീഡ് ടു ജയം രവി' എന്ന ഇന്‍സ്റ്റഗ്രാം ബയോ ആരതി മാറ്റിയിട്ടില്ല. ജയം രവിയുടെ ഇന്‍സ്റ്റഗ്രാമിലും ആരതിക്കും മക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളുണ്ട്. ജൂണ്‍ 20-ന് ജയം രവിയുടെ കരിയറിലെ പ്രധാന സിനിമയായ ജയം റിലീസായി 21 വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ ആരതി പോസ്റ്റര്‍ പങ്കുവച്ചിരുന്നു. ഇതോടെ ഇരുവരും വേര്‍പിരിയുന്നു എന്ന അഭ്യൂഹങ്ങള്‍ നിലച്ചിരുന്നു. പെട്ടന്നുള്ള ഈ വിവാഹമോചന പ്രഖ്യാപനം ആരാധകർക്കും ഞെട്ടിക്കുന്ന വാർത്തയായി മാറി.