ലഹരിപാർട്ടി ആരോപണം വ്യാജം; മുഖ്യമന്ത്രിയെ ഡബ്ല്യുസിസി വീണ്ടും കാണും: റിമ കല്ലിങ്കൽ
Wednesday, September 4, 2024 8:41 AM IST
വീട്ടിൽ ലഹരിപ്പാർട്ടി നടത്തിയെന്ന ഗായിക സുചിത്രയുടെ ആരോപണം വ്യാജമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും നടി റിമ കല്ലിങ്കൽ. ഹേമകമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട തുടർ നടപടികൾ ആവശ്യപ്പെട്ട് ഡബ്ല്യൂസിസി വീണ്ടും മുഖ്യമന്ത്രിയെ കാണുമെന്നും റിപ്പോർട്ട് നടപ്പാക്കുന്നതിൽ ഇനി പ്രതീക്ഷ കോടതിയിലാണെന്നും അവർ പറഞ്ഞു.
ഡബ്ല്യുസിസിയുടെ വിശ്വാസ്യത തകർക്കാൻ ശ്രമമുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള ചർച്ചകളെ കൃത്യമായ ദിശയിൽ നയിക്കേണ്ട ബാധ്യത ഡബ്ല്യുസിസിക്കുണ്ട്. മുഖ്യമന്ത്രിയെ കാണുന്പോൾ ഇനി ഇത് ആവർത്തിക്കില്ല എന്നെങ്കിലും സർക്കാരിന്റെ ഭാഗത്ത് നിന്ന് മറുപടി ഉണ്ടാകണം.
മോഹൻലാലിന് ഉത്തരമില്ലെങ്കിൽ ഇനി ഇവിടെ നിന്നെങ്കിലും ചിന്തിച്ച് തുടങ്ങാൻ ശ്രമിക്കണം. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ താരങ്ങൾ പരാതി ഉന്നയിച്ചത് സർക്കാരിനെ വിശ്വസിച്ചാണ്, സർക്കാർ ഒപ്പമുണ്ടാകുമെന്ന് കരുതിയാണ്. എന്നിട്ട് വീണ്ടും പരാതി നൽകണമെന്ന് പറയുകയാണ് സർക്കാർ. ഞങ്ങൾ ഈ കാര്യങ്ങൾ എല്ലാം മുഖ്യമന്ത്രിയെ വീണ്ടും കണ്ട് ശക്തമായി ഉന്നയിക്കുമെന്നും റിമ പറഞ്ഞു.