"വർഷങ്ങൾക്ക് ശേഷം' കണ്ടുമുട്ടി നിവിൻ പോളിയും പ്രണവും
Monday, December 4, 2023 10:31 AM IST
പ്രണവ് മോഹൻലാലും നിവിൻ പോളിയും ഒന്നിച്ചുള്ള ഒരു ചിത്രമാണ് ഇപ്പോൾ ഫാൻസ് പേജുകളിലൂടെ പ്രചരിക്കുന്നത്. ഇരുവരും വർഷങ്ങൾക്ക് ശേഷം എന്ന സിനിമയുടെ സെറ്റിൽ വച്ചു കണ്ടുമുട്ടിയ ചിത്രമാണത്. ഇത് ആദ്യമായാണ് നിവിനും പ്രണവും ഒന്നിക്കുന്നത്.
പ്രണവിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.
ധ്യാൻ ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, അജു വർഗീസ്, വിനീത് ശ്രീനിവാസൻ, നീത പിള്ളൈ, നീരജ് മാധവ്, നിവിൻ പോളി, കലേഷ് രാമാനന്ദ്, അർജുൻ ലാൽ, നിഖിൽ നായർ, ഷാൻ റഹ്മാൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ഹൃദയം ടീം വീണ്ടും ഒന്നിക്കുന്നതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. എൺപതുകളിലെ കഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചന.
വിനീത് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് വൈശാഖ് സുബ്രഹ്മണ്യം ആണ്. മെറിലാൻഡ് സിനിമ തന്നെയാണ് ചിത്രം അവതരിപ്പിക്കുന്നത്. ഈ വര്‍ഷം ജൂലൈയില്‍ പ്രഖ്യാപിക്കപ്പെട്ട സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് ഒക്ടോബര്‍ അവസാനമായിരുന്നു.
വിനീത് സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ധ്യാൻ പത്തു വർഷങ്ങൾക്ക് ശേഷം സഹോദരനുമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഈ ചിത്രത്തിനായി ശരീരഭാരം കുറച്ച ധ്യാനിന്റെ ചിത്രങ്ങൾ വൈറലായിരുന്നു.