ശാരദ ചിട്ടി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് കോൽക്കത്ത പോലീസ് കമ്മീഷ്ണറെ ചോദ്യം ചെയ്യാൻ സിബിഐ ഉദ്യോഗസ്ഥർ എത്തിയതും അവരെ മമതാ ബാനർജിയുടെ നേതൃത്വത്തിൽ തടഞ്ഞതുമൊക്കെ കൂട്ടുകാർ കഴിഞ്ഞ ആഴ്ചകളിൽ പത്രങ്ങളിൽ വായിച്ചിരിക്കും. തൊട്ടടുത്ത ദിവസങ്ങളിൽ അധോലോക കുറ്റവാളി രവി പൂജാരിയെ ഇന്റർപോൾ ആഫ്രിക്കൻ രാജ്യമായ സെനഗലിൽനിന്ന് കസ്റ്റഡിയിൽ എടുത്തതായും വാർത്ത വന്നിരുന്നു. കൊച്ചിയിൽ കേരള പോലീസ് അന്വേഷിക്കുന്ന ഒരു കുറ്റകൃത്യത്തിലും പ്രതിയാണ് ഈ രവി പൂജാരി.
കുറ്റകൃത്യങ്ങൾ തടയാനും, അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും ഇന്ത്യയിൽ നിരവധി ഏജൻസികളുണ്ട്. അത്തരം ചില പ്രധാന അന്വേഷണ ഏജൻസികളെക്കുറിച്ച് ഈ ലക്കം വായിക്കാം...
1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് കൂട്ടുകാർ പഠിച്ചിട്ടില്ലെ. തങ്ങളുടെ നിയമങ്ങളും നിർദേശങ്ങളും ഇന്ത്യയിലെ ജനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബ്രിട്ടീഷ് ഭരണാധികാരികൾ സ്ഥാപിച്ച പോലീസ് സേനയിലെ ഒരു വിഭാഗം ആളുകൾ അവർക്കെതിരേ തിരിഞ്ഞു നടത്തിയ പ്രക്ഷോഭമായിരുന്നു അത്. ബ്രിട്ടീഷുകാർ ശിപായി ലഹള എന്നു വിളിച്ച് ആ പ്രക്ഷോഭത്തെ കളിയാക്കി.
എന്നാൽ അതിനുശേഷം 1861ൽ അവർ ഇന്ത്യൻ പോലീസ് ആക്ട് ഉണ്ടാക്കി. രാജ്യത്തെ പോലീസ് സേനയെ പൂർണമായും സർക്കാരിന്റെ കീഴിൽ കൊണ്ടുവരുന്ന ഒരു നിയമമായിരുന്നു അത്. 1947ൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൽനിന്ന് ഇന്ത്യ മോചിതമായി ഒരു ജനാധിപത്യ രാജ്യമായി മാറിയിട്ടും ഈ പോലീസ് നിയമത്തിൽ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയില്ല
ഭരണഘടനയും പോലീസും
ഇന്ത്യൻ ഭരണഘടന അനുസരിച്ച് ക്രമസമാധാന പാലനവും പോലീസും സംസ്ഥാന സർക്കാരുകളുടെ അധികാരപരിധിയിൽ വരുന്ന വിഷയങ്ങളാണ്. സംസ്ഥാനങ്ങളുടെ ആവശ്യമനുസരിച്ച് പോലീസ് സേന നിർമിക്കാനും അവയെ പൂർണമായി നിയന്ത്രിക്കാനും സംസ്ഥാന സർക്കാരുകൾക്ക് അവകാശമുണ്ട്. ഇത്തരത്തിൽതന്നെ ക്രമസമാധാന പാലനത്തിനായി പോലീസ് സേനയെ നിയമിക്കാൻ കേന്ദ്രത്തിനും അവകാശമുണ്ട്. കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ക്രമസമാധാന പാലനത്തിന്റെ ഉത്തരവാധിത്തം ഇവർക്കായിരിക്കും.
ഒരു സംസ്ഥാനത്തെ പോലീസിന്റെ അധികാരപരിധി മറ്റൊരു സംസ്ഥാനത്തേക്ക് വ്യാപിപ്പിക്കാൻ കേന്ദ്രത്തിന് അധികാരമുണ്ട്. എന്നാൽ, ഏത് സംസ്ഥാനത്തേക്കാണോ അധികാരം വ്യാപിപ്പിക്കുന്നത് അവിടുത്തെ സംസ്ഥാന സർക്കാരിന്റെ അനുവാദം മുൻകൂട്ടി വാങ്ങിയിരിക്കണം. അടിയന്തര ഘട്ടങ്ങളിൾ സംസ്ഥാന സർക്കാരുകൾ ആവശ്യപ്പെട്ടാൽ തങ്ങളുടെ കീഴിലുള്ള ക്രമസമാധാന പരിപാലന സേനകളെ സംസ്ഥാനങ്ങളിൽ വിന്യസിക്കാൻ കേന്ദ്രത്തിന് അവകാശമുണ്ട്. പ്രളയ സമയത്ത് നാവിക സേനയുടെ സഹായം കേരളത്തിന് ലഭ്യമായത് ഇത്തരത്തിലാണ്.
ഐപിഎസ് (ഇന്ത്യൻ പോലീസ് സർവീസ്)
ദേശീയ തലത്തിൽ നടത്തുന്ന സിവിൽ സർവീസ് പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന സമർഥരായ ഉദ്യോഗാർഥികൾക്ക് നല്കുന്ന ഒരു പദവിയാണ് ഐപിഎസ്. ഇന്ത്യൻ ഭരണഘടനയുടെ 312-ാം ആർട്ടിക്കിളിലാണ് ഐപിഎസിനെപ്പറ്റിയുള്ള നിർദേശങ്ങളുള്ളത്. ഓരോ സംസ്ഥാനത്തെയും പോലീസ് സേനയ്ക്ക് ആവശ്യമായ നേതൃത്വം നല്കേണ്ടത് ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥരാണ്.
സംസ്ഥാനത്ത് നിയോഗിക്കപ്പെട്ടിട്ടുള്ള ഐപിഎസ് ഉദ്യോഗസ്ഥരുടെ പോസ്റ്റിംഗ്, സ്ഥലംമാറ്റം, പ്രമോഷൻ എന്നിവ തീരുമാനിക്കാനുള്ള പൂർണ അവകാശം ആ സംസ്ഥാനത്തെ സർക്കാരിനുണ്ട്. ഐപിഎസ് ഉദ്യോഗസ്ഥർക്ക് എതിരെ ചെറിയ രീതിയിലുള്ള അച്ചടക്ക നടപടികൾ സ്വീകരിക്കാൻ സംസ്ഥാനങ്ങൾക്ക് അവകാശമുണ്ടെങ്കിലും അവരെ പിരിച്ചുവിടാനും പദവികളിൽനിന്ന് ഒഴിവാക്കാനും കേന്ദ്രത്തിന് മാത്രമെ അവകാശമുള്ളു.
നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻഐഎ)
നിയന്ത്രണം - കേന്ദ്ര ആഭ്യന്തര വകുപ്പ്
ആസ്ഥാനം - ന്യൂഡൽഹി
സ്ഥാപിതമായ വർഷം - 2009
ആദ്യ ഡയറക്ടർ ജനറൽ - രാധാ വിനോദ് രാജു
ഇപ്പോഴത്തെ ഡയറക്ടർ ജനറൽ - വൈ.സി. മോദി
* ഇന്ത്യയിലെ ഏക ദേശീയ കുറ്റാന്വേഷണ ഏജൻസി
* രാജ്യത്തിനകത്തെ ഭീകരവാദ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിക്കുകയാണ് പ്രധാന ലക്ഷ്യം.
* 2008ലെ മുംബൈ ഭീകരാക്രമണത്തെത്തുടർന്ന് രൂപീകൃതമായി.
* രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്നെന്നു തോന്നുന്ന ഏതു കേസും അന്വേഷിക്കാം.
* കേന്ദ്ര സർക്കാരിന്റെ നിർദേശ പ്രകാരം രാജ്യത്ത് എവിടെയും അന്വേഷണം നടത്താൻ അവകാശമുണ്ട്. സംസ്ഥാനങ്ങളുടെ പ്രത്യേക അനുവാദം ആവശ്യമില്ല
* ആവശ്യമെങ്കിൽ സംസ്ഥാനങ്ങൾക്ക് എൻഐഎയുടെ സേവനം ആവശ്യപ്പെടാം.
* എൻഐഎയിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള കേസുകളുടെ വിചാരണ കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരം രൂപീകൃതമായിട്ടുള്ള എൻഐഎ കോടതികളിലാണ് നടക്കുന്നത്.
സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ)
നിയന്ത്രണം - മിനിസ്ട്രി ഓഫ് പേഴ്സണൽ, പബ്ലിക് ഗ്രീവൻസെസ് ആൻഡ് പെൻഷൻസ്.
ആസ്ഥാനം - ന്യൂഡൽഹി
ആദ്യ ഡയറക്ടർ - സി.പി. കോഹ്ലി
ഇപ്പോഴത്തെ ഡയറക്ടർ ജനറൽ - ഋഷി കുമാർ ശുക്ല
* ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട അന്വേഷണ ഏജൻസി
* ഡിജിപി റാങ്കിലുള്ള മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായിരിക്കും ഡയറക്ടർ
* രണ്ടു വർഷമാണ് ഡയറക്ടറുടെ കാലാവധി
* 2013 ലെ ലോക്പാൽ ആൻഡ് ലോകായുക്ത നിയമപ്രകാരം നിയമിക്കുന്ന കമ്മിറ്റിയാണ് ഡയറക്ടറെ തെരഞ്ഞെടുക്കുന്നത്.
* ഈ തെരഞ്ഞെടുപ്പ് കമ്മിറ്റിയിൽ പ്രധാനമന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അഥവാ ചീഫ് ജസ്റ്റിസ് ശിപാർശ ചെയ്യുന്ന ഏതെങ്കിലുമൊരു സുപ്രീംകോടതി ജഡ്ജ് എന്നിവരുണ്ടായിരിക്കും.
* സുപ്രീംകോടതിയുടെയോ ഹൈക്കോടതികളുടെയോ നിർദേശപ്രകാരമോ സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരമോ സിബിഐക്ക് കേസുകൾ ചാർജ് ചെയ്ത് അന്വേഷണം ആരംഭിക്കാം.
* കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട ഇടപാടുകൾ, കേന്ദ്ര സർക്കാർ ജീവനക്കാരുമായി ബന്ധപ്പെട്ട കേസുകൾ, പൊതു മേഖലാ സ്ഥാപനങ്ങളോടും പൊതുമേഖലാ ബാങ്കുകളോടും ബന്ധപ്പെട്ട കേസുകൾ, വളരെ വ്യാപ്തമായ തട്ടിപ്പു കേസുകൾ, സംസ്ഥാനാന്തര കുറ്റകൃത്യങ്ങൾ, രാജ്യാന്തര കുറ്റകൃത്യങ്ങൾ എന്നിവ അന്വേഷിക്കാൻ സിബിഐയ്ക്ക് അനുവാദമുണ്ട്.
* കേസുകളുടെ വിചാരണയ്ക്ക് പ്രത്യേക സിബിഐ കോടതികൾ ഉണ്ടായിരിക്കും.
* സിബിഐയെ വിവരാവകാശ നിയമത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി)
നിയന്ത്രണം - കേന്ദ്ര ധനകാര്യ വകുപ്പിലെ റവന്യു വിഭാഗം
ആസ്ഥാനം - ന്യൂഡൽഹി
സ്ഥാപിതമായ വർഷം - 1956
ഇപ്പോഴത്തെ ഡയറക്ടർ ജനറൽ - സജ്ഞയ് കുമാർ മിശ്ര
* രാജ്യത്തെ സാന്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനും സാന്പത്തിക നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും നിയമിക്കപ്പെട്ടിട്ടുള്ള നിയമ പരിപാലക സംവിധാനം.
* ഇന്ത്യൻ റവന്യു സർവീസ്, ഇന്ത്യൻ പോലീസ് സർവീസ്, ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് എന്നീ വിഭാഗങ്ങളിൽനിന്നുള്ളവരാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ ഉദ്യോഗസ്ഥരായി എത്തുന്നത്.
* രാജ്യത്തെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസുകളാണ് ഇവർ പ്രധാനമായും അന്വേഷിക്കുന്നത്.
റിസർച്ച് ആൻഡ് അനലൈസിസ് വിംഗ് (റോ)
നിയന്ത്രണം -പ്രധാനമന്ത്രിയുടെ ഓഫീസ്
ആസ്ഥാനം - ന്യൂ ഡൽഹി
സ്ഥാപിതമായ വർഷം - 1968
ആദ്യ സെക്രട്ടറി - രാമേശ്വർ നാഥ് കാവോ
ഇപ്പോഴത്തെ സെക്രട്ടറി - അനിൽ കുമാർ ദസ്മാന
* ഇന്ത്യയിലെ വിദേശ രഹസ്യാന്വേഷണ ഏജൻസി
* ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്നതരത്തിലുള്ള മറ്റു രാജ്യങ്ങളിലെ രാഷ്ട്രീയ, സാന്പത്തിക, ശാസ്ത്ര, സൈനിക നീക്കങ്ങൾ നിരീക്ഷിക്കുക എന്നതാണ് റോയുടെ പ്രധാന ദൗത്യം.
* ആഗോള ഭീകരവാദം തടയുന്നതിനുള്ള പ്രവർത്തനങ്ങളിലും മുന്നിട്ടു നിൽക്കുന്നു.
* ഇന്ത്യയുടെ ആണവോർജ പരീക്ഷണങ്ങൾക്ക് സുരക്ഷയൊരുക്കുന്നതും അവ രഹസ്യമായി സൂക്ഷിക്കുന്നതുമൊക്കെ റോ ആണ്.
ഇന്റലിജൻസ് ബ്യൂറോ (ഐബി)
നിയന്ത്രണം-കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ആസ്ഥാനം- ന്യൂഡൽഹി
സ്ഥാപിതമായ വർഷം- 1887
ഇപ്പോഴത്തെ ഡയറക്ടർ- രാജീവ് ജയ്ൻ
* ഇന്ത്യയിലെ ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗം.
* ഇന്ത്യയ്ക്കുള്ളിൽ രഹസ്യാന്വേഷണങ്ങൾ നടത്തുന്ന ഏജൻസി
* ഐബിയുടെ പ്രവർത്തനം തികച്ചും രഹസ്യത്തിൽ ആയിരിക്കും.
ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്
നിയന്ത്രണം: ധനകാര്യ വകുപ്പിലെ സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് വിഭാഗം
ആസ്ഥാനം: ന്യൂഡൽഹി
ഇപ്പോഴത്തെ ഡയറക്ടർ ജനറൽ: ഡെബി പ്രസാദ് ദാസ്
* രാജ്യത്തെ കള്ളക്കടത്തുകൾ തടയുകയാണ് പ്രധാന ദൗത്യം.
ഇന്ത്യയുടെ റോ പോലെ മിക്കരാജ്യങ്ങൾക്കും വിദേശ രഹസ്യാന്വേഷണ ഏജൻസികളുണ്ട്.
അവയിൽ പ്രധാനപ്പെട്ടവ ഏതൊക്കെയാണെന്ന് നോക്കാം.
* പാക്കിസ്ഥാൻ - ഐഎസ്ഐ- ഇന്റർ സർവീസ് ഇന്റലിജൻസ്
* ഇസ്രയേൽ-മൊസാദ്
* അമേരിക്ക -സിഐഎ- സെൻട്രൽ ഇന്റലിജൻസ് ഏജൻസി
* യുകെ- എംഐ6- മിലിറ്ററി ഇന്റലിജൻസ് സെക്ഷൻ 6
* റഷ്യ- ഗ്രു
* ചൈന- എംഎസ്എസ്- മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി
* ജർമനി- ബിഎൻഡി
* ഫ്രാൻസ്-ഡിജിഎസ്ഇ- ജനറൽ ഡയറക്ടററ്റ് ഫോർ എക്സ്റ്റേണൽ സെക്യൂരിറ്റി
* ഓസ്ട്രേലിയ- എഎസ്ഐഎസ്- ഓസ്ട്രേലിയൻ സീക്രട്ട് ഇന്റലിജൻസ് സർവീസ്
ആരാണ് ഈ ഇന്റർപോൾ
കുറ്റാന്വേഷണ രംഗത്ത് അന്താരാഷ്ട്ര സഹകരണം ഉറപ്പാക്കാനായി സ്ഥാപിതമായ വിവിധ രാജ്യങ്ങളുടെ പോലീസ് സംഘടനകളുടെ കൂട്ടായ്മയാണ് ഇന്റർപോൾ. ദി ഇന്റർനാഷണൽ ക്രിമിനൽ പോലീസ് ഓർഗനൈസേഷൻ (The International Criminal Police Organisation) എന്നാണതിന്റെ മുഴുവൻ പേര്. 188 രാജ്യങ്ങൾ ഈ സംഘടനയിൽ അംഗമാണ്. വിയന്ന ആസ്ഥാനമാക്കി 1923ലാണ് ഈ സംഘടന നിലവിൽ വന്നത്. ഇപ്പോൾ ഫ്രാൻസിലെ ലയോണ് ആണ് ആസ്ഥാനം. ഇന്റർപോളിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് സിബിഐ ആണ്.
കേരളാ പോലീസ്
നമ്മുടെ സംസ്ഥാനത്തെ ക്രമസമാധാന പരിപാലനത്തിനായി ഇവിടത്തെ സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന സേനയാണ് കേരളാ പോലീസ്. സംസ്ഥാന തലത്തിലാണ് സേനയിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. ഡയറക്ടർ ജനറൽ ഓഫ് പോലീസ്(ഡിജിപി) റാങ്കിലുള്ള മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായിരിക്കും സംസ്ഥാന പോലീസ് സേനയെ നയിക്കുക. സംസ്ഥാന ആഭ്യന്തര വകുപ്പിന് കീഴിലായിരിക്കും പ്രവർത്തനം.
ആസ്ഥാനം: തിരുവനന്തപുരം
ഇപ്പോഴത്തെ പോലീസ് മേധാവി: ലോക്നാഥ് ബെഹ്റ
ആപ്ത വാക്യം: മൃദു ഭാവെ, ദൃഢ കൃത്യെ ( മൃദുവായ പെരുമാറ്റം, ദൃഢമായ കൃത്യനിർവഹണം)
സ്ഥാപിതമായ വർഷം: 1956 നവംബർ 1
പ്രവർത്തന കാര്യക്ഷമത ഉറപ്പാക്കുന്നതിനായി കേരള പോലീസിനെ പല വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
1. ക്രൈം ബ്രാഞ്ച് ക്രിമിനൽ ഇന്റലിജൻസ് ഡിപ്പാർട്ട്മെന്റ് (എസ്ബിസിഐഡി)
ഒന്നിൽ കൂടുതൽ ജില്ലകളിലേക്ക് വ്യാപിച്ചിട്ടുള്ള കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നു. പ്രമാദമായ കേസുകൾ വരുന്പോൾ കോടതിയോ സർക്കാരോ ആയിരിക്കും ഇവരെ കേസ് ഏൽപ്പിക്കുക. ക്രൈം ബ്രാഞ്ചിന് പ്രധാനമായും മൂന്ന് ഉപ ശാഖകളുണ്ട്. ഹർട്ട് ആൻഡ് ഹോമിസൈഡ് വിംഗ്, ഓർഗനൈസ്ഡ് ക്രൈം വിംഗ്, ഇക്കണോമിക് ഒഫൻസ് വിംഗ് എന്നിവയാണ് അവ.
സൈബർ ക്രൈം പോലീസ് സ്റ്റേഷനുകൾ, ഹൈ ടെക് ക്രൈം അന്വേഷണ വിഭാഗം, ആന്റി പൈറസി സെൽ, സ്പെഷൽ ടെംപിൾ ആന്റി സ്ക്വാഡ്, ഇന്റേണൽ സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻ ടീം എന്നിവയും ക്രൈം ബ്രാഞ്ചിന് കീഴിൽ വരുന്നു.
2. സ്പെഷൽ ബ്രാഞ്ച് ക്രിമിനൽ ഇന്റലിജൻസ് ഡിപ്പാർട്ട്മെന്റ് (എസ്ബിസിഐഡി)
അഡീഷണൽ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും തലവൻ. ഇദ്ദേഹത്തെ സഹായിക്കാൻ ഒരു ഐജിയും രണ്ട് ഡിഐജിമാരും ഉണ്ടായിരിക്കും.
സ്പെഷൽ ബ്രാഞ്ചിന് ഇന്റലിജൻസ്, സെക്യൂരിറ്റി എന്നീ രണ്ടു വിഭാഗങ്ങളുണ്ട്. ഇന്റലിജൻസ് വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ രഹസ്യ സ്വഭാവമുള്ളതാണ്. സംസ്ഥാന പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗമാണിത്. രാജ്യദ്രോഹ കുറ്റങ്ങളും തീവ്രവാദ സ്വഭാവമുള്ള കേസുകളും ഇവർ അന്വേഷിക്കും.
സംസ്ഥാനത്തെ പ്രമുഖ വ്യക്തികളുടെ സുരക്ഷാ ചുമതലയാണ് സെക്യൂരിറ്റി വിഭാഗത്തിനുള്ളത്. ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ് സെക്യൂരിറ്റി വിഭാഗത്തിന് കീഴിൽ വരുന്നു. സെക്യൂരിറ്റി വിഭാഗത്തിലെ ഹോംലാൻഡ് സെക്യൂരിറ്റി ഡിവിഷനാണ് വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, അതിർത്തികൾ എന്നിവിടങ്ങളിലെ സുരക്ഷ ഉറപ്പാക്കുന്നത്.
3. സായുധ സേന
ക്രമസമാധാന പരിപാലനത്തിന് ജില്ലാ പോലീസിന്റെ ഫോഴ്സിന് കഴിയാതെ വരുന്പോൾ ആശ്രയിക്കുന്ന വിഭാഗമാണ് സായുധ പോലീസ്. ഇവർക്ക് കേസ് അന്വേഷണങ്ങൾ നടത്താൻ അനുവാദമില്ല. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ 10 ബറ്റാലിയനുകളിലായി 6,775 പോലീസുകാർ സായുധ പോലീസ് സേനയിലുണ്ട്.
4. സ്പെഷലൈസ്ഡ് വിംഗ്സ്
ഫോറൻസിക് ഡിവിഷൻ, വുമൻ സെൽ, വാച്ച് ആൻഡ് വാർഡ്, ട്രാഫിക് പോലീസ്, ഹൈവേ പോലീസ്, കോസ്റ്റൽ പോലീസ്, ടെംപിൾ പോലീസ്, ടൂറിസം പോലീസ്, മൗണ്ടഡ് പോലീസ്, പോലീസ് ബാൻഡ്, ഡോഗ് സ്ക്വാഡ് എന്നിവയാണ് കേരള പോലീസിലെ സ്പെഷലൈസ്ഡ് വിഭാഗങ്ങൾ.
കേരള പോലീസിൽ സിവിൽ പോലീസ് ഓഫീസർ (സിപിഒ) മുതൽ ഡിജിപി വരെയാണ് റാങ്കുകൾ.
* സംസ്ഥാന പോലീസ് മേധാവി അഥവാ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി)
* അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജിപി)
* ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (ഐജി)
* ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (ഡിഐജി)
* ജില്ലാ പോലീസ് മേധാവി അഥവാ സൂപ്രണ്ട് ഓഫ് പോലീസ് (എസ്പി)
* അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് (എഎസ്പി)/ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (ഡിവൈഎസ്പി)
* സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ് (സിഐ)
* സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (എസ്ഐ)
* അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (എഎസ്ഐ)
* സീനിയർ സിവിൽ പോലീസ് ഓഫീസർ(എസ്സിപിഒ)
* സിവിൽ പോലീസ് ഓഫീസർ(സിപിഒ)
കൂടാതെ 2006 മുതൽ 16 വർഷം സർവീസ് പൂർത്തിയാക്കിയ സിവിൽ പോലീസ് ഓഫീസർമാർക്ക് ഗ്രേഡ് സീനിയർ സിവിൽ പോലീസ് ഓഫീസർ റാങ്ക് നല്കാനും 23 വർഷം സർവീസ് പൂർത്തിയാക്കിയ സീനിയർ സിവിൽ പോലീസ് ഓഫീസർമാർക്ക് ഗ്രേഡ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ റാങ്ക് നല്കാനും 2010 മുതൽ 28 വർഷം സർവീസ് പൂർത്തിയാക്കിയ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാർക്ക് ഗ്രേഡ് സബ് ഇൻസ്പെക്ടർ റാങ്ക് നല്കാനും സർക്കാർ തീരുമാനം എടുത്തു. ഇവർ ഹോണററി ഗ്രേഡ് ലഭിക്കുന്പോഴുള്ള റാങ്കിന്റെ ചുമതലകളും ഉത്തരവാദിത്തങ്ങളുമായിരിക്കും തുടർന്നും വഹിക്കുക.
റോസ് മേരി ജോൺ