കുറച്ച് ഫിസിക്സും കെമിസ്ട്രിയും ബയോളജിയും പഠിക്കുക എന്നാണ് സയന്‍സ് പഠനത്തെക്കുറിച്ചുള്ള പൊതുധാരണ. ഇത് പ്രാഥമികപഠനം മാത്രമായിരിക്കുകയും ശാഖോപശാഖകളായി പിരിഞ്ഞ് വ്യാവസായികപരവും അക്കാഡമികവുമായ പല അനുശാസ്ത്രങ്ങളില് എത്തുകയും ഇവയില്‍ പ്രാവീണ്യം നേടിയവര്‍ വമ്പന്‍ ജോലി സാധ്യതകളിലേക്ക് വഴിതെളിക്കുന്ന പ്രായോഗിക മേഖലകളില്‍ എത്തപ്പെടുന്നത് ആരും അറിയുന്നില്ല.
സയന്‍സ് എന്നാല്‍ മെഡിക്കല്‍ അല്ലെങ്കില്‍ എൻജിനിയറിംഗ് എന്നാണ് പലരും ധരിച്ചു വച്ചിരിക്കുന്നത്. എന്‍ട്രന്‍സ് പരീക്ഷകള്‍ മാത്രമാണ് വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യം എന്ന് വിശ്വസിക്കുന്ന മാതാപിതാക്കള്‍ക്ക് ലോകം ഏതുവഴി തിരിയുന്നു എന്ന് ഒട്ടും പിടിയില്ല.
കാലം മാറി നമ്മള് ആഗോള പൗരന്മാരായി
ടെക്നോളജിയില്‍ പ്രാവീണ്യം നേടുന്നവരുടെ ലോകമാണ് വരാന്‍ പോകുന്നത് എന്ന് യുവാല്‍ നോവാ ഹരാരി പറയുന്നു. ശാസ്ത്രവും സാങ്കേതികതയും ഇന്ന് രണ്ടല്ല, അവ ഒന്നിച്ചു ചേര്‍ന്ന് ലോകനിര്‍മിതിയില്‍ മാറ്റങ്ങള്‍ വരുത്തുമ്പോള്‍ ജോലിസാധ്യതയുടെ സീമകള്‍ വിസ്തൃതമാകുന്നു. ക്വാണ്ടം കംപ്യൂട്ടറുകളുടെ കാലം വരുകയാണ്. റോബോട്ടുകളുടെ കാലം വന്നുകഴിഞ്ഞു. അതനുസരിച്ച് ജോലിസാധ്യതകള്‍ മാറിമറിയാന്‍ പോവുകയാണ്.
മെഡിക്കല്‍, എന്‍ജിനിയറിംഗ് ജോലികളൊക്കെ റോബോട്ടുകള്‍ ചെയ്യുന്ന കാലമാണ് ഇനി വരാനിരിക്കുന്നത്. അവയെ നിയന്ത്രിക്കുന്ന ജോലിയാണ് ഇനിയുണ്ടാവുക. ബയോളജിയും കെമിസ്ട്രിയുമൊക്കെ സമൂഹചര്യകളുടെ നടത്തിപ്പിനോ നിയന്ത്രണത്തിനോ ഉപയോഗിക്കപ്പെടുന്ന സാങ്കേതികതകളുടെ അടിസ്ഥാനം മാത്രമേ ആകുന്നുള്ളൂ എന്നത് തിരിച്ചറിവാകണം.
ഉദാഹരണത്തിന് കാര്‍ഷികമേഖല ഇന്ന് ടെക്നോളജി അധിഷ്ഠിതമായിക്കഴിഞ്ഞു. അഗ്രിക്കള്‍ച്ചര്‍ സയന്റിസ്റ്റ് എന്ന പൊതുപേരില്‍ നിരവധി ഉപശാഖകള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. പ്രാണിശല്യം ഒഴിവാക്കുന്നതും കളകള്‍ നശിപ്പിക്കുന്നതും ഇന്ന് ടെക്നോളജിസ്റ്റുകളുടെ ജോലിയാണ്. അതിന് ശാസ്ത്രാഭിരുചിയുള്ളവരെ തേടുന്നു.
ഇന്റര്‍നെറ്റിന്റെ വരവോടെ ആഗോളപൗരന്മാരായിക്കഴിഞ്ഞ ഇന്ത്യക്കാര്‍ക്ക് പുറംരാജ്യങ്ങളില്‍ എത്തപ്പെടുക എന്നത് പണ്ടത്തെപ്പോലെ ദുര്‍ഘടമായ പ്രവൃത്തിയല്ലാതായിരിക്കുന്നു. മറുനാടുകളില്‍ ജോലി തേടുക എന്നത് അത്ര പ്രയാസമേറിയ കാര്യമല്ല ഇന്ന്. മള്‍ട്ടി നാഷണല്‍ കമ്പനികള്‍ എല്ലാ രാജ്യങ്ങളിലും വേരുറപ്പിച്ചുകഴിഞ്ഞു.
അതത് രാജ്യങ്ങളിലെ തൊഴില്‍സാധ്യതകളുമായി മല്ലിട്ട് ജോലി നേടുക എന്നത് എളുപ്പമല്ല. പക്ഷേ, ഇത്തരം കമ്പനികള്‍ നമ്മെ ആ രാജ്യങ്ങളിലൊക്കെ അയച്ചെന്നിരിക്കും. ചൈന പോലെ നമുക്ക് അപ്രാപ്യമായിരുന്ന രാജ്യങ്ങളിലും ഇന്ന് വിദേശജോലിക്കാര്‍ ധാരാളമാണ്.
സാധ്യതകള്‍ ഏറെ, അവസരങ്ങളും
ശാസ്ത്രത്തില്‍ ജോലിസാധ്യതകളെക്കുറിച്ച് ഇന്റര്‍നെറ്റില്‍ നോക്കിയാല്‍ ഏറെ ഒഴിവുകള്‍ കാണാം. ഇംഗ്ലീഷിലുള്ള പ്രാവീണ്യവും ശാസ്ത്രവിഷയങ്ങള്‍ പഠിച്ചെടുക്കാനുള്ള ഏറിയ കഴിവുകളും ഇന്ത്യക്കാരെ ഇത്തരം ജോലികൾ നേടാൻ പ്രാപ്തരാക്കുന്നു.
പ്രാഥമിക/അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ ബിഎസ്സി പാസാകാന്‍ വിമുഖത കാണിക്കേണ്ടതില്ല . അതുകഴിഞ്ഞ് സാങ്കേതികതയുമായി ബന്ധപ്പെടുത്തിയ ഏതെങ്കിലും വിഷയത്തില്‍ ഉപരിപഠനം നടത്താവുന്നതാണ്. നമ്മളെ സ്വീകരിക്കുന്ന യൂണിവേഴ്സിറ്റികളില്‍-ഏതുരാജ്യത്തെ ആണെങ്കിലും - പ്രവേശനം കിട്ടാന്‍ ശ്രമിച്ചാല്‍തന്നെ ആദ്യത്തെ കടമ്പ കടന്നുകിട്ടി. എന്‍ട്രന്‍സ് കോച്ചിംഗിന് ചെലവാക്കുന്ന പണത്തിന്റെ ഒരു ചെറിയ ശതമാനം മാത്രമേ ഇതിന് വേണ്ടിവരൂ.
പ്രാഥമികമായ ഇത്തരം പഠനങ്ങള്‍ ക്കൊപ്പമോ അതുകഴിഞ്ഞോ മാനേജ്മെന്റ്, ബിസിനസ് അഡ്മിനിസ്ട്രേഷന് എന്നിവയുമായി ബന്ധപ്പെട്ട കോഴ്സുകള്‍ പഠിക്കുന്നതും ജോലിസാധ്യത വര്‍ധിപ്പിക്കും. ഒരു മുഴുവൻ ഡിഗ്രി ആവശ്യം വന്നേക്കില്ല ഇവയില്‍.
ഉദാഹരണത്തിന് അഗ്രിബിസിനസുമായി ബന്ധപ്പെട്ട ഇന്ഡസ്ട്രികളില് അഗ്രികള്‍ച്ചര്‍ ഡിഗ്രിയോടൊപ്പം ഈ അനുബന്ധവിഷയങ്ങളില്‍ ഡിപ്ലോമ നേടിയാല്‍ മെച്ചപ്പെട്ട ജോലിയിലായിരിക്കും നിങ്ങളെ കാത്തിരിക്കുക.
സാധാരണ പഠനവിഷയങ്ങളില്‍ നിന്ന് ഏറെ മാറിയിരിക്കുന്നു ഇന്നത്തെ തൊഴില്സാധ്യതാപഠനവിഷയങ്ങള്. ഒരു പ്രധാന വിഷയത്തിന്റെ പല ശാഖകളാണിന്ന് പഠിച്ചെടുക്കേണ്ടത്. ജോലി സാധ്യതയാണ് ഇവയിൽ പ്രാവീണ്യം നേടാന്‍ പ്രേരിപ്പിക്കുന്നത്. Industrial Biotechnol ogy, Biofuel Technology, Biotechno logy Management ഒക്കെ ഉദ്യോഗാര്‍ഥികളെ തേടുന്ന ഇന്ഡസ്ട്രിയിലെ വിഷയങ്ങളാണ്.
അതുപോലെ Genetic Counselingന് ഇന്ന് വമ്പന്‍ മാര്‍ക്കറ്റാണുള്ളത്. പല യൂണിവേഴ്സിറ്റികളും ഊര്‍ജസ്വലതയോടെ ഇതൊക്കെ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തുന്നു. ഈയിടെ. Neurobi ology, Neuro genetics ഗവേഷണങ്ങള്‍ക്ക് ഫണ്ടിംഗ് ധാരാളമുണ്ട്.
സൈക്കോളജിയും സൈക്ക്യാട്രിയും ഇന്ന് ആധുനിക ന്യൂറോസയന്‍സിന്റെ വളർച്ചയ്ക്കനുസരിച്ച് മാറിക്കഴിഞ്ഞു. അതുകൊണ്ട് ന്യൂറോസയന്‍സ് പഠിച്ചവരെ ഇന്ന് ആവശ്യമായി വരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ സയന്‍സ് വിഷയങ്ങള്‍ പഠിച്ചാല്‍ ലോകത്തെവിടെയും തൊഴില്‍സാധ്യതകള്‍ ഏറെയാണ്.
കേരളത്തിലെ പ്രധാന സയന്‍സ് പഠന കേന്ദ്രങ്ങള്‍
1. Indian Institute of Technology, Palakkad (www.iitpkd.ac.in)
2. National Institute of Technology, Calicut (www.nitc.ac.in)
3. Indian Institute of Information Technology, Kottayam. (www.iiitkottayam.ac.in)
4. Sree Chitra Tirunal Institute for Medical Sciences and Technology (SCTIMST), Thiruvananthapuram. (www.sctimst.ac.in)
5. Indian Institute of Science Education and Research Thiruvan anthapuram (IISER TVM). (www.iise rtvm.ac.in)
6. Cochin University of Science and Technology, Kochi. (www.cusat.ac.in)
7. Kerala University of Digital Sciences, Innovation and Technology (Digital University of Kerala), Thiru vananthapuram. (www.du k.ac.in)
8. Indian Institute of Science Education and Research, Thiruv ananthapuram. (www. https://ww w.iisertvm.ac.in)
ജലീഷ് പീറ്റർ
9447123075