അന്താരാഷ്ട്ര നിലവാരത്തിലുള്ള ശാസ്ത്രവിദ്യാഭ്യാസവും ഗവേഷണവും നടത്തുന്നതിനുള്ള സ്ഥാപനമാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (ഐസർ). ബിരുദതലത്തിലുള്ള വിദ്യാഭ്യാസത്തെ ഗവേഷണവുമായി ബന്ധപ്പെടുത്തി ശാസ്ത്ര ഗവേഷണത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണ് ഐസറുകളുടെ ലക്ഷ്യം. ഉന്നത നിലവാരത്തിലുള്ള അടിസ്ഥാന ശാസ്ത്ര ഗവേഷണമാണ് ഈ ഇൻസ്റ്റിറ്റ്യൂട്ടുകൾ ലക്ഷ്യമാക്കുന്നത്. 2006ലാണ് ആദ്യ ഇൻസ്റ്റിറ്റ്യൂട്ട് പൂനയിൽ ആരംഭിക്കുന്നത്. തുടർന്നു തിരുവനന്തപുരത്ത് ഉൾപ്പടെ ഐസറുകൾ ആരംഭിച്ചു. 2016ൽ ഒറീസയിലെ ബ്രഹംപൂരിലും ആരംഭിച്ചു.
ഈ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പ്ലസ്ടു പാസായ വിദ്യാർഥികളെ ബിഎസ്എംഎസ്. എന്ന ഇരട്ട ഡിഗ്രി നൽകുന്ന കോഴ്സുകളിലേക്ക് പ്രവേശിപ്പിക്കുന്നു. അഞ്ചുവർഷമാണ് ഈ കോഴ്സ് പൂർത്തിയാക്കുവാൻ വേണ്ടത്.
മൂന്നു വഴികൾ
ഈ കോഴ്സുകളിലേക്ക് മൂന്നു വിധത്തിലാണ് പ്രവേശനം നൽകുന്നത്. 1. കിശോർ വിജ്ഞാൻ പ്രോത്സാഹൻ യോജന (കെവിപിവൈ) പരീക്ഷ പാസാകുന്നവർ.2. ഐഐടി അഡ്മിഷനുള്ള ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (അഡ്വാൻസ്ഡ്) പാസാകുന്നവർ. 3. കേന്ദ്ര, സംസ്ഥാന ബോർഡുകളുടെ (സ്റ്റേറ്റ്, സെൻട്രൽ ബോർഡ്) പ്ലസ് ടു പരീക്ഷ പാസാകുന്ന ആദ്യത്തെ 20 ശതമാനം വിദ്യാർഥികൾ. ഇവർക്ക് പ്രത്യേകമായി പ്രവേശന പരീക്ഷ നടത്തുന്നു. ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നടത്തുന്നു. ഇതു മേയ് 31നാണ്. ഗണിതം, ഉൗർജതന്ത്രം, രസതന്ത്രം, ജൈവശാസ്ത്രം എന്നിവ ചേർത്താണ് ഈ പരീക്ഷ നടത്തുന്നത്. പൂർണമായും കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ്. ഇങ്ങനെ പ്രവേശിപ്പിക്കുന്ന വിദ്യാർഥികൾക്ക് കെവിപിവൈയുടേയും ഇൻസ്പയറിന്റെയും സ്കോളർഷിപ്പുകൾ നൽകുന്നുണ്ട്.
ഐസറിലേക്കുള്ള അഡ്മിഷന് ഓൺലൈനായി അപേക്ഷിക്കണം. ഇതിനുള്ള വെബ്സൈറ്റ് 23 മുതൽ സജ്ജമാകും. 2019ൽ പ്ലസ്ടു പാസായവർക്കും, 2020ൽ പ്ലസ്ടു പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. കെവിപിവൈ സ്കോളർഷിപ്പുകാർക്ക് ഏപ്രിൽ 24 മുതലും ജെഇഇ-അഡ്വാൻസ്ഡ് റാങ്ക് ലിസ്റ്റിൽപ്പെട്ടവരെ ജൂൺ ഒന്നു മുതലും അപേക്ഷിക്കാം.
ഇരട്ട ബിരുദം
ഈ കോഴ്സിൽ ഗണിതം , ഉൗർജതന്ത്രം , രസതന്ത്രം , ജൈവശാസ്ത്രം എന്നിവ കൂടാതെ ഇന്റർ ഡിസിപ്ലിനറിയായ വിഷയങ്ങളും പഠിപ്പിക്കുന്നു. ആദ്യത്തെ രണ്ടു വർഷം ഈ വിഷയങ്ങൾ എല്ലാം തന്നെ പഠിക്കണം. മൂന്നാമത്തെ വർഷം മുതലാണ് ഈ നാലു വിഷയങ്ങളിൽ ഏതെങ്കിലും ഒന്ന് മേജർ വിഷയമായി തെരഞ്ഞെടുക്കുന്നത്. ആ വിഷയങ്ങളായിരിക്കും കോർ കോഴ്സുകളായി മൂന്നും നാലും വർഷങ്ങളിൽ പഠിപ്പിക്കുന്നത്. അതു കൂടാതെ മറ്റു വിഷയങ്ങളിലെ കോഴ്സുകളിൽ കുറെയും തെരഞ്ഞെടുത്ത് പഠിക്കാം. അഞ്ചാമത്തെ വർഷം മുഴുവൻസമയവും ഗവേഷണമാണ്. മേജർ വിഷയത്തിലെ ഏതെങ്കിലും ഒരു കാര്യത്തിൽ ഗവേഷണം നടത്തുകയും പ്രബന്ധം നൽകുകയും ചെയ്യണം. ആദ്യത്തെ രണ്ടു വർഷങ്ങളിൽ നാലു വിഷയങ്ങളും പഠിക്കുന്നത് ഗവേഷണത്തെ വളരെയധികം സഹായിക്കുന്നു. ഇന്റർ ഡിസിപ്ലിനറി വിഷയങ്ങളിലെ പഠനം ഗവേഷണം എളുപ്പമായി വരുന്നു. ഐസറിലെ പഠനം ഒരു നല്ല ഗവേഷകനായി മാറാൻ വിദ്യാർഥികളെ സഹായിക്കും.
പിഎച്ച്ഡിക്കും പ്രവേശനം
ഇന്റഗ്രേറ്റഡ് പിഎച്ച്ഡി. പ്രോഗ്രാമിനും ഐസറിൽ പ്രവേശനം നൽകുന്നുണ്ട്. ബിഎസ്സി പാസായവർക്കും ബിടെക് പാസായവർക്കും ഇങ്ങനെ ഐസറിൽ ചേരാം. അവർക്ക് എംഎസ്. ബിരുദവും തുടർന്ന് പിഎച്ച്ഡിയും നേടാൻ സാധിക്കും.
സാധാരണ പിഎച്ച്ഡി പ്രോഗ്രാമും ഇവിടെ ഉണ്ട്. സിഎസ്ഐആർ, നെറ്റ് പരീക്ഷ പാസായവരും ഗേറ്റ് പാസായവരും ഇതിന് യോഗ്യരാണ്. കൂടാതെ ജെസ്റ്റ് (JEST) പാസായ എംഎസ്്സികാർക്കും, പിഎച്ച്ഡിക്കു ചേരാം. പിഎച്ച്ഡിക്കു കോഴ്സ്വർക്ക് നിർബന്ധമാണ്.
ഐസറിലെ എല്ലാ കോഴ്സുകളിൽ ചേരുന്നവരും നിർബന്ധമായി ഐസറിൽ തന്നെ താമസിക്കണം എന്ന് നിർബന്ധമുണ്ട്. 24 മണിക്കൂറും പഠനവുമായി ബന്ധപ്പെടുന്നതിനാലാണ് ഈ നിയമം. ഒഴിവുകാലത്ത് ഐസറിൽ തന്നെയോ മറ്റേതെങ്കിലും ഗവേഷണ സ്ഥാപനത്തിലോ പ്രോജക്ടുകൾ ചെയ്യാം. മൂന്നാം കൊല്ലം ആകുന്പോഴേ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്ന വിദ്യാർഥികളും ഉണ്ട് എന്നതാണ് ഐസറിന്റെ പ്രത്യേകത. ഇതുവരെ ഐസറിൽ പഠിച്ചിറങ്ങിയവരിൽ ഭൂരിഭാഗവും ഗവേഷകരായി ഈ ഇൻസ്റ്റിറ്റ്യൂട്ടുകളിലും ഇന്ത്യയിലേയും വിദേശത്തേയും സ്ഥാപനങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. മറ്റു ചിലർ അധ്യാപകരായും പ്രവർത്തി ക്കുന്നു. കുറച്ചു വർഷങ്ങൾ കഴിയുന്പോൾ ഇവരുടെ പ്രവർത്തനങ്ങൾ ഇന്ത്യയുടെ അഭിമാനമായിത്തീരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.