പുര കത്തുമ്പോൾ പുസ്തക വായന!; സ്ത്രീയുടെ വീഡിയോ വൈറല്‍
Sunday, May 9, 2021 8:21 AM IST
പുര കത്തുമ്പോൾ വാഴവെട്ടുക എന്നൊരു പഴഞ്ചൊല്ല് മലയാളികള്‍ക്ക് പരിചിതമാണ്. എന്നാല്‍ അമേരിക്കാർക്ക് ഇപ്പോള്‍ പുതിയൊരു ചെല്ലാണ് പരിചയം. പുര കത്തുമ്പോൾ പുസ്തകം വായിക്കുക എന്നതാണ് ആ ചൊല്ല്.
അമേരിക്കയിലെ മേരിലാൻഡിലാണ് സംഭവം. 47 കാരിയായ ഗെയില്‍ മെറ്റ് വാലിയാണ് താമസിക്കുന്ന വീടിന് തീയിട്ടത്. ഏപ്രിൽ 29 നാണ് സംഭവം. മെറ്റ്വാലി വീടിന് തീ വയ്ക്കുന്നതു മുതല്‍ മുറ്റത്തുള്ള പുൽത്തകിടിയിൽ കസേരയിലിരുന്ന് പുസ്തകം വായിക്കുന്നതുവരെയുള്ള രംഗങ്ങള്‍ സമീപത്തുണ്ടായിരുന്ന ഒരാൾ കാമറയിൽ പകർത്തുകയായിരുന്നു.
തീ പടർന്നതോടെ താഴത്തെ നിലയിൽ നിന്നും മറ്റൊരു സ്ത്രീയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് വീഡിയോ പകർത്തിയ വ്യക്തിയും സമീപവാസികളും ഓടിയെത്തി അവരെ രക്ഷിക്കുകയായിരുന്നു. സംഭവത്തിനു മുൻപായി മെറ്റ്വാലി മറ്റൊരാളുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിനുശേഷമായിരുന്നു സാധനങ്ങൾക്കായി തീ വച്ചത്.
ഇവർ സുഹൃത്തുമായി ഈ വീട്ടിലെ ഒരു മുറി വാടകയ്ക്കെടുത്ത് താമസിക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. മറ്റ് മൂന്നു പേർ കൂടി ഈ വീട്ടിൽ താമസിക്കുന്നുണ്ടായിരുന്നു. എന്നാൽ സംഭവം നടക്കുന്പോൾ ഇവർ പുറത്തു പോയിരിക്കുകയായിരുന്നു.