ഭീകരവാദത്തിന്റെ അഗ്നിപരീക്ഷ മനക്കരുത്താൽ വിജയിച്ചവൾ; യുഎൻ പ്രദർശനത്തിലെ "ഇന്ത്യൻ നിധി'
വെബ് ഡെസ്ക്
Friday, August 18, 2023 3:44 PM IST
കലിതുള്ളി വരുന്ന വിധിയെ പോലും വിറപ്പിക്കുന്ന ചില മനുഷ്യരുണ്ട്. മരണത്തെ മുഖാമുഖം കണ്ടപ്പോഴും നെല്ലിട പതറാതെ മനശക്തി എന്ന ആയുധംകൊണ്ട് പോരാടി ജീവിതത്തിലേക്ക് ജയിച്ചുകയറിയവർ. തളരുന്നുവെന്ന് തോന്നുന്നവരുടെയുള്ളിൽ ആത്മവിശ്വാസത്തിന്റെ പ്രളയാഗ്നി പടർത്തുന്നവർ. തോറ്റുകൊടുക്കരുതെന്ന് മനസിനോട് പറയാൻ പ്രേരിപ്പിക്കുന്നവർ.
അത്തരത്തിൽ ഭീകരവാദമെന്ന വിപത്തിന്റെ പ്രഹരത്തിൽ നിന്നും ഉയർത്തെഴുന്നേറ്റ ഒരുപറ്റം ആളുകളെക്കുറിച്ച് വിശദീകരിക്കുന്ന പ്രദർശനം യുഎസിൽ നടക്കുകയാണ്. ന്യൂയോർക്കിലെ യുണൈറ്റഡ് നേഷൻസിന്റെ ആസ്ഥാനത്ത് യുഎൻ ഓഫീസ് ഓഫ് കൗണ്ടർ ടെററിസത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന "മെമ്മറീസ്' എന്ന പ്രദർശനത്തിൽ ഇന്ത്യയ്ക്കും അഭിമാനിക്കാവുന്ന ഒരു പേരുണ്ട്.
നിധി ഛപേക്കർ എന്ന പഞ്ചാബ് സ്വദേശിനിയുടെ അതിജീവനത്തിന്റെ കഥ മെമ്മറീസിലൂടെ ലോകം മുഴുവൻ ഒന്നുകൂടി ഓർക്കുകയാണ്. ഭീകരാക്രമണത്തിന് ഇരയായിട്ടും ജീവിതം തിരികെപിടിച്ചവരെ ആദരിക്കുന്നതിനുള്ള പ്രത്യേക ദിനത്തിന്റെ ഭാഗമായാണ് പ്രദർശനം.
2017 മുതൽ എല്ലാ ഓഗസ്റ്റ് 21നും യുഎൻ ഇത് ആചരിച്ച് വരികയാണ്. കഴിഞ്ഞ മാസം 20ന് ആരംഭിച്ച പ്രദർശനം സെപ്റ്റംബർ ഒന്നിന് അവസാനിക്കും. ഭീകരാക്രമണത്തിന്റെ തിരിച്ചടികളിൽ നിന്നും സ്വയം ഉയർന്നുവന്നവരുടെ വിവരങ്ങളും ചിത്രങ്ങളുമാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനു പുറമേ ഇവരുടെ വിശദമായ കഥയറിയാൻ ക്യു ആർ കോഡും നൽകിയിരിക്കുന്നു.
ദൈവം തിരികെ തന്ന നിധി
2016 മാർച്ച് 22 ബെൽജിയത്തിന്റെ തലസ്ഥാനമായ ബ്രസൽസിലെ വിമാനത്താവളത്തിലും മാൽബീക്ക് മെട്രോ സ്റ്റേഷനിലും ചാവേർ ബോംബ് സ്ഫോടനം നടന്നു. മൂന്ന് ചാവേറുകളടക്കം 35 പേരാണ് ആക്രമണത്തിൽ മരിച്ചത്. മൂന്നൂറിലധികം ആളുകൾക്ക് ഗുരുതര പരുക്കേറ്റു. അന്ന് ജെറ്റ് എയർവേസിലെ ഫ്ലൈറ്റ് അറ്റണ്ടന്റായ നിധി എന്ന ഇന്ത്യക്കാരി തലനാരിഴയ്ക്കാണ് മരണത്തിൽ നിന്നും രക്ഷപെട്ടത്.
25 ശതമാനത്തിലേറെ പൊള്ളൽ, കർണപടം ഭൂരിഭാഗവും തകർന്നു, വലതു കാൽപത്തിയിലെ എല്ലുകൾ പൂർണമായും തകർന്നു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ ശ്രമിക്കുമ്പോഴാണ് നിധി അക്കാര്യം മനസിലാക്കിയത്, തനിക്ക് എഴുന്നേൽക്കാനോ ശരീരം അനക്കാനോ കഴിയുന്നില്ല.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നിധിക്ക് 22 ശസ്ത്രക്രിയകൾ വേണ്ടി വന്നു. മാസങ്ങളോളം ചികിത്സയും മറ്റുമായി കഴിഞ്ഞു. "എന്റെ ശരീരത്തിന് പ്രഹരമേറ്റു പക്ഷേ, മനസ് തകർന്നില്ല' എന്ന് നിധി പറഞ്ഞത് ലോകത്തെയാകമാനം വലിയ തോതിൽ സ്വാധീനിച്ചു. അന്ന് ഭീകരാക്രമണത്തിന് ഇരയാകുമ്പോൾ നിധിക്ക് പ്രായം 42.
നാലു വർഷത്തിനിപ്പുറം തന്റെ അനുഭവങ്ങൾ ഉൾപ്പെടുത്തി നിധി ഒരു പുസ്തകം എഴുതി, "അൺബ്രോക്കൺ: ദി ബ്രസൽസ് ടെറർ അറ്റാക്ക് സർവൈവർ'. തീവ്രവാദത്തിന്റെ കറുത്തകരങ്ങൾ പിച്ചിചീന്തീയ അനുഭവങ്ങളുള്ള ആയിരക്കണക്കിന് ആളുകൾക്ക് ഈ പുസ്തകം ഊർജ്ജമായി മാറി. തനിക്കുണ്ടായ ദുരനുഭവത്തിന്റെ മുറിവിനെ സ്വയം ഉണക്കിയത് പോസിറ്റിവിറ്റി എന്ന ഔഷധം കൊണ്ടാണെന്ന് നിധി ലോകത്തോട് വിളിച്ചുപറഞ്ഞു.
അമ്മയാണ് പുസ്തകമെഴുതാൻ തനിക്ക് പ്രചോദനം തന്നതെന്നും നിധി അഭിമാനത്തോടെ ഓർക്കുന്നു. വസ്ത്രങ്ങൾ കീറി ശരീരമാസകലം ബോംബ് സ്ഫോടനത്തെ തുടർന്നുണ്ടായ പൊടിയും മറ്റുമായി വിമാനത്താവളത്തിൽ നിധി ഇരിക്കുന്ന ചിത്രങ്ങൾ ലോകത്തിന്റെ നെഞ്ചുലച്ച ഒന്നായിരുന്നു.
എന്നാൽ പഞ്ചാബിലെ അമൃത്സറിൽ നിന്നുള്ള ഈ ധീരവനിത ഇന്ന് ഭീകരവാദത്തിനെതിരേ ഉയരുന്ന പോരാട്ടത്തിന്റെ നിലയ്ക്കാത്ത ശബ്ദമാണ്. ചാവേർ സ്ഫോടനത്തിന്റെ നീറ്റൽ പേറുന്ന കറുത്ത ദിനങ്ങളിൽ നിന്നും ലോകത്തിന് തന്നെ പുതുവെളിച്ചമായി വന്ന നിധിയെ പോലെ ഒട്ടനവധി ആളുകളുടെ വിവരങ്ങൾ യുഎന്നിന്റെ മെമ്മറീസ് പ്രദർശനത്തിലുണ്ട്.
പ്രദർശനത്തിന്റെ വിശദാംശങ്ങളടങ്ങുന്ന വീഡിയോയും യുഎൻ ഓഫീസ് ഫോർ കൗണ്ടർ ടെററിസത്തിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് പങ്കുവച്ചിരുന്നു.