കരയിലെ ഏറ്റവും വലിയ ജീവിയാണല്ലൊ ആന. അതിന്‍റെ ആകാര വലിപ്പവും തലയെടുപ്പും നിമിത്തം ഒട്ടുമിക്കവര്‍ക്കും പ്രിയപ്പെട്ട ജീവി കൂടിയാണ് ആന. ആനയുമായി ബന്ധപ്പെട്ട വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ മിക്കപ്പോഴും വൈറലാകാറുണ്ട്.

ഇപ്പോഴിതാ ഒരു ആന ചക്കയിടുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങള്‍ ആഘോഷമാക്കുന്നത്. തമിഴ്നാട് സര്‍ക്കാരിലെ വനം വകുപ്പ്, പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹു ഐഎഎസ് ആണ് തന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഈ വീഡിയോ പങ്കുവച്ചത്.

വീഡിയോയില്‍ ഒരു പ്ലാവില്‍ നിന്ന് ചക്കയിടാന്‍ ആന ശ്രമിക്കുകയാണ്. എന്നാല്‍ ചക്ക നല്ല ഉയരത്തിലാണ്. ആന പ്ലാവില്‍ ഇടിച്ച് നോക്കിയിട്ടും ചക്ക വീഴുന്നില്ല. ഒടുവില്‍ ആന തന്‍റെ മുന്‍ കാലുകള്‍ രണ്ടും പ്ലാവില്‍ ചവിട്ടിനിന്ന് തുമ്പിക്കൈ കഴിയുന്നത്ര വലിച്ചുനീട്ടി ചക്ക പറിക്കുകയാണ്.

നാട്ടുകാരില്‍ ചിലര്‍ കൈയടിക്കുന്ന ശബ്ദവും വീഡിയോയില്‍ കേള്‍ക്കാനാകും. രണ്ട് ലക്ഷത്തോളം പേര്‍ കണ്ടുകഴിഞ്ഞ ഈ വീഡിയോയ്ക്ക് രസകരമായ കമന്‍റുകളും ലഭിക്കുന്നുണ്ട്.