കേട്ടുകേൾവി പോലുമില്ലാത്ത ജന്മം എന്ന പ്രയോ​ഗം നാം എപ്പോഴെങ്കിലും കേൾക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ കേട്ടുകേൾവി പോലുമില്ലാത്ത ശവമടക്കം എന്ന് കേട്ടാലോ? കാര്യമെന്തെന്ന് അറിയാൻ ആകാംക്ഷ കൂടും. അത്തരത്തിൽ ഒരു വാർത്ത ഇപ്പോൾ നെറ്റിസൺസിനെയടക്കം ഞെട്ടിച്ചു കഴിഞ്ഞു.

ഇം​ഗ്ലണ്ടിലെ കേംബ്രിജ്ഷയറിലുള്ള കോനിങ്ടണിൽ മ്യൂസിയം ഓഫ് ലണ്ടൻ ആർക്കിയോളജിയിലെ വിദ​ഗ്ധർ നടത്തിയ ഖനനത്തിൽ ഒരു പെൺകുട്ടിയുടെ അസ്ഥികൂടം കണ്ടെത്തി. 2016-2018 കാലയളവിൽ നടത്തിയ ഈ ​ഗവേഷണത്തിലെ വെളിപ്പെടുത്തലുകൾ ഏവരേയും അമ്പരപ്പിക്കുന്നതാണ്.

16 വയസുള്ള പെൺകുട്ടി‌യുടെ മൃതദേഹം കമിഴ്ത്തി കിടത്തി കൈയ്യും കാലും ബന്ധിച്ച ശേഷമാണ് സംസ്കരിച്ചതെന്ന് പഠനത്തിൽ തെളിഞ്ഞു. റേഡിയോ കാർബൺ ഡേറ്റിം​ഗ് പരിശോധനാ ഫലത്തിന്‍റെ അടിസ്ഥാനത്തിൽ മരണം നടന്നത് എഡി 680-880 കാലയളവിലാണെന്ന് ഉറപ്പിച്ചിട്ടുണ്ട്.

മൃതദേഹം കമിഴ്ത്തിക്കി‌ടത്തി ബന്ധിച്ച ശേഷം സംസ്കരിച്ചത് മരണപ്പെട്ടയാൾ "കുഴിയിൽ നിന്നും മടങ്ങി വരരുതെന്ന' അന്ധവിശ്വാസത്തിലാണെന്നും ​ഗവേഷകർ പറയുന്നു. അക്കാലയളിൽ കോനിങ്ടണിൽ ഈ രീതിയിൽ സംസ്കരിച്ചിരുന്നത് താഴ്ന്ന ജാതിയിൽ പെട്ടവരേയോ, സമുദായത്തിന്‍റെ നിയമങ്ങൾക്കും വിശ്വാസത്തിനും എതിരായി പ്രവർത്തിച്ചവരേയോ, വളരെ ദാരുണമോ അപ്രതീക്ഷിതമോ ആയ രീതിയിൽ മരിച്ചവരെയോ ആയിരുന്നു.


സമുദായത്തിന് പുറത്ത് നിന്നുള്ള ആരെങ്കിലും ഇവിടെ വച്ച് മരണപ്പെട്ടാലും ഇത്തരത്തിലായിരുന്നും മൃതദേഹം അടക്കിയിരുന്നത്. എന്നാൽ ഈ 16കാരി ഇതിലേതിലാണ് പെടുക എന്ന് ഇനിയും കണ്ടത്തേണ്ടതുണ്ട്. അസ്ഥികൂടത്തിൽ നടത്തിയ പരിശോധനയിൽ പെൺകുട്ടി‌ക്ക് മാരകമായ രോ​ഗങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് വ്യക്തമായി.

പക്ഷേ പെൺകുട്ടിയുടെ ബാല്യകാലത്ത് പോഷകകുറവുണ്ടായിരുന്നതായി പരിശോധനയിൽ തെളിഞ്ഞു. ന​ഗരത്തിലേക്ക് പ്രവേശിക്കുന്ന കവാടത്തിന്‍റെ സമീപത്തുള്ള ഭീമൻ തൂണു നിന്നിടത്താണ് പെൺകുട്ടിയുടെ മൃതശരീരം അടക്കിയതെന്നും പഠനം വ്യക്തമാക്കുന്നുണ്ട്.

ഈ പ്രദേശത്തിന് 30 മൈൽ അകലെ സമാനമായ രീതിയിൽ ഒരു യുവതിയുടെ അസ്ഥികൂടം മുൻപ് കണ്ടെത്തിയിരുന്നു. എന്നാൽ അതിൽ കൈകൾ, തല, നട്ടെല്ലിന്‍റെ ചിലഭാ​ഗങ്ങൾ എന്നിവ ഉണ്ടായിരുന്നില്ല. ഈ യുവതി എട്ടാം നൂറ്റാണ്ടിനും ഒൻപതാം നൂറ്റാണ്ടിനും ഇടയിലാകാം മരിച്ചതെന്നാണ് ഗവേഷകരുടെ നിഗമനം.

അക്കാലത്ത് പള്ളികളിൽ മൃതദേഹം സംസ്കരിക്കുന്ന പതിവുണ്ടായിരുന്നില്ലെന്നും ഇത്തരത്തിൽ വിചിത്രമായ രീതിയിലുള്ള ശവസംസ്കാരങ്ങൾ ന​ഗരാതിർത്തികളിലാണ് ഉണ്ടായിരുന്നതെന്നും ​ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.