സോഷ്യൽ മീഡിയയിൽ വൈറലായി "ഊള ബാബു'
Friday, April 29, 2022 10:49 PM IST
ബലാത്സംഗക്കേസിൽ അന്വേഷണം നേരിടുന്ന നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ വിമർശവുമായി സോഷ്യൽ മീഡിയ. ഫേസ്ബുക്കിൽ "ഊള ബാബു' എന്ന പേരിൽ ഒരു പേജുതന്നെയുണ്ട്. 'ഇതാണ് ഊള ബാബു, ബലാത്സംഗം അതിജീവിച്ചവരോട് ഊള ബാബു സ്വഭാവ സർട്ടിഫിക്കറ്റ് ചോദിക്കും, ഊള ബാബുവിനെ പോലെ ആകരുത്. ഊള ബാബു കരുതുന്നത് ഇരയേയും വേട്ടക്കാരെനെയും ഒരു പോലെ കരുതണമെന്നാണ്. ഊള ബാബുന് ലോകത്തുള്ള ഏതു പുരുഷനെതിരേയും റേപ്പ് കേസ് വന്നാലും അത് കള്ളക്കേസാണ് എന്നിങ്ങനെ പോകുന്നു പേജിലെ വരികൾ. നടി റിമ കല്ലുങ്കലും പേജിലെ വരികൾ പങ്കുവച്ചിരുന്നു.
അതേസമയം, ബലാത്സംഗ കേസിൽ വിജയ് ബാബു മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. സിനിമയിൽ കൂടുതൽ അവസരത്തിന് വേണ്ടി താനുമായി ബന്ധം തുടർന്ന നടി ഇപ്പോൾ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്ന് ജാമ്യാപേക്ഷയിൽ പറയുന്നു. ഇവർ തനിക്കയച്ച ആയിരക്കണക്കിന് വാട്ട്സ് അപ്പ് സന്ദേശങ്ങൾ സൂക്ഷിച്ചു വച്ചിട്ടുണ്ടെന്നും വിജയ് ബാബു ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.
വിജയ് ബാബു ദുബായിലാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഈ മാസം 24 നാണ് വിജയ് ബാബു ദുബായിലേക്ക് കടന്നത്. സിസിടിവി ദൃശ്യങ്ങൾ മാത്രല്ല വേറെയും ശാസ്ത്രീയ തെളിവുകൾ ലഭിച്ചിട്ടുണ്ട്. പരാതിയിൽ പറയുന്ന കാര്യങ്ങൾ കഴമ്പുള്ളതാണെന്ന് ഓരോ നിമിഷവും തെളിയുന്നുണ്ട്. കീഴടങ്ങാതെ നടന് മുന്നിൽ മറ്റ് വഴികളില്ലെന്നും സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു പറഞ്ഞു. ബംഗളൂരു വഴിയാണ് വിജയ് ബാബു ദുബായിലേക്ക് കടന്നതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
2022 മാർച്ച് 13 മുതൽ ഏപ്രിൽ 14 വരെയുള്ള തീയതികളിൽ അഞ്ച് സ്ഥലങ്ങളിൽ വിജയ് ബാബു തന്നെ കൊണ്ടുപോയി എന്നാണ് പരാതിക്കാരിയുടെ മൊഴിയിൽ ഉള്ളത്. മയക്കുമരുന്നും മദ്യവും നൽകി അർധബോധാവസ്ഥയിൽ വിജയ് ബാബു തന്നെ ബലാത്സംഗത്തിന് ഇരയാക്കിയെന്നും പരാതിയിൽ പറയുന്നു. പീഡനവിവരം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്നതടക്കമുള്ള ഭീഷണിയും തനിക്കുണ്ടായെന്നും നടി നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
സംഭവത്തിൽ ചലച്ചിത്ര പ്രവർത്തകരും ഹോട്ടൽ ജീവനക്കാരും അടക്കം എട്ട് സാക്ഷികളുടെ മൊഴികളും പോലീസ് രേഖപ്പെടുത്തി. ഇതുവരെ പോലീസിന് ലഭിച്ച മൊഴികളെല്ലാം വിജയ് ബബുവിനെതിരെയുള്ള പരാതി സാധൂകരിക്കുന്നതാണെന്നാണ് വിവരം. ഏപ്രിൽ 22 നാണ് പെൺകുട്ടി എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിൽ വിജയ് ബാബുവിനെതിരെ പീഡന പരാതി നൽകിയത്.