കോവിഡ് ബോധവത്കരണത്തിനായി കുക്കൂ, കുക്കൂ പാട്ടുമായി കേരളാ പോലീസ്
Friday, April 30, 2021 1:08 AM IST
കോവിഡ് ബോധവത്കരണത്തിനായി സംസ്ഥാന പോലീസ് മീഡിയാ സെന്റർ പുറത്തിറക്കിയ വീഡിയോ വൈറലാകുന്നു. റാപ് മ്യൂസിക് വീഡിയോയായ "എൻജോയ് എൻജാമി' അനുകരിച്ചാണ് കേരള പോലീസിന്റെ ബോധവത്കരണ വീഡിയോ തയാറാക്കിയിരിക്കുന്നത്. “മഹാമാരിയെ ഒത്തൊരുമിച്ചു നേരിടാം. കേരള പോലീസ് എപ്പോഴും നിങ്ങളോടൊപ്പം,” എന്ന കുറിപ്പോടെ പോലീസ് മീഡിയ സെന്റർ പോസ്റ്റ് ചെയ്തിട്ടുള്ള വീഡിയോയിലെ ഈരടികൾ ഇങ്ങനെ...
കുക്കൂ, കുക്കൂ! കോവിഡ് ടൈമിൽ ശ്രദ്ധയ്ക്ക്
വയ്ക്കൂ വയ്ക്കൂ, മാസ്കും നന്നായി വകവയ്ക്കൂ
നോക്കൂ നോക്കൂ, എണ്ണം കൂടിയ ദിനമെന്നും
നോക്കാം ഇനി, നല്ലൊരു ശീലം എല്ലാരും
അകലം പാലിച്ചു നിന്നീടണേ, തട്ടാതെ മുട്ടാതെ നോക്കീടണേ
എന്നിങ്ങനെപോകുന്നു വരികൾ.
പോലീസ് മീഡിയ സെന്റെർ ഡെപ്യൂട്ടി ഡയറക്ടർ വി.പി. പ്രമോദ് കുമാറാണ് വീഡിയോ സംവിധാനം ചെയ്തത്. പോലീസ് ഉദ്യോഗസ്ഥർ തന്നെയാണ് വീഡിയോയിൽ നൃത്തം ചെയ്യുന്നതും. വിവിധ സിനിമകളിലെ രംഗങ്ങൾ കൂട്ടിച്ചേർത്തും ഇതേ ഗാനത്തിന്റെ വീഡിയോ പുറത്തിറക്കിയിട്ടുണ്ട്.