"കാലവും പാലവും സാക്ഷി’; വിമര്‍ശകര്‍ അറിയേണ്ട തിയോ അച്ചന്‍റെ പോരാട്ടവീര്യത്തെക്കുറിച്ച്
വാക്കുകളെ പ്രവര്‍ത്തികളുമായി സമന്വയിപ്പിക്കുന്ന ചിലരുണ്ട്. അവരെയാണ് ജനങ്ങള്‍ നേതാവെന്നും നായകനെന്നും അംഗീകരിക്കാറ്. അത്തരത്തിലുള്ള ഒരാളാണ് തിയോ അച്ചന്‍ എന്നറിയപ്പെടുന്ന ഫാദര്‍ തീയോഡേഷ്യസ് അലക്സ് ഡിക്രൂസ്.

ഫാദര്‍ തീയോഡേഷ്യസ് അലക്സ് ഡിക്രൂസ് എന്നു പറഞ്ഞാല്‍ ഒരുപക്ഷെ സാധാരണ ആളുകള്‍ക്ക് പെട്ടെന്ന് പിടികിട്ടണമെന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തി വരുന്ന സമരത്തില്‍ മുഖ്യമന്ത്രിയെ നിശിതമായി വിമര്‍ശിച്ച ഒരു വെെദികനെ എല്ലാവരും ശ്രദ്ധിച്ചിരുന്നു.

അദ്ദേഹത്തിന്‍റെ വാക്കുകളുടെ കാര്‍ക്കശ്യവും പോരാട്ടത്തിലുള്ള നിശ്ചയ ദാര്‍ഢ്യവുമാണ് ഇത്തരത്തില്‍ ആ വൈദികനെ ശ്രദ്ധാകേന്ദ്രമാക്കിയത്. ഈ തീപ്പൊരി വാക്കുകളുടെ ഉടമയാണ് തീയോ അച്ചന്‍.

മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന് പിന്നാലെ സൈബര്‍ ലോകത്ത് ചിലര്‍ ഇദ്ദേഹത്തിനെതിരെ വ്യാപക ആക്രമണം അഴിച്ചിടുവിടുകയുണ്ടായി. സംഘടിത ആക്രമണങ്ങള്‍ക്ക് മുന്നില്‍ തിയോ അച്ചന്‍ പതറുമെന്നാണ് ഇക്കൂട്ടര്‍ കരുതിയിരുന്നത്.

എന്നാലത് സംഭവിച്ചില്ല. അതിന്‍റെ കാരണമെന്താണെന്ന് തീയോ അച്ചന്‍റെ ചരിത്രമറിയാവുന്ന എല്ലാവര്‍ക്കും മനസിലാകും.

സാധാരണക്കാരന്‍റെ നീതിക്കായുള്ള അദ്ദേഹത്തിന്‍റെ പോരാട്ടത്തിന് നിരവധി ഉദാഹരണങ്ങള്‍ പതിറ്റാണ്ടുകള്‍ക്ക് മുന്നേ നടന്നിട്ടുണ്ട്. താനിറങ്ങുന്ന കാര്യത്തിനൊരു തീര്‍പ്പ് ഉണ്ടാക്കിയ ശേഷമെ തീയോ അച്ചന്‍ വിശ്രമിച്ചിരുന്നുള്ളു. അതിന്‍റെയൊരു തെളിവാണ് മുഞ്ഞമൂട് പാലം.

1996ല്‍ വൈദീക പട്ടം കിട്ടിയ തിയോ അച്ചന്‍ 2000ത്തിന്‍റെ തുടക്കത്തില്‍ പൂത്തുറ ഇടവകയിലേക്ക് വൈദീകനായി വന്നു. വളരെ പെട്ടെന്നുതന്നെ അവിടുത്തെ സാധാരണക്കാരായ മനുഷ്യരുടെ പ്രിയപ്പെട്ട ഇടയനായി മാറികയും ചെയ്തു അദ്ദേഹം.

അന്ന്, ഇന്ന് കാണുന്ന പെരുമാതുറയേയും അഞ്ചുതെങ്ങിനേയും ബന്ധിപ്പിക്കുന്ന മുതലപ്പൊഴി പാലം ഇല്ലായിരുന്നു. സഞ്ചാരത്തിനായി കടത്ത് വള്ളമാണ് ആളുകള്‍ പ്രധാനമായും ആശ്രയിച്ചിരുന്നത്. പൂത്തുറകാര്‍ക്ക് കടലില്‍ അപകടത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികളെയും കൊണ്ട് ആശുപത്രിയിലേക്ക് പോകാന്‍ അഞ്ചുതെങ്ങ് ചുറ്റി മാത്രമെ പോകാന്‍ കഴിഞ്ഞിരുന്നുള്ളു.

നാട്ടുകാരുടെ ഈ നിസഹായവസ്ഥയ്ക്ക് തിയോ അച്ചന്‍ സാക്ഷിയായി നിന്നു. ഈ ദുരവസ്ഥയ്ക്ക് ഒരറുതി വരുത്തണമെന്ന് അദ്ദേഹം മനസിലുറച്ചു. പൂത്തുറയേയും ചിറയിന്‍കീഴിനേയും ബന്ധിപ്പിക്കുന്ന മുഞ്ഞമൂട് പാലം ആറിന് കുറുകെ വന്ന് കഴിഞ്ഞാല്‍ ഈ ചുറ്റല്‍ അവസാനിക്കുമെന്ന് അദ്ദേഹത്തിന് ബോധ്യമായി.

ഇത് യാഥാര്‍ഥ്യമാക്കാനായി തിയോ അച്ചനും ഇടവകക്കാരും സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി. എന്നാല്‍ നാട്ടുകാരുടെ ചിരകാല സ്വപ്നമായ പാലം സര്‍ക്കാരിന്‍റെ ചുവപ്പുനാടയില്‍ കുരുങ്ങിത്തന്നെ കിടന്നു. അന്നത്തെ പ്രബലനായ ഒരു രാഷ്ട്രീയ നേതാവിന്‍റെ ധാര്‍ഷ്ട്യ മനോഭാവവും പാലത്തിനെ കടലാസില്‍ തന്നെ നിര്‍ത്താന്‍ കാരണമായി.

പക്ഷേ തിയോ അച്ചനും ഇടവകക്കാരും വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. ഒരു ദിവസം അവര്‍ ആറിനു കുറുകെ പാലം വരേണ്ട അതേ സ്ഥലത്ത് ബണ്ട് കെട്ടി സമരം തുടങ്ങി. കടപ്പുറത്ത് നിന്ന് ചാക്കില്‍ മണ്ണ് നിറച്ച് ചുമന്ന് കൊണ്ടിട്ടാണ് ബണ്ട് തീര്‍ത്തത്.

ഇത് നിമിത്തം വൈകാതെ ആറില്‍ വെള്ളം പൊങ്ങാന്‍ തുടങ്ങി. അതോടെ അധികാരികള്‍ അങ്കലപ്പിലായി. ബണ്ട് പൊളിക്കാനായി അവര്‍ പാഞ്ഞെത്തി. എന്നാല്‍ തിയോ അച്ചന്‍റെ നേതൃത്വത്തിലുള്ള നാട്ടുകാര്‍ അവരെ തടഞ്ഞു.

പാലത്തിന് ഉത്തരവ് ഇറങ്ങിയ ശേഷമേ ബണ്ട് പൊളിക്കാനാകൂ എന്നദ്ദേഹം ഉറച്ചുപറഞ്ഞു. സമരം പൊളിക്കാന്‍ അധികാരികളും രാഷ്ട്രീയക്കാരും പലവഴികള്‍ നോക്കിയെങ്കിലും ഒന്നുംതന്നെ നടന്നില്ല. ഇടവക വിശ്വാസികളും നാട്ടുകാരും തിയോ അച്ചന്‍റെ പിറകില്‍ ഉറച്ചുനിന്നു.

ഒടുവില്‍ അധികാരികള്‍ക്ക് തോല്‍വി സമ്മതിക്കേണ്ടി വന്നു. അവര്‍ പാലത്തിനായുള്ള ആവശ്യം അംഗീകരിച്ചു. അവസാനം ഒരു ജനതയുടെ സ്വപ്നമായിരുന്ന മുഞ്ഞമൂട് പാലം തിയോ അച്ചന്‍റെ നേതൃത്വത്തില്‍ യാഥാര്‍ഥ്യമായി. പിന്നീട് അച്ചന്‍ സ്ഥലം മാറി പോയെങ്കിലും വര്‍ഷങ്ങള്‍ക്കിപ്പുറവും പൂത്തുറക്കാരുടെ അഭിമാനമാണ് തിയോ അച്ചന്‍.

അഭിനവ വിമര്‍ശകരുടെ ചവറ്റുകുട്ടയായ സമൂഹ മാധ്യമങ്ങളുടെ ആവിര്‍ഭാവത്തിന് മുന്‍പേ പോരട്ടവീര്യം കനലായി ഉള്ളില്‍ സൂക്ഷിക്കുന്ന ഒരാളാണ് തിയോ അച്ചന്‍. അത്തരത്തലുള്ള ഒരാള്‍ക്ക് ഇത്തരത്തിലുള്ള ഒളിഞ്ഞിടങ്ങളിലെ വിമര്‍ശനം നിസാരമായിരിക്കുമെന്ന് എടുത്ത് പറയേണ്ടതില്ലല്ലൊ.

ഇന്ന് കടലിന്‍റെ മക്കള്‍ക്കുവേണ്ടി സമരമുഖത്തെത്തിയ ഈ പുരോഹിതന്‍ വിജയംവരെ അവര്‍ക്കൊപ്പം ഉണ്ടാകുമെന്ന് അദ്ദേഹത്തെ അറിയുന്ന എല്ലാവര്‍ക്കും ഉറപ്പാണ്. കാരണം ഉറച്ച നിലപാടുള്ളവര്‍ ഒരിക്കലും വിമര്‍ശനങ്ങളിലൊ വെല്ലുവിളികളിലൊ പതറില്ലല്ലൊ. ഇനിയും സംശയമുള്ളവര്‍ മുഞ്ഞമൂട് പാലത്തിലൂടൊന്ന് സഞ്ചരിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.