ഇഴഞ്ഞെത്തുന്ന പണികൾ..! ബൈക്കിലെ സീറ്റ് കവറിനുള്ളിൽ മൂർഖൻ
Friday, August 23, 2019 11:20 AM IST
ഇരുചക്രവാഹനങ്ങൾ എവിടെയെങ്കിലും ദീർഘനേരം പാർക്ക് ചെയ്തു പോകുന്നവർ ശ്രദ്ധിക്കുക. പണി പാമ്പായി വന്നേക്കും. കഴിഞ്ഞ ദിവസം പിലാത്തറ റോഡരികിൽ ബുള്ളറ്റ് പാർക്ക് ചെയ്ത വിളയാങ്കോട്ടെ രാജേഷ് നമ്പ്യാർ തലനാരിഴയ്ക്കാണു മൂർഖന്റെ കടിയേൽക്കാതെ രക്ഷപ്പെട്ടത്.
വൈകുന്നേരം തിരിച്ചെത്തി ബൈക്കിൽ താക്കോൽ ഇടാൻ നോക്കിയപ്പോഴാണു സീറ്റ് കവറിനുള്ളിൽ നിന്നു മൂർഖൻ ഫണം വിടർത്തിയത്. ഉടൻ എഴുന്നേറ്റ് മാറിയതിനാൽ കടിയേറ്റില്ല. ഉടൻ തന്നെ വനം വകുപ്പിന്റെ പാമ്പുപിടിത്ത വിദഗ്ദ്ധനായ ഏഴിലോട് അറത്തിപ്പറമ്പിലെ പവിത്രനെ വിളിച്ചുവരുത്തിയാണു പാമ്പിനെ പിടികൂടിയത്.
കഴിഞ്ഞ മൂന്നു മാസങ്ങൾക്കിടയിൽ ഇത്തരത്തിൽ ഇരുചക്രവാഹനങ്ങളിൽ കയറിക്കൂടിയ നാലുപാമ്പുകളെ പിടികൂടിയതായി പവിത്രൻ പറഞ്ഞു. വാഹനം കൂടുതൽ സമയം എവിടെയെങ്കിലും പാർക്ക് ചെയ്തു പോകുന്നവർ ശ്രദ്ധിച്ചില്ലെങ്കിൽ സീറ്റ് കവറിനുള്ളിലോ മറ്റോ കയറിയിരിക്കുന്ന പാമ്പുകളുടെ കടിയേൽക്കാനിടയുണ്ടെന്നും പവിത്രൻ മുന്നറിയിപ്പ് നൽകുന്നു.