ജീവിതത്തിൽ ഒറ്റപ്പെട്ടവർക്ക് കൈത്താങ്ങായി ’ചിരിക്കൂട്ടം’
Wednesday, December 8, 2021 11:04 PM IST
കോവിഡ് കാലത്ത് വരുമാനം നിലച്ച് ജീവിതത്തിൻമേൽ ഇരുൾവീണുപോയ സ്ത്രീകളെ വെളിച്ചത്തിലേയ്ക്ക് കൊണ്ടുവരാൻ സഹായിക്കുകയാണ് ചിരിക്കൂട്ടമെന്ന വാട്സ്ആപ് കൂട്ടായ്മ. ഹോമിയോ ഡോക്ടറും കൗണ്സിലിംഗ് സൈക്കോളജിസ്റ്റുമായ ഡോ. ജിഷ മേരിയാണ് ഈ കൂട്ടായ്മയുടെ പിന്നിൽ. സ്ത്രീകൾക്ക് വേണ്ടി സ്ത്രീകൾ ഒത്തുകൂടുന്നയിടമെന്ന് ഒറ്റവാക്കിൽ പറയാം.
കൂട്ടായ്മയിലെ സ്ത്രീകളുടെ വിവിധ കഴിവുകളെ കണ്ടെ ത്തി അവയെ പ്രോത്സാഹിപ്പിക്കുകയും ആ കഴിവിനെ വരുമാനമാക്കി മാറ്റുവാൻ സഹായിക്കുകയും ചെയ്യുകയാണ് ചിരിക്കൂട്ടം ചെയ്യുന്നത്. എറണാകുളം ജില്ലയിലെ ആലുവ ചൂണ്ടിയിൽ നിന്ന് തുടങ്ങിയ ഈ കൂട്ടായ്മയിൽ ഇന്ന് കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള നിരവധി വനിതകളാണുള്ളത്. കോവിഡ് കാലത്ത് വരുമാനം നിലച്ച് തകർച്ചയുടെ വക്കിലെത്തിയ നിരവധി കുടുംബിനികളെ തിരികെ ജീവിതത്തിലേയ്ക്ക് കൈ പിടിച്ചുനടത്താൻ സാധിച്ചുവെന്നതാണ് ഈ കൂട്ടായ്മയുടെ വിജയവും.
"ചിരിക്കൂട്ടം’ പിറവിയെടുക്കുന്നു
ക്ലിനിക്കിൽ വരുന്ന സ്ത്രീകളിൽ പലരും തങ്ങളുടെ ജീവിതത്തിൽ അനുഭവിക്കേണ്ടിവരുന്ന അവഗണനകളും മാനസീകപീഢനങ്ങളും ഡോ. ജിഷയുമായി പങ്കുവയ്ക്കാറുണ്ട്. കോവിഡ്കാലത്ത് ഇത്തരത്തിൽ മനസ് തുറക്കുന്നവരുടെ എണ്ണം കൂടിവന്നു. ഭൂരിപക്ഷം പേരുടെയും പ്രധാനപ്രശ്നം സ്വന്തമായി വരുമാനമില്ലാത്തതുകൊണ്ട് കുടുംബങ്ങളിൽ ഒറ്റപ്പെടുത്തുകയും അവഗണിക്കുകയും ചെയ്യുന്നുവെന്നതായിരുന്നു. കഴിവുകളുള്ള സ്ത്രീകൾക്ക് അത് വളർത്തുവാൻ ആരുടെയും പിന്തുണ ലഭിച്ചതുമില്ല.
തയ്യൽ, എംബ്രോഡറി ജോലികൾ, ആഭരണനിർമ്മാണം, കേക്ക് നിർമ്മാണം, കേറ്ററിംഗ്, പലഹാര നിർമ്മാണം തുടങ്ങിയ നിരവധിയായ ചെറുതുംവലുതുമായ സ്വയം തൊഴിൽ കണ്ടെ ത്തി ചെയ്തിരുന്നവരുടെ തൊഴിൽ ലോക്ഡൗണ് കാലത്ത് എന്നന്നേക്കുമായി നിലച്ചു. നിലച്ചത് വീണ്ടും തുടങ്ങുവാനും മാർക്കറ്റ് കണ്ടെ ത്തുവാനും സാധിക്കാതെ പലരും മാനസികമായി തകർന്നു. ഈ തകർച്ചയിൽ നിന്ന് ഇവരെ തിരികെ ജീവിതത്തിലേയ്ക്ക് കൊണ്ടുവരാനുള്ള ഏകമാർഗം വിപണി കണ്ടെ ത്തി വീണ്ടും തൊഴിലിന് പ്രോത്സാഹിപ്പിക്കുകയെന്നതായിരുന്നു.
ക്ലിനിക്കിൽ വരുന്നവർ ചോദിക്കുന്ന പൊതുചേദ്യങ്ങൾക്ക് ഉത്തരം ചെറുകുറിപ്പുകളായോ വീഡിയോകളായോ നൽകുവാൻ വേണ്ടി തുടങ്ങിയ വാട്ട്സ് ആപ് കൂട്ടായ്മയുണ്ടായിരുന്നു. ഇതിൽ നിന്നാണ് എന്തുകൊണ്ട് കോവിഡ് കാലത്ത് വരുമാനം നിലച്ച് ജീവിതത്തിൽ ഒറ്റപ്പെട്ടവർക്ക് കൈത്താങ്ങായി ഒരു കൂട്ടായ്മ ഉണ്ടാക്കിക്കൂടാ എന്ന ചിന്ത ഡോ. ജിഷയുടെ മനസിൽ ഉദിക്കുന്നത്. ഈ ചിന്തയുടെ അനന്തരഫലമായിരുന്നു സ്ത്രീകൾ മാത്രമുള്ള ചിരിക്കൂട്ടം കൂട്ടായ്മയുടെ പിറവി.
കൂട്ടായ്മയുടെ പ്രവർത്തനം
പരസ്പരം പരിചയമുള്ളവർക്ക് മാത്രമേ ഈ ഗ്രൂപ്പിൽ പ്രവേശനമുള്ളൂ. കേരളത്തിൽ എവിടെയുള്ളവർക്കും ഗ്രൂപ്പിൽ അംഗമാകാം പക്ഷേ ഗ്രൂപ്പിൽ ഒരുപരിചയക്കാരി വേണം. വ്യാജൻമാർ കയറി ഗ്രൂപ്പ് നശിപ്പിക്കാതെയിരിക്കാനാണ് ഈ നിബന്ധന. അംഗങ്ങൾക്ക് തങ്ങൾ ഉണ്ടാക്കുന്ന എന്തും ഗ്രൂപ്പിൽ ഷെയർ ചെയ്യാം അത് അംഗങ്ങൾ മറ്റ് ഫ്രണ്ട ്സ്, ഫാമിലി ഗ്രൂപ്പുകളിൽ ഷെയർ ചെയ്യും.
ഇത് ഉത്പന്നങ്ങൾ വിറ്റുപോകുവാൻ വലിയ ഒരു മാർക്കറ്റ് സൃഷ്ടിക്കുന്നു. ഗ്രൂപ്പിലെ അംഗങ്ങൾ ആദ്യം വാങ്ങി ഉപയോഗിച്ച് ഗുണമേ· ഉറപ്പുവരുത്തിയ ശേഷമായിരിക്കും മറ്റുഗ്രൂപ്പിലേയ്ക്ക് ഇത് ഷെയർ ചെയ്യുക. പരീക്ഷിച്ചു നോക്കാൻ വാങ്ങുന്ന സാംപിൾ ഉത്പന്നങ്ങൾക്ക് പോലും പണം നൽകിയാണ് ഗ്രൂപ്പ് അംഗങ്ങൾ വാങ്ങുക.
ആരുടെയും കൈയിൽ നിന്ന് ഒന്നും ഫ്രീയായി വാങ്ങില്ലയെന്നത് ചിരിക്കൂട്ടത്തിന്റെ പോളിസിയാണ്. എല്ലാ ശനിയാഴ്ചകളിലും അംഗങ്ങൾക്ക് 40മിനിറ്റ് നേരമുള്ള സൂം മീറ്റിംഗ് ഉണ്ടായിരിക്കും. ഇതിൽ അംഗങ്ങളിൽ ഒരാൾ ക്ലാസ് എടുക്കും. തങ്ങളുടെ ജീവിതത്തിലെ പരാജയങ്ങൾ,വിജയങ്ങൾ,സ്വപ്നങ്ങൾ,പുതിയ ആശയങ്ങൾ തുടങ്ങിയവയായിരിക്കും വിഷയം.
ക്ലാസ് എടുക്കാൻ മുന്നോട്ട് വരുന്നയാൾക്ക് ചിരിക്കൂട്ടം സ്റ്റാർ ഓഫ് വീക്ക് അവാർഡും നൽകും. ഇത് മറ്റ് അംഗങ്ങൾക്ക് അത്മവിശ്വാസം വളർത്താൻ ഉപകരിക്കുന്നുണ്ട്. പലരും ജീവിതത്തിൽ ഒരു മിഠായിപോലും സമ്മാനം കിട്ടാത്തവരായിട്ടുണ്ട്. അവർക്ക് അവാർഡ് ഫലകം കൈകിട്ടുന്പോൾ ഉണ്ടകുന്ന സന്തോഷവും അത്മവിശ്വസവും മുന്നോട്ട് ഓടാനുള്ള കരുത്താണ് പകരുന്നതെന്ന് ഡോ. ജിഷ പറയുന്നു.
ക്ലാസിനെക്കുറിച്ചുള്ള പോസ്റ്ററുകൾ ക്ലാസിന് രണ്ടുദിവസം മുന്നേ മറ്റ് ഗ്രൂപ്പുകളിലും ഫേസ്ബുക്ക് പേജുകളിലും പോസ്റ്റ് ചെയ്യും. ഇത് ക്ലാസ് എടുക്കുന്നവരിൽ അത്മവിശ്വാസം കൂട്ടാനും ക്ലാസ് നല്ലരീതിയിൽ നയിക്കാനും സഹായിക്കും. സാന്പത്തിക ശേഷിയില്ലാത്തവർ മുതൽ സർക്കാർ ജോലിക്കാർ വരെയുണ്ടെ ന്നാണ് ഗ്രൂപ്പിന്റെ മറ്റൊരു പ്രത്യേകത. എല്ലാവും തുല്യരാണെന്ന് ചിന്തയുണ്ടാക്കുവാൻ വേണ്ടി ഗ്രൂപ്പംഗങ്ങൾ പരസ്പരം മിസ് എന്നാണ് സംബോധന ചെയ്യുക.
പുതിയ ചുവടുവയ്പ്പ്
കുറഞ്ഞ കാലംകൊണ്ട് ഗ്രൂപ്പിലെ നിരവധിയായ അംഗങ്ങൾക്ക് സ്വന്തം കഴിവുകളെ തിരിച്ചറിയാനും അതുവഴി സ്വന്തമായി ഒരു വരുമാനം ഉണ്ടാക്കിയെടുക്കുവാനും കഴിഞ്ഞിട്ടുണ്ട്. അംഗങ്ങളിൽ നിർധരരായ പലരുടെയും കുടുംബങ്ങളിലെ പ്രധാന വരുമനം ഇന്ന് ചിരിക്കൂട്ടം വഴി കണ്ടെ ത്തിയ വിപണികളാണ്. ഉത്പന്നനങ്ങളുടെ ക്വാളിറ്റി കണ്ടിട്ട് വലിയ കടകളിൽ നിന്ന് വരെ വലിയതോതിൽ ഓർഡറുകൾ കിട്ടുന്നുണ്ട്. ഈ കൂട്ടായ്മയുടെ വിജയം കണ്ടിട്ട് രാഷ്ട്രീയസമൂഹിക മേഖലയിൽ നിന്നുള്ള നിരവധി പേർ സഹായഹസ്തവുമായി എത്തി. സാന്പത്തിക സഹായവുമായി എത്തിയവരോട് തങ്ങളുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ ഒരു വിപണി മാത്രമാണ് ഡോ. ജിഷയും കൂട്ടരും അവശ്യപ്പെട്ടത്.
ഒരാളിൽ നിന്നുപോലും യാതൊരുവിധ സൗജന്യങ്ങളും കൈപ്പറ്റതെ സ്വന്തമായി അധ്വാനിച്ചുണ്ടാക്കുന്ന കാശുകൊണ്ടുവേണം അഭിമാനപൂർവ്വം ജിവിക്കേണ്ട തെന്നാണ് ചിരിക്കൂട്ടം അംഗങ്ങളം പഠിപ്പിക്കുന്നത്. അതിനുവേണ്ട എല്ലാവിധ സഹായങ്ങളും പിന്തുണയും ഈ കൂട്ടായ്മ പരസ്പരം നൽകുന്നുമുണ്ട്. കഴിഞ്ഞ മാസം അംഗങ്ങൾ ഉണ്ടാക്കിയ ഉത്പന്നങ്ങൾ വച്ച് മിനിഎക്സ്പോ നടത്തിയിരുന്നു. ഇത് വൻവിജയമായതോടെ അംഗങ്ങളിൽ കൂടുതൽ ആത്മവിശ്വസം വർധിച്ചു. ഈ മാസം വലിയ ഒരു എക്സ്പോ തന്നെ നടത്താനുള്ള ഒരുക്കത്തിലാണ് ഡോ. ജിഷ മേരിയും കൂട്ടരും.
അരുണ് ടോം