അവസാനം അമേരിക്കക്കാരും പറഞ്ഞു, ആൻ മരിയ താരമാണ്!
Friday, October 15, 2021 7:02 PM IST
വേൾഡ് ഹാൻഡ് റൈറ്റിംഗ് കോൺടെസ്റ്റിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കണ്ണൂർ കുടിയാന്മല സ്വദേശിനി ആൻ മരിയ ബിജു മലയാളികൾക്കാകെ അഭിമാനം പകരുന്ന ആഗോള താരമായി. അമേരിക്കയിലെ ന്യൂയോർക്ക് അൽബനിയിൽ ഹാൻഡ്റൈറ്റിംഗ് ഫോർ ഹ്യൂമാനിറ്റി നേതൃത്വം നൽകുന്ന ലോക കൈയെഴുത്ത് മത്സരത്തിൽ 13 മുതൽ 19 വരെ വയസ് പ്രായമുള്ളവരുടെ (ടീൻസ്) ആർട്ടിസ്റ്റിക് ഹാൻഡ്റൈറ്റിംഗ് വിഭാഗത്തിലാണ് ആൻമരിയ ഒന്നാമതെത്തിയത്. അഞ്ച് വ്യത്യസ്ത ഗ്രൂപ്പുകളിലായി ലോകത്തെവിടെയുമുള്ള ഏത് പ്രായക്കാർക്കും പങ്കെടുക്കാവുന്ന മത്സരമാണിത്.
കണ്ണൂർ കുടിയാന്മലയിലെ ചന്ദ്രൻകുന്നേൽ ബിജു-സ്വപ്ന ദമ്പതികളുടെ മൂന്നു മക്കളിൽ രണ്ടാമത്തേയാളാണ് ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിനിയായ ആൻ മരിയ. പ്ലസ് ടു വിദ്യാർത്ഥി അലൻ, ആറാം ക്ലാസിൽ പഠിക്കുന്ന അമല എന്നിവരാണ് സഹോദരങ്ങൾ. കുട്ടിക്കാലം മുതൽ തുടർന്നുപോരുന്ന നിരന്തരമായ കഠിന പരിശ്രമങ്ങളാണ് ആൻ മരിയയെ ഈ മഹനീയ നേട്ടത്തിന് പ്രാപ്തയാക്കിയത്.
പ്രൈമറി ക്ലാസുകളിൽ എഴുതിത്തുടങ്ങിയ നാളുകളിൽ തന്റെ കൈയക്ഷരം കുഴപ്പമില്ല എന്നുപറയാവുന്നത്രയേ ഉണ്ടായിരുന്നുള്ളു. എന്നാൽ കൂടുതൽ മെച്ചപ്പെടുത്തി പകർത്തിയെഴുതി പരിശീലിക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകി സഹായിച്ച യുപി സ്കൂൾ ക്ലാസുകളിലെ അധ്യാപകരെ ഈ ആഹ്ലാദ വേളയിൽ ഏറെ നന്ദിയോടെ ഓർമിക്കുന്നതായി ആൻ മരിയ പറഞ്ഞു. മത്സരത്തിനായി കൈയെഴുത്ത് പ്രതി അയച്ചപ്പോൾ തനിക്കീ അഭിമാനനേട്ടം കൈവരുമെന്ന് യാതൊരു പ്രതീക്ഷയുമുണ്ടായിരുന്നില്ലെന്നാണ് ആൻ മരിയ പറഞ്ഞത്.