340 വര്‍ഷം മുമ്പ് തകര്‍ന്ന കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ കടലിനടിയില്‍ നിന്ന് കണ്ടെത്തി; 250 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട അപകടം
Friday, June 10, 2022 1:54 PM IST
340 വര്‍ഷം മുമ്പ് തകര്‍ന്നുപോയ എച്ച്എംഎസ് ഗ്ലൗസെസ്റ്റര്‍ എന്ന യുദ്ധകപ്പല്‍ സമുദ്ര ഗവേഷകര്‍ കണ്ടെത്തി. സഹോദരങ്ങളായ ജൂലിയനും ലിങ്കണ്‍ ബാണ്‍വെല്ലും നേതൃത്വം നല്‍കിയ ഒരു ടീം നാലു വര്‍ഷം കൊണ്ടാണ് ഇത് കണ്ടെത്തിയത്. 5,000 നോട്ടിക്കല്‍ മൈല്‍ സഞ്ചരിച്ചാണ് ഇവരിത് കണ്ടെത്തിയത്.
ഇംഗ്ലണ്ടിലെ യോര്‍ക്ക് നഗരത്തിലെ പ്രഭുവും പിന്നീട് ഇംഗ്ലണ്ടിന്‍റെ ഭരണാധികാരിയുമായി മാറിയ ജയിംസ് സ്റ്റുവാര്‍ട്ട് ( ജയിംസ് രണ്ടാമന്‍ രാജാവ്) സഞ്ചരിച്ചിരുന്ന കപ്പലായിരുന്നിത്. എഡിന്‍ ബര്‍ഗിലുള്ള തന്‍റെ ഗര്‍ഭിണിയായ ഭാര്യയെ സന്ദര്‍ശിക്കാനായി പുറപ്പെട്ടതായിരുന്നു ജയിംസ്. നിരവധി കപ്പലുകളും ആയുധവാഹകരും അദ്ദേഹത്തെ അകമ്പടി സേവിച്ചിരുന്നു.
എന്നാല്‍ ഈ കപ്പല്‍ മണല്‍തിട്ടയുള്ളയിടത്ത് കുടുങ്ങുകയായിരുന്നു. 1682 മേയ് ആറിന് രാവിലെ 5.30ന് ആയിരുന്നു നിലവില്‍ അമേരിക്കയിലെ വെര്‍ജീനിയിലുള്ള നഗരമായ നോര്‍ഫോക്കിലെ തെക്ക് വടക്കന്‍ കടലിലുള്ള മണല്‍തിട്ടയില്‍ തട്ടി കപ്പല്‍ തകര്‍ന്നത്.
കപ്പല്‍ ഉപക്ഷേിച്ച് മറ്റൊരു കപ്പലിലേക്ക് രക്ഷപെടാമെന്ന് കപ്പിത്താനായ ജയിംസ് അയ്റെസ് പറഞ്ഞെങ്കിലും സ്റ്റുവാര്‍ട്ട് അതിന് തയാറായില്ല. അതിന്‍റെ ഫലമായി 250 ഓളം പേര്‍ക്കായിരുന്നു അന്ന് ജീവന്‍ നഷ്ടപ്പെട്ടത്. ജയിംസ് സ്റ്റുവാര്‍ട്ട് മറ്റൊരു കപ്പലില്‍ കയറി രക്ഷപ്പെടുകയും ചെയ്തു.
മറ്റൊരു കപ്പലില്‍ നിന്ന് ഈ സംഭവങ്ങള്‍ക്കൊക്കെ സാക്ഷിയായി നിന്ന സാമുവല്‍ പെപിസ് എന്നയാള്‍ ഇക്കാര്യങ്ങള്‍ തന്‍റെ ഡയറിയില്‍ കുറിച്ചിരുന്നു. പിന്നീട് ഇംഗ്ലണ്ടിന്‍റെ രാഷ്ട്രീയ ചരിത്രത്തില്‍ വലയൊരു ഏടായി മാറുകയും ചെയ്തു ഈ സംഭവം.
മേരി റോസ് യുദ്ധ കപ്പല്‍ കണ്ടെത്തിയതുപോലെ വിലയേറിയ കണ്ടെത്തലുകളില്‍ ഒന്നാണിതെന്നാണ് സമുദ്ര സംബന്ധ ചരിത്രകാരനായ പ്രൊഫസര്‍ ക്ലെയര്‍ ജോവിറ്റ് അഭിപ്രായപ്പെട്ടത്.
കപ്പലില്‍ നിന്ന് പീരങ്കികളും, വലിയ മണിയും, മദ്യകുപ്പികളും, അക്കാലത്തെ വസ്ത്രങ്ങളുമടക്കം നിരവധി വസ്തുക്കള്‍ കണ്ടെത്താനായി. കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും കടലിനടയില്‍തന്നെയാണുള്ളത്. അത് മുകളിലേക്കെത്തിക്കാന്‍ ഇപ്പോള്‍ ഒരു പദ്ധതിയുമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.