ആദ്യ പരീക്ഷണപ്പറക്കലിൽ വിജയിച്ച് പറക്കും ടാക്സി
Saturday, May 18, 2019 10:22 AM IST
ലോകത്തിലെ ആദ്യ ഇലക്ട്രിക് പറക്കും ടാക്സി വിജയകരമായി പരീക്ഷണപ്പറക്കൽ പൂർത്തിയാക്കി. ജർമൻ സ്റ്റാർട്ടപ്പായ ലിലിയം ഡിസൈൻ ചെയ്ത അഞ്ച് സീറ്റർ പേടകമാണ് ആദ്യ പറക്കൽ പൂർത്തിയാക്കിയത്. പറക്കൽ വിജയകരമായതിനു ശേഷം മാത്രമാണ് നിർമാതാക്കൾ വിവരം പുറത്തുവിട്ടത്.
പൈലറ്റിന് നിയന്ത്രിക്കാവുന്നതോ അല്ലെങ്കിൽ ഡ്രോൺ മോഡിൽ നിയന്ത്രിക്കാവുന്നതോ ആണ് ഈ പേടകം. 2025 മുതൽ ആഗോള വ്യാപകമായി പ്രചാരത്തിലാകുമെന്നും നിർമാതാക്കൾ പറഞ്ഞു. കാറിനേക്കാൾ അഞ്ചു മടങ്ങ് വേഗവും മോട്ടോർബൈക്കിനേക്കാൾ കുറഞ്ഞ ശബ്ദവുമുള്ളവയാണ്. 300 കിലോമീറ്റർ (186 മൈൽ) സഞ്ചരിക്കാനുള്ള ശേഷിയാണ് ഈ ചെറു വിമാനത്തിനുള്ളത്.
ഹെലികോപ്റ്റർ യാത്രയേക്കാളും കുറഞ്ഞ ചെലവിൽ യാത്രയൊരുക്കുകയാണ് ലിലിയത്തിന്റെ ലക്ഷ്യമെന്ന് ചീഫ് കൊമേഴ്സൽ ഓഫീസർ റെമോ ജെർബർ പറഞ്ഞു.