കോവിഡ് എന്നാ മഹാമാരി ലോകത്തെ മുഴുവന്‍ ബാധിച്ചതാണല്ലൊ. നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടമായ ഈ രോഗം ലോകത്തിന്‍റെ സാന്പത്തിക അവസ്ഥയെ പോലും ബാധിച്ചു.

കോവിഡ് കാലത്ത് സര്‍ക്കാര്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നല്ലൊ. ഏറെക്കാലം അകത്തിരുന്നെങ്കിലും ഇപ്പോള്‍ ആളുകള്‍ പുറത്തേക്കിറങ്ങി സാധാരണ ജീവിതം നയിക്കുകയാണ്.

എന്നാല്‍ കൊറോണ വൈറസിനെ ഭയന്ന് കഴിഞ്ഞ മൂന്നുവര്‍ഷമായി പുറത്തിറങ്ങാത്ത ഒരു സ്ത്രീയാണ് സമൂഹ മാധ്യമങ്ങളിലിപ്പോള്‍ ചര്‍ച്ച. ഗുരുഗ്രാമിലെ മാരുതി കുഞ്ച് എന്ന സ്ഥലത്തുള്ള സ്ത്രീയാണ് 10 വയസുകാരനായ മകനുമായി വീടിനുള്ളില്‍ മൂന്നുവര്‍ഷം ഇരുന്നത്.

കോവിഡ് വ്യാപനമുണ്ടായതു മുതല്‍ മൂന്ന് വര്‍ഷമായി ഇവര്‍ വീടിന് പുറത്തിറങ്ങിയിട്ടില്ല. എന്തിന് ഭര്‍ത്താവിനെ പോലും വീട്ടിനുള്ളിലേക്ക് ഇവര്‍ കടത്തിയിട്ടില്ല. മുന്‍മുന്‍ മജി എന്ന സ്ത്രീയാണ് ഇത്തരത്തില്‍ അസാധാരണമായി പെരുമാറിയത്.


ഇവരുടെ ഭര്‍ത്താവ് സുജന്‍ മജി തൊട്ടടുത്ത് വാടകയ്ക്ക് വീടെടുത്തു. ഭാര്യയ്ക്കും മകനുമുള്ള വീട്ടു സാധനങ്ങളുമെല്ലാം ഇയാള്‍ വീടിന് പുറത്തുവെക്കുകയായിരുന്നു പതിവ്. മൂന്ന് വര്‍ഷമായി മകന്‍റെ പഠനം ഓണ്‍ലൈന്‍ വഴിയാണ്.

ഭാര്യയുടെ മനസ് മാറ്റാന്‍ സുജന്‍ നിരവധി വട്ടം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കുട്ടികള്‍ക്ക് ഫലപ്രദമായ കോവിഡ് വാക്സിന്‍ ലഭ്യമാകാതെ മകനെ പുറത്തിറക്കില്ലെന്ന നിലപാടിലായിരുന്നു മുന്‍മുന്‍.

മറ്റൊരു വഴിയും ഇല്ലാത്തതിനാല്‍ സുജന്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസ് എത്തി വാതില്‍ തകര്‍ത്താണ് ഇരുവരേയും പുറത്തെത്തിച്ചത്. ഇരുവരേയും പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയുമുണ്ടായി.