മദ്യസല്‍ക്കാരത്തില്‍ നിന്നും തന്നെ ഒഴിവാക്കിയെന്ന് കാണിച്ച് യു.കെ. ആഫ്രിക്കന്‍ വംശജയായ സ്ത്രീ നല്‍കിയ പരാതിയില്‍ 72 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. തൊഴിലിടത്തില്‍ ജോലിക്കാര്‍ക്കായി നല്‍കിയ മദ്യ സല്‍ക്കാരത്തില്‍ നിന്നും തന്നെ മാത്രം മാറ്റി നിര്‍ത്തിയെന്നായിരുന്നു 52കാരി റീത്ത ലെഹറിന്‍റെ പരാതി.

കോക്ടെയില്‍ ബാറിലേക്ക് മറ്റു ജീവനക്കാരെ ക്ഷണിച്ച കൂടെ തന്നെ കൊണ്ടുപോയില്ല എന്ന് പരാതിയില്‍ പറയുന്നു. അങ്ങനെ സംഭവിച്ചതിനാല്‍ ആരെയും പരിചയപെടാനോ അടുത്തിടപഴകാനോ തനിക്ക് സാധിച്ചില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

തനിക്കൊപ്പം ജോലി ചെയ്യുന്ന മറ്റൊരു ജീവനക്കാരിക്കെതിരെയാണ് ലെഹര്‍ പരാതി നല്‍കിയിരിക്കുന്നത്. തൊഴിലിടങ്ങളിലെ ഇത്തരം വിവേചനങ്ങള്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് പരാതി പരിഗണിച്ച ട്രിബ്യൂണല്‍ വ്യക്തമാക്കി.

ആഫ്രിക്കന്‍ കറുത്ത വര്‍ഗക്കാരുടെ പാരമ്പര്യമുള്ള വ്യക്തിയായതിനാലാണ് ഇത്തരം വിവേചനങ്ങള്‍ അവര്‍ക്ക് നേരിടേണ്ടി വന്നതെന്നാണ് ട്രിബ്യൂണലിന്‍റെ കണ്ടെത്തല്‍.


വര്‍ണവിവേചനം അനുവദിക്കാനാകില്ലെന്നും നഷ്ടപരിഹാരമായി 74000പൗണ്ട് അതായത് 72ലക്ഷം രൂപ നല്‍കണമെന്ന് ട്രിബ്യൂണല്‍ ഉത്തരവിറക്കി. പ്രമുഖ സ്ഥാപനത്തില്‍ താന്‍ പത്ത് വര്‍ഷത്തോളമായി ജോലി ചെയ്യുന്നതാണെന്നും പുതിയതായി ജോലിക്കെത്തിയവര്‍ക്കായി ഒരുക്കിയ വിരുന്നില്‍ നിന്നാണ് തന്നെ ഒഴിവാക്കിയതെന്നും ലെഹർ പറഞ്ഞു.

ബാക്കിയുള്ളവരൊന്നും പൂര്‍ണ്ണമായി കറുത്ത വര്‍ഗക്കാരായിരുന്നില്ല.അവരെയെല്ലാം പരിപാടിയില്‍ ഉള്‍പെടുത്തി. ഇത്തരം കാരണങ്ങളാല്‍ കമ്പനി തനിക്ക് അവകാശപെട്ട സ്ഥാനക്കയറ്റം പോലും നിഷേധിച്ചെന്നും അവര്‍ വ്യക്തമാക്കുന്നു.

വിവേചനത്തിനെതിരെയാണ് ലെഹര്‍ പരാതി നല്‍കിയത്. ആ പരാതിയെ ഗൗരവത്തോടെയാണ് ഞങ്ങള്‍ കാണുന്നത്. വിവേചനം നേരിട്ടവരാണവര്‍. അതിനെ അംഗീകരിക്കാന്‍ കഴിയില്ല. അവര്‍ നേരിട്ട അപമാനത്തിന് പരിഹാരം വേണം. അതുകൊണ്ടാണ് ഇത്രയും തുക നഷ്ടപരിഹാരമായി നല്‍കാന്‍ ഉത്തരവിട്ടതെന്നും ട്രിബ്യൂണല്‍ വ്യക്തമാക്കി.