എനിക്കെന്റെ വൃക്ക തിരികെവേണം: ഭർത്താവിനെതിരേ പരാതിയുമായി യുവതി പോലീസ് സ്റ്റേഷനിൽ
Sunday, June 23, 2019 12:07 PM IST
ഭർത്താവിന് ദാനംചെയ്ത വൃക്ക തിരികെ ലഭിക്കണമെന്ന ആവശ്യവുമായി യുവതി പോലീസ് സ്റ്റേഷനിൽ. നാസിക് സ്വദേശിനിയായ 28 വയസുകാരി വൈശാലിയാണ് ഭർത്താവിന് നൽകിയ വൃക്ക തിരികെ ആവശ്യപ്പെട്ട് സാത്പൂർ പോലീസ് സ്റ്റേഷനിലെത്തിയത്.
കടുത്ത മദ്യപാനത്തെ തുടർന്ന് ഭർത്താവിന്റെ വൃക്കകൾ തകരാറിലായിരുന്നു. ജീവൻ അപകടത്തിലാകുമെന്ന ഘട്ടം വന്നപ്പോൾ ഭാര്യ ഒരു വൃക്ക നൽകാൻ തയാറായി. മേലിൽ മദ്യപിക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഇവർ വൃക്ക നൽകിയത്.
യുവതിയെ പിന്തിരിപ്പിക്കാൻ ബന്ധുക്കൾ ശ്രമിച്ചുവെങ്കിലും ഇവർ തീരുമാനത്തിൽ നിന്നും പിന്നോട്ട് പോയില്ല. പിന്നീട് വൃക്ക മാറ്റി വച്ച് ആരോഗ്യം പൂർണസ്ഥിതിയിലെത്തിയപ്പോൾ ഭർത്താവ് വീണ്ടും മദ്യപാനം ആരംഭിക്കുകയായിരുന്നു.
ഇത് ചോദ്യം ചെയ്ത വൈശാലിയെ ഭർത്താവ് മർദ്ദിക്കുവാൻ തുടങ്ങിയതോടെയാണ് താൻ നൽകിയ വൃക്ക തിരികെ ലഭിക്കണമെന്ന ആവശ്യവുമായി ഇവർ പോലീസ് സ്റ്റേഷനെ സമീപിച്ചത്. എന്നാൽ എന്ത് ചെയ്യണമെന്ന് അറിയാതെ കുഴങ്ങിയിരിക്കുകയാണ് പോലീസ് ഉദ്യോഗസ്ഥർ.