വിവാഹ മോതിരം വിഴുങ്ങുന്നത് സ്വപ്നം കണ്ടു; രാവിലെ എണീറ്റപ്പോൾ മോതിരം വിരലിൽ ഇല്ല
Tuesday, September 17, 2019 1:42 PM IST
വിവാഹമോതിരം വിഴുങ്ങുന്നതായി സ്വപ്നം കണ്ട യുവതി ഉറക്കമെഴുന്നേറ്റപ്പോൾ മോതിരം വയറ്റിൽ. സാൻഡിയാഗോ സ്വദേശിനിയായ ജെന്ന ഇവാൻസിനാണ് ഈ ദുരനുഭവമുണ്ടായത്. കാമുകൻ ബോബിയുമായി ജെന്നയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു.
ബോബിക്കൊപ്പം ട്രെയിനിൽ സഞ്ചരിക്കുന്നതിനിടെ കവർച്ചക്കാരായ കുറച്ചാളുകൾ അടുക്കലെത്തിയതായാണ് ജെന്ന സ്വപ്നം കണ്ടത്. കവർച്ചക്കാർ കൊണ്ടുപോകാതിരിക്കുവാൻ അത് വിഴുങ്ങുവാൻ ബോബി പറഞ്ഞതായി സ്വപ്നം കണ്ട ജെന്ന മോതിരം വിഴുങ്ങുകയും വെള്ളം കുടിക്കുകയും ചെയ്തു.
രാവിലെ ഉറക്കമെഴുന്നേറ്റപ്പോഴാണ് താൻ ശരിക്കും മോതിരം വിഴുങ്ങിയതായി ജെന്ന മനസിലാക്കിയത്. ഇവർ ഉടൻ തന്നെ ഇക്കാര്യം അമ്മയെയും ബോബിയെയും അറിയിക്കുകയായിരുന്നു. ഇവർ ജെന്നയെ ആശുപത്രിയിൽ കൊണ്ടുപോയി മോതിരം പുറത്തെടുക്കുകയായിരുന്നു.
ഇനി വിഴുങ്ങരുതെന്ന് മുന്നറിയിപ്പ് നൽകിയാണ് ബോബി വീണ്ടും മോതിരം ജെന്നയ്ക്ക് നൽകിയത്. ഇവർ സുഖം പ്രാപിച്ചു വരികയാണ്.