ഭർത്താവ് സ്നേഹിച്ച് വീർപ്പു മുട്ടിക്കുന്നു; വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ കോടതിയിൽ
Saturday, August 24, 2019 1:35 PM IST
അഭിപ്രായ വ്യത്യാസവും പരസ്പരമുള്ള വിശ്വാസമില്ലായ്മയുമാണ് ദാമ്പത്യ ജീവിതത്തിലെ വിള്ളലിന് പലപ്പോഴും കാരണമാകുന്നത്. അത് വിവാഹ മോചനത്തിന് വരെ വഴി വയ്ക്കും. എന്നാൽ അമിതമായി തന്നെ സ്നേഹിക്കുന്ന ഭർത്താവിനെ ഉപേക്ഷിക്കാനൊരുങ്ങിയിരിക്കുകയാണ് ഒരു യുവതി. യുഎഇയിലാണ് സംഭവം.
ഭർത്താവ് ഒരു പ്രാവശ്യം പോലും തന്നോട് വഴക്കിട്ടിട്ടില്ല എന്നതാണ് ഇവരുടെ പരാതി. വീട്ടിലെ എല്ലാ ജോലിയും ചെയ്യാൻ ഭർത്താവ് തന്നെ സഹായിക്കുന്നുവെന്നും തനിക്കുള്ള ഭക്ഷണവും അദ്ദേഹം പാകം ചെയ്തു നൽകുന്നുവെന്നും തനിക്ക് റൊമാന്റിക്കായ ഭർത്താവിനെയല്ല ആവശ്യമെന്നും യുവതി കോടതിയിൽ പറഞ്ഞു.
താൻ എന്ത് തെറ്റ് ചെയ്താലും ക്ഷമിക്കുന്ന ഭർത്താവ് ഒരു പ്രാവശ്യം പോലും തന്നെ വഴക്ക് പറഞ്ഞിട്ടില്ലെന്നും സമ്മാനങ്ങൾ നൽകി തന്നെ എപ്പോഴും സന്തോഷിപ്പിക്കുകയാണെന്നും അദ്ദേഹത്തിന്റെ സ്നേഹത്തിൽ താൻ വീർപ്പുമുട്ടുകയാണെന്നും യുവതി പറയുന്നു.
ഭർത്താവിനെ ദേഷ്യം പിടിപ്പിക്കാൻ അദ്ദേഹത്തിന് അമിത വണ്ണമാണെന്ന് താൻ പറഞ്ഞുവെന്നും എന്നാൽ അന്ന് മുതൽ അദ്ദേഹം വ്യായാമം ചെയ്തുവെന്നും വ്യായാമം ചെയ്തപ്പോൾ അദ്ദേഹത്തിന്റെ കാലൊടിഞ്ഞുവെന്നും എന്നിട്ടുപോലും അദ്ദേഹം പരാതി പറഞ്ഞില്ലെന്നും യുവതി വ്യക്തമാക്കി.
ആരോഗ്യകരമായ തർക്കങ്ങളും ചർച്ചയുമാണ് താൻ ആഗ്രഹിക്കുന്നതെന്നും ഇത്തരമൊരു ജീവിതമല്ല തന്റെ സ്വപ്നമെന്നും ഇവർ കൂട്ടിച്ചേർത്തു.
താൻ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും വിവാഹമോചനം വേണ്ടെന്നുമാണ് ഭർത്താവിന്റെ നിലപാട്. നല്ല ഭർത്താവാകാനാണ് താൻ ശ്രമിച്ചതെന്നും തെറ്റ് തിരുത്തുവാൻ ഒരു അവസരം നൽകണമെന്നും ഭർത്താവ് കോടതിയോട് പറഞ്ഞു. ഇരുവരും കൗണ്സിലിംഗിന് വിധേയരാകണമെന്ന് കോടതി നിർദ്ദേശിച്ചു.