ഭാരത് മാട്രിമോണി ബഹിഷ്കരിക്കണമെന്ന് ഒരു സംഘം ആളുകള്‍; കാരണമിതാണ്
Friday, March 10, 2023 2:52 PM IST
പണ്ട് വിവാഹങ്ങള്‍ കൂടുതലായി ദല്ലാളുമാരുടെ ഇടപെടല്‍ നിമിത്തമായിരുന്നല്ലൊ സംഭവിച്ചിരുന്നത്. എന്നാല്‍ കാലം പുരോഗമിച്ചപ്പോള്‍ മാട്രിമോണിയല്‍ വെബ്സൈറ്റുകള്‍ ആ ഇടത്തേക്കെത്തി.
കല്യാണ വെബ്സൈറ്റുകളില്‍ മുന്പന്തിയിലുള്ളവരാണല്ലൊ ഭാരത് മാട്രിമോണിയല്‍ സൈറ്റ്. എന്നാലിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ബഹിഷ്കരണ ഭീഷണി നേരിടുകയാണവര്‍. ഭാരത് മാട്രിമോണിയുടെ പുതിയ പരസ്യംനിമിത്തമാണ് ഒരു സംഘം ആളുകള്‍ ഇവരെ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തത്.
ഹോളിയും വനിതാദിനവും ഒരുമിച്ചെത്തിയ കഴിഞ്ഞ മാര്‍ച്ച് എട്ടിനായിരുന്നു വിമര്‍ശനം ഏറ്റുവാങ്ങിയ പരസ്യം പ്രത്യക്ഷപ്പെട്ടത്.
പരസ്യത്തില്‍ ഒരു യുവതി നിറങ്ങള്‍ മുഖത്ത് ചാലിച്ചെത്തുകയാണ്. ഹോളി ആഘോഷത്തിന്റെ ചായങ്ങളാണത്. എന്നാല്‍ ഹോളി നിറമുള്ള മുഖം യുവതി കഴുകുകയാണ്. നിറങ്ങള്‍ മങ്ങാന്‍ തുടങ്ങിയപ്പോള്‍ യുവതിയുടെ മുഖത്തെ സന്തോഷത്തിനിപ്പുറമുള്ള ഭാവം കാണാനാകും. മര്‍ദനമേറ്റതിന്റെ പാടുകള്‍ മുഖത്ത് കാണാനാകും.
"ഈ വനിതാ ദിനവും ഹോളിയും, സ്ത്രീകള്‍ക്കായി സുരക്ഷിതവും കൂടുതല്‍ ഉള്‍ക്കൊള്ളുന്നതുമായ ഇടങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് നമുക്ക് ആഘോഷിക്കാം. പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ അംഗീകരിക്കുകയും അവരുടെ ക്ഷേമത്തെ ശരിക്കും ബഹുമാനിക്കുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ് - ഇന്നും എന്നും' എന്ന വാചകത്തോടെയാണ് പരസ്യമെത്തിയത്.
എന്നാല്‍ പരസ്യം പലരിലും അസ്വസ്ഥത ജനിപ്പിച്ചു. ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ചില ഓണ്‍ലൈന്‍ ഉപയോക്താക്കള്‍ കമ്പനിക്കെതിരേ വിമര്‍ശനം ഉയര്‍ത്തി. ഗാര്‍ഹിക പീഡനവും ഹിന്ദു ഉത്സവമായ ഹോളിയുമായി എന്ത് ബന്ധമാണെന്നാണ് അവര്‍ ചോദിക്കുന്നത്.
പരസ്യം പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് വിമര്‍ശകര്‍ ആവശ്യപ്പെടുന്നത്. അല്ലാത്തപക്ഷം കമ്പനിക്കെതിരേ ഹിന്ദുക്കളില്‍ നിന്ന് ബഹിഷ്കരണം ശക്തമാകുമെന്ന് അവര്‍ പറയുന്നു. ഏതായാലും ഈ പരസ്യം നിലവില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.