"വാക്സിനിൽ വിശ്വസിക്കണം'; ഫോണിൽ കേൾക്കുന്ന ശബ്ദത്തിന്റെ ഉടമയെ പരിചപ്പെടാം
Friday, January 15, 2021 11:13 PM IST
കോവിഡ് ബോധവത്കരണ പ്രീ കോളർ ട്യൂൺ ഓഡിയോ ഇനിയില്ല. കോവിഡ് വാക്സിൻ വിതരണം ആരംഭിക്കുന്ന സാഹചര്യത്തിൽ, വാക്സിനേഷൻ സംബന്ധിച്ച സന്ദേശമാണ് പുതിയ കോളർ ട്യൂൺ. ജാസ്ലീൻ ഭല്ലയാണ് പുതിയ സന്ദേശത്തിന് ശബ്ദം നൽകിയിരിക്കുന്നത്.
ഡൽഹി സ്വദേശിയായ ഡബ്ബിംഗ് ആർട്ടിസ്റ്റാണ് 40കാരിയായ ജാസ്ലീൻ. കഴിഞ്ഞ വർഷം മാർച്ച് അവസാനത്തോടെ ഒരു പരസ്യ കന്പനിക്കുവേണ്ടിയാണ് ഇവർ പുതിയ സന്ദേശത്തിന് ശബ്ദം നൽകിയത്. ഇംഗ്ലീഷ്, ഹിന്ദി, പഞ്ചാബി ഭാഷകളിൽ ജാസ്ലീൻ സന്ദേശത്തിന് ശബ്ദം നൽകിയിട്ടുണ്ട്.
പുതുവർഷത്തിൽ കോവിഡ് വാക്സിന്റെ രൂപത്തിൽ പ്രതീക്ഷയുടെ കിരണമെത്തിയെന്ന് തുടങ്ങുന്നതാണ് സന്ദേശം. വാക്സിൻ ഇന്ത്യയിൽ വികസിപ്പിച്ചതാണെന്നും സുരക്ഷിതമാണെന്നും പകർച്ചവ്യാധിക്കെതിരെ ഫലപ്രദമാണെന്നും സന്ദേശത്തിൽ പറയുന്നു. കോവിഡ് 19നെതിരായ പ്രതിരോധ ശേഷി കൈവരിക്കാൻ വാക്സിന് സാധിക്കും. വാക്സിനിൽ വിശ്വസിക്കണമെന്നും വാക്സിനേഷൻ സംബന്ധിച്ച വ്യാജവാർത്തകളിൽ വിശ്വസിക്കരുതെന്നും പുതിയ കോളർ ട്യൂണിൽ പറയുന്നു.
വാക്സിൻ വിതരണം ആരംഭിച്ചെങ്കിലും മാസ്ക് ധാരണം, സാനിറ്റെസർ ഉപയോഗം, കൈകഴുകൽ, സാമൂഹിക അകലം തുടങ്ങിയ കോവിഡ് മുൻകരുതലുകൾ തുടർന്നുപോരണമെന്നും കോളർ ട്യൂൺ ഓർമിപ്പിക്കുന്നു.