പെട്ടെന്നൊരു ദിവസം താലികെട്ടീന്നെങ്ങാനും അറിഞ്ഞാൽ പ്രാകി നശിപ്പിച്ചുകളയും: ഭീഷണിയുമായി ആരാധിക, രസികൻ മറുപടിയുമായി ഉണ്ണി
Friday, April 12, 2019 10:45 AM IST
നടൻ സണ്ണി വെയ്ൻ വിവാഹിതനായ വാർത്ത ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. വിവാഹത്തിന്റെ യാതൊരു സൂചനയും നൽകാതെ ഗുരുവായൂർ അമ്പലത്തിൽ വച്ചാണ് കോഴിക്കോട് സ്വദേശിനിയായ രഞ്ജിനിയുടെ കഴുത്തിൽ താരം മിന്ന് കെട്ടിയത്.
ഇപ്പോഴിത സണ്ണിവെയ്ൻ ചെയ്തതു പോലെ പെട്ടന്ന് ഒരുദിവസം ഗുരുവായൂരിൽ പോയി താലി കെട്ടിയാൽ അഞ്ചു തലമുറയെ വരെ പ്രാകി നശിപ്പിച്ചുകളയുമെന്ന് ഉണ്ണി മുകുന്ദന് മുന്നറിയിപ്പ് നൽകിയ ആരാധികയക്ക് ഉണ്ണിമുകുന്ദന്റെ നൽകിയ മറുപടിയാണ് ഏറെ ചിരിപ്പിക്കുന്നത്. അഞ്ജന എലിസബത്ത് സണ്ണി എന്ന ആരാധികയാണ് ഉണ്ണി മുകുന്ദനോട് ഇങ്ങനെ പറഞ്ഞത്.
"ഉണ്ണി മുകുന്ദനോടാണ്. വല്ല ലൈനോ, കല്യാണം കഴിക്കാൻ പാകത്തിലുള്ള ബാല്യകാല സുഹൃത്തുക്കളോ ഉണ്ടെങ്കിൽ ഇപ്പൊ പറഞ്ഞോണം. അല്ലാതെ പെട്ടന്ന് ഒരു ദിവസം ഇങ്ങനെ ഗുരുവായൂര് പോയി താലികെട്ടീന്നെങ്ങാനം അറിഞ്ഞാൽ താങ്കളുടെ അഞ്ച് തലമുറയെ വരെ ഞാൻ പ്രാകി നശിപ്പിച്ചു കളയും..എന്നാലും എന്റെ സണ്ണിച്ചായൻ'. അഞ്ജന കുറിച്ചു.
സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ഉണ്ണി മുകുന്ദന്റെ മറുപടിയുമെത്തി. "ഒരു ഫോർവേഡഡ് മെസേജ് കിട്ടി. എന്തായാലും കണ്ടപ്പോ ഒരു മറുപടി കൊടുക്കാൻ മികച്ച ഒരിത്. ലൈൻ എന്നു പറഞ്ഞത് ഞാൻ ഇഷ്ടപ്പെടുന്ന ഒരു പെണ്കുട്ടിയെക്കുറിച്ചാണെങ്കിൽ അങ്ങനെ ഒരാൾ ഇല്ല അഞ്ജന, പിന്നെ ബാല്യകാല സുഹൃത്തുക്കൾ ഒക്കെ പണ്ടേ കെട്ടിപ്പോയി. പെട്ടന്നൊന്നും പ്ലാൻ ഇല്ല. എന്തൊക്കെ ആയാലും അഞ്ച് തലമുറയെ പ്രാകി കളയരുത്. അതൊക്കെ കൊഞ്ചം ഓവർ അല്ലെ?'. ഉണ്ണി മുകുന്ദൻ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്