എവറസ്റ്റിലും ട്രാഫിക് ജാം!
Thursday, May 23, 2019 7:25 AM IST
ഒരടി മുന്നോട്ടു വയ്ക്കാൻ പറ്റാത്ത അവസ്ഥ, തിരക്കോടു തിരക്ക്, മണിക്കൂറുകൾ നീണ്ട കാത്തിരിപ്പ്. നഗരത്തിരക്കിലെ ജീവിതത്തെപ്പറ്റിയാണ് പറഞ്ഞു വരുന്നതെന്നു കരുതേണ്ടേ. ലോകത്തെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ എവറസ്റ്റിന്റെ അടിത്തട്ടിലെ പല ക്യാന്പുകളും ഇന്നലെ സാക്ഷ്യംവഹിച്ചത് ട്രാഫിക് ജാമിനു തുല്യമായ അവസ്ഥയാണ്.
ലോകത്തിന്റെ പലഭാഗങ്ങളിൽനിന്നായി 200ഓളം പർവതാരോഹകർ എവറസ്റ്റ് കീഴടക്കാൻ ഇന്നലെ അതിരാവിലെതന്നെ ഒരുമിച്ചെത്തിയതോടെയാണു കാര്യങ്ങൾ അധികൃതരുടെ കൈവിട്ടുപോയത്. പർവതാരോഹകരെക്കൂടാതെ ഇവരെ സഹായിക്കാനുള്ള ഗൈഡുകളും എത്തിയിരുന്നു.
സുരക്ഷാ പ്രശ്നങ്ങളുടെ പേരിൽ പർവതാരോഹകരെ കൂട്ടത്തോടെ മലകയറാൻ അനുവദിക്കാത്തതിനാൽ പലർക്കും ക്യാന്പിൽ രണ്ടും മുന്നും മണിക്കൂറുകൾ കാത്തിരിക്കേണ്ടിവന്നു. സാധാരണയായി നഗരത്തിരക്കുകളിൽ മണിക്കൂറുകൾ കാത്തിരിക്കേണ്ടി വരുന്പോൾ യാത്രികർ പ്രകടിപ്പിക്കാറുള്ള അല്ലറ ചില്ലറ പ്രതിഷേധ പ്രകടനങ്ങളൊക്കെ പർവതാരോഹകരുടെ ഭാഗത്തുനിന്നുമുണ്ടായതായി അധികൃതർ പറഞ്ഞു.
എന്തായാലും അല്പം കാത്തിരിക്കേണ്ടിവന്നെങ്കിലും ഭൂരിഭാഗം പേർക്കും കൊടുമുടി കീഴടക്കാൻ കഴിഞ്ഞെന്നാണു വിവരം. എവറസ്റ്റ് കീഴടക്കാൻ ഏറ്റവും അനുയോജ്യമായ സീസണായി കണക്കാക്കപ്പെടുന്ന മാർച്ച് മുതൽ ജൂൺ വരെയുള്ള കാലയളവിൽ ആയിരക്കണക്കിനാളുകൾ പർവതം താണ്ടാനെത്തും.
ഇക്കൊല്ലം ഇതുവരെ 381 പേർക്ക് പെർമിറ്റ് നൽകിയതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം അന്പതുകാരനായ കാമി റിത 24ാം പ്രാവശ്യം എവറസ്റ്റ് കീഴടക്കി തന്റെ തന്നെ റിക്കാർഡ് തിരുത്തിയിരുന്നു.