റോഡില്‍ നീണ്ട ഗതാഗതകുരുക്ക് ഉണ്ടാകാതെ വാഹനങ്ങളെ നിയന്ത്രിച്ച് കൃത്യമായി വിടുന്നതില്‍ ട്രാഫിക് പോലീസുകാര്‍ ഒരു കൈയ്യടി അര്‍ഹിക്കുന്നുണ്ട്. വെയിലും മഴയും വക വെയ്ക്കാതെ അവര്‍ തങ്ങളുടെ കൃത്യനിര്‍വഹണത്തിന് യാതൊരു തടസ്സവും ഉണ്ടാകാതെ നോക്കാറുമുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുന്നത്.

യാത്രക്കാര്‍ക്ക് യാതൊരു വിധ തടസവുമുണ്ടാകാതെ പോകുന്നതിനായി ഒരു ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസുകാരൻ റോഡില്‍ കിടക്കുന്ന ചെറിയ കല്ലുകള്‍ മുഴുവന്‍ അടിച്ചുവാരി കളയുകയാണ്. തൊപ്പി കൈയ്യില്‍ ഊരിപിടിച്ച് ആത്മാര്‍ഥതയോടെ അടിച്ചുവാരുകയാണ്.

പുറകില്‍ നില്‍ക്കുന്ന ഒരാള്‍ വാഹനങ്ങളെ കടത്തിവിടാന്‍ സഹായിക്കുന്നുണ്ട്. ചത്തീസ്ഗഡിലെ ഐഎഎസ് ഓഫീസര്‍ അവനീഷ് ശരണ്‍ പങ്ക് വച്ച ഈ വീഡിയോ ഒമ്പത് ലക്ഷത്തിലധികം പേരാണ് ഇതിനോടകം കണ്ടുതീര്‍ത്തത്.

എല്ലാ ബഹുമാനവും എന്നായിരുന്നു വീഡിയോ പങ്ക് വച്ചു കൊണ്ട് അദ്ദേഹം കുറിച്ചത്.മനുഷ്യത്വമാണ് ജോലിയേക്കാള്‍ പ്രധാനമെന്ന് അദ്ദേഹം തെളിയിക്കുകയാണെന്ന് വീഡിയോ കണ്ട് ഒരാള്‍ കുറിച്ചു. ബഹുമാനവും സന്തോഷവും തോന്നുന്നുവെന്ന് മറ്റൊരാള്‍ കുറിച്ചു.