മരിച്ചിട്ട് 134 വർഷം; രണ്ടുവയസുകാരന്റെ കല്ലറയിൽ ഇപ്പോഴും കളിപ്പാട്ടങ്ങൾ പ്രത്യക്ഷപ്പെടുന്നു
Saturday, April 27, 2019 12:39 PM IST
ഓസ്ട്രേലിയയിലെ അഡ്ലെയ്ഡിൽ ഹോപ് വാലി എന്നൊരു സെമിത്തേരിയുണ്ട്. ഇവിടെ ഹെർബട്ട് ഹെന്റി ഡിക്കർ എന്ന ഒരു രണ്ടുവയസുകാരന്റെ ശവക്കല്ലറയുണ്ട്. 1885 ജൂണ്‍ രണ്ടിനാണ് ഈ കുഞ്ഞ് മരിച്ചത്. എന്നാൽ കഴിഞ്ഞ എട്ടു വർഷമായി സ്ഥിരമായി മാസത്തിൽ ഒരു തവണ ഈ കുഞ്ഞിന്റെ കല്ലറയിൽ കളിപ്പാട്ടങ്ങൾ പ്രത്യക്ഷപ്പെടും.
എട്ടു വർഷമായി ഇതുതുടരുന്നെങ്കിലും ആരാണ് ഈ കളിപ്പാട്ടങ്ങൾ ഇവിടെക്കൊണ്ടുവന്ന് വയ്ക്കുന്നതെന്ന് കണ്ടെത്താൻ ഈ പ്രദേശവാസികൾക്കായില്ല. ഈ കളിപ്പാട്ടങ്ങൾക്കു പിന്നിലെ രഹസ്യം കണ്ടെത്താൻ പോലീസും ചരിത്രകാരൻമാരുമൊക്കെ ശ്രമിച്ചു എന്നാൽ അവർക്ക് യാതൊരു തുന്പും ലഭിച്ചില്ല.
അന്വേഷണത്തിന്റെ ഭാഗമായി ഹെർബട്ട് മരിച്ച ദിവസത്തെ പത്രത്തിൽ കുഞ്ഞിന്റെ ചരമക്കുറിപ്പ് വന്നത് കണ്ടെത്തിയിരുന്നു. ജെയ്സ് ഡിക്കറുടെയും മേരി ആൻ ബോവ്ഹെയുടെ മകനായ ഹെർബട്ട് അസുഖത്തെത്തുടർന്നാണ് മരിച്ചതെന്ന് ചരമക്കുറിപ്പിൽ പറയുന്നു.
കുഞ്ഞിന്റെ മരണംനടന്ന് അഞ്ചു വർഷത്തിന് ശേഷം ഈ ദന്പതികൾ തങ്ങളുടെ മറ്റു മക്കളോടൊപ്പം ഇവിടെനിന്ന് വളരെ ദൂരെയുള്ള ടാസ്മാനിയയിലേക്ക് സ്ഥലം മാറിപ്പോയി. പിന്നീട് ഒരിക്കലും ഇവരാരും അഡ്ലെയ്ഡിലേക്ക് തിരികെ വന്നിട്ടില്ല. പിന്നെ ആരാണ് ഈ കുഞ്ഞു കല്ലറയിൽ കളിപ്പാട്ടങ്ങൾ കൊണ്ടുവന്നുവയ്ക്കുന്നതെന്ന് അറിയാനുള്ള അന്വേഷണത്തിലാണ് ഇവിടത്തെ പോലീസ്.