വേദനയിലും കാമറയ്ക്കു മുന്നിൽ ചിരിച്ചുകൊണ്ട് അവർ; വനിതാ ഫോട്ടോഗ്രാഫർ വ്യത്യസ്തയാകുന്നത് ഇങ്ങനെ
Wednesday, May 15, 2019 10:39 AM IST
പലർക്കും തങ്ങളുടെ തൊഴിൽ വെറുമൊരു ഉപജീവനമാർഗം മാത്രമണ്. എന്നാൽ അമേരിക്കക്കാരിയായ ലോറ സ്കാന്റിലിംഗ് എന്ന ഫോട്ടോഗ്രാഫർക്ക് തന്റെ തൊഴിൽ നിരവധി ആളുകൾക്ക് കാൻസർ എന്ന മാരക രോഗത്തെക്കുറിച്ച് അവബോധം പകരുന്നതിനുള്ള വഴികൂടിയാണ്.
എല്ലാ ഫോട്ടോഗ്രാഫർമാരെയുംപോലെതന്നെ ജീവിതത്തിലെ സന്തോഷകരമായ ആഘോഷങ്ങൾമാത്രം കാമറയിൽ പകർത്തുന്ന ഒരാളായിരുന്നു ലോറ. ഏതാനും വർഷങ്ങൾക്കുമുന്പ് തന്റെ അച്ഛൻ ശ്വാസകോശ അർബുദത്തെത്തുടർന്ന് മരിച്ചതോടെയാണ് കാൻസർ ബോധവത്കരണത്തിനായി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് ലോറ തീരുമാനിച്ചത്.
കാൻസർ രോഗത്തെ ധീരമായി നേരിടുന്ന കുട്ടികൾക്ക് അവരുടെ മനോഹരമായ ചിത്രങ്ങൾ എടുത്തു നൽകാൻ ലോറ തീരുമാനിച്ചു. ഇതിനായി തന്റെ സ്റ്റുഡിയോയിൽ പ്രത്യേക സജ്ജീകരണങ്ങളൊരുക്കി. ഫോട്ടോഷൂട്ടിന് താത്പര്യമുള്ളവരെ ഫേസ്ബുക്ക് വഴി ക്ഷണിച്ചു. ഇങ്ങനെ താത്പര്യപ്പെട്ടെത്തുന്ന കുട്ടികളെ മനോഹരമായ വസ്ത്രങ്ങൾ അണിയിച്ച് അവർ ആവശ്യപ്പെടുന്ന രീതിയിൽ മെയ്ക് അപ്പ് ചെയ്യിപ്പിച്ച് കാമറയുടെ മുന്നിലെത്തിച്ച് മനോഹര ചിത്രങ്ങളെടുത്തു.
ഇവരുടെ ചിരിക്കുന്ന മുഖങ്ങൾ കാൻസർ രോഗികളായ പലർക്കും കാൻസറിനെ ചിരിച്ചുകൊണ്ടുനേരിടാനുള്ള പ്രേരകശക്തിയായി. അഞ്ചു വർഷത്തിനിപ്പുറം നിരവധി മാതാപിതാക്കളാണ് തങ്ങളുടെ കുഞ്ഞുങ്ങളുടെ മാലാഖമാരുടേതുപോലുള്ള ചിത്രങ്ങളെടുപ്പിക്കുന്നതിനായി ലോറയെ സമീപിക്കുന്നത്. ഫോട്ടോ ഷൂട്ടിനായി ഇവരുടെ പക്കൽനിന്നും ഒരു രൂപ പോലും ലോറ വാങ്ങാറില്ല.