ബ്രിട്ടന്‍റെ സമീപ ദ്വീപുകളിലുള്ള പര്‍വതങ്ങളില്‍ ഏറ്റവും വലിയ രണ്ടാമത്തെ പര്‍വതമാണ് ബെന്‍ മാക്ഡ്യുയി. ഏറ്റവും വലിയ പര്‍വതമായ ബെന്‍ നെവിസില്‍ വര്‍ഷത്തില്‍ 125,000 ആളുകള്‍ സന്ദര്‍ശിക്കുമ്പോള്‍ ബെന്‍ മാക് ഡ്യുയില്‍ ആളുകള്‍ കയറാന്‍ ഭയപ്പെടുന്നു.

അതിനു കാരണമായി പറയപ്പെടുന്നത് മാക് ഡ്യുയില്‍ ഉണ്ടെന്ന് കരുതപ്പെടുന്ന ഗ്രേ മാന്‍ എന്ന വിചിത്ര മനുഷ്യനാണ്.

ചാര നിറത്തിലുള്ള മുടിയുമായി മനുഷ്യരൂപത്തോട് സാമ്യമുള്ള നിവര്‍ന്നു നില്‍ക്കുമ്പോള്‍ ഏകദേശം 20 അടിയോളം ഉയരമുള്ള ഒരു രൂപത്തെയാണ് ഗ്രേ മാന്‍ എന്ന് പറയപ്പെടുന്നത്.

ഹിമാലയന്‍ മലനിരകളിലുണ്ടെന്ന് കരുതുന്ന യതിക്കും നേപ്പാള്‍ ടിബറ്റന്‍ പര്‍വത മേഖലയിലുണ്ടെന്ന് പറയപ്പെടുന്ന മഞ്ഞുമനുഷ്യനും സമാനാമായാണ് ഗ്രേമാനെ കരുതുന്നത്. ആം ഫീയര്‍ ലയാത് മോര്‍ എന്നാണ് അയര്‍ലണ്ട് ഭാഷയില്‍ ഗ്രേമാനെ പറയുന്നത്.

പല വര്‍ഷങ്ങളിലായി സ്കോട് ലാന്‍ഡിലും ഇംഗ്ലണ്ടിലും നിന്നുള്ള പര്‍വതാരോഹകരില്‍ പലരും ഗ്രേമാനെ തങ്ങള്‍ കണ്ടതായി അവകാശപ്പെടുന്നുണ്ട്. എന്നാല്‍ പ്രൊഫസര്‍ ജോണ്‍ നോര്‍മാന്‍ കോളി എന്ന ഇംഗ്ലീഷ് ശാസ്ത്രജ്ഞനാണ് ഈ ചര്‍ച്ചയ്ക്കിത്ര പ്രസിദ്ധി നേടിക്കൊടുത്തത്.


താന്‍ 1891ല്‍ ഇത്തരമൊരു വിചിത്ര മനുഷ്യനെ കണ്ടിരുന്നതായി 1925ല്‍ അദ്ദേഹം പറയുകയുണ്ടായി. തന്‍റെ പിറകിലായി വലിയ കാല്‍പാടുകാള്‍ കണ്ടിരുന്നതായി അദ്ദേഹം പറയുന്നു. വലിയ ശബ്ദത്തോടെ അത് അടുത്തേക്ക് വരുന്നതായും തണുപ്പ് കൂടുന്നതായും തനിക്കനുഭവപ്പെട്ടതായി ജോണ്‍ നോര്‍മാന്‍ പറഞ്ഞു.

അദ്ദേഹത്തിന്‍റെ അനുഭവം ചര്‍ച്ചയായതിനുശേഷം ഒരുപാട് പര്‍വതാരോഹകര്‍ തങ്ങള്‍ക്കുമുണ്ടായ സമാനമായ അനുഭവങ്ങള്‍ പങ്കുവച്ചു രംഗത്തുവന്നു.

എന്നാലിതിന് ശാസ്ത്രീയമായ തെളിവുകളില്ലെന്ന് മറ്റുചിലര്‍ വാദിക്കുന്നു. ബെന്‍ മാക്ഡ്യൂയി പര്‍വതത്തിന്‍റെ ഭൂപ്രകൃതി നിമിത്തവും തണുപ്പ് നിമിത്തവും ക്ഷീണം കൊണ്ടും ഉണ്ടാകുന്ന ഇല്യൂഷനാണ് ഇതിന് കാരണമെന്ന് അവര്‍ പറയുന്നു.

ഏതായാലും ഗ്രേ മാന്‍ എന്നത് സത്യമോ മിഥ്യയോ എന്നത് ഇപ്പോഴും ഉത്തരമില്ലാതെ നില്‍ക്കുന്നു. പക്ഷെ പര്‍വതാരോഹകര്‍ അധികമെത്താത്ത ഒരിടമായി ബെന്‍ മാക്ഡ്യൂയി ഇപ്പോഴും അവശേഷിക്കുന്നു.