ഫോട്ടോഗ്രഫി ഒരു കലയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ. വ്യത്യസ്ത കോണില്‍ നിന്ന് ചിലര്‍ പകര്‍ത്തുന്ന അപൂര്‍വം കാഴ്ചകള്‍ എത്ര പേരെയാണ് വിസ്മയിപ്പിക്കാറുള്ളത്. അത്തരത്തിലൊരു ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്.

സ്കോട്‌ലന്‍ഡിലെ അബര്‍ഡീന്‍ഷെയറിലെ തീരദേശ നഗരമായ പോര്‍ട്സോയിലുള്ള സ്റ്റുവാര്‍ട്ട് മുറൈയ് എന്നയാള്‍ പകര്‍ത്തിയ ചിത്രമാണിങ്ങനെ കൗതുകമാകുന്നത്. ഈ 56 കാരന്‍ തന്‍റെ മൊബൈലില്‍ പകര്‍ത്തിയ സൂര്യാസ്തമന ചിത്രത്തില്‍ സൂര്യനെ കണ്ടാല്‍ ചിറകുവിടര്‍ത്തി നില്‍ക്കുന്ന മാലാഖയായിട്ടാണ് തോന്നുക.

അസ്തമന ആകാശത്തിലെ വര്‍ണവും സൂര്യന്‍റെ ജലത്തില്‍ നിന്നുള്ള പ്രതിബിംബവുമാണ് ഇത്തരത്തിലുള്ള ഒരു തോന്നല്‍ സമ്മാനിക്കുന്നതിന് പിന്നില്‍. ഏതാനും നിമിഷങ്ങള്‍ മാത്രമാണ് ഇങ്ങനെ കാണാനായത്. അതിനാല്‍തന്നെ പ്രൊഫഷണല്‍ കാമറ എടുക്കാനുള്ള സമയം തനിക്കുണ്ടായില്ലെന്നും മൊബൈല്‍ മാത്രമാണ് അപ്പോള്‍ ഉപയോഗിക്കാന്‍ കഴിഞ്ഞതെന്നും മുറൈയ് പറയുന്നു. താനൊരു വിശ്വാസി അല്ലെങ്കിലും ആ കാഴ്ചയില്‍ തന്‍റെ മുമ്പില്‍ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടതായി തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഏതായാലും മുറൈയുടെ "മാലാഖയെ’ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.
സൂര്യാസ്തമനത്തിന്‍റെ പല ചിത്രങ്ങളും ഗൂഗിളില്‍ കാണാന്‍ കഴിയുമെങ്കിലും ഇത്തരമൊരു വേറിട്ട അസ്തമന ചിത്രം ആദ്യമാണെന്നാണ് പലരും കമന്‍റായി പറയുന്നത്.