പടംവരച്ച് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടംപിടിച്ച് ഫാത്തിമ സജ
Thursday, October 13, 2022 1:33 PM IST
ചിത്രരചനയിൽ വേഗത കൊണ്ട് വിസ്മയം തീർത്ത് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം നേടി ഫാത്തിമ സജ.
സ്റ്റെൻസിൽ ആർട്ടിൽ ആറുദിവസം കൊണ്ട് 180 ചിത്രങ്ങൾ വരച്ചാണ് ഫാത്തിമ സജ ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടംപിടിച്ചത്.
മാരായമംഗലം കുളപ്പട ഒറവകിഴായിൽ അബ്ദുൽ നാസർ- സൗദ ദന്പതികളുടെ മകളാണ് ഫാത്തിമ സജ. സിനിമാതാരങ്ങളും സ്പോർട്സ് താരങ്ങളും രാഷ്ട്രീയ നേതാക്കളും അടങ്ങുന്ന നിരവധി പ്രമുഖരുടെ ചിത്രങ്ങളാണ് വരച്ചത്. ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡിൽ നിലവിൽ ഉണ്ടായിരുന്ന റിക്കാർഡ് 50 ആർട്ടുകൾ ആയിരുന്നു.
അതിനെ ആറുദിവസം കൊണ്ട് 180 ആർട്ടുകൾ ആക്കിയാണ് സജ റെക്കോർഡ് നേടിയത്. ഇതിനു പുറമെ അറബിക് കാലിഗ്രാഫി, ഇംഗ്ലീഷ് കാലിഗ്രാഫി, പെൻസിൽ ഡ്രോയിംഗ് എന്നിവയിലും കഴിവ് തെളിയിച്ചിട്ടുണ്ട്.
സ്കൂൾ മാഗസിനിൽ ചെറിയ ചിത്രങ്ങൾ വരച്ചാണ് സജയുടെ തുടക്കം. എട്ടാം ക്ലാസ് മുതൽ തന്നെ സ്റ്റെൻസിൽ ആർട്ട് ചെയ്ത് തുടങ്ങിയിട്ടുണ്ട്. മാതാപിതാക്കളുടെയും കൂട്ടുകാരുടെയും പ്രോത്സാഹനമാണ് സജയ്ക്ക് പ്രചോദനമായത്.
തൂത ദാറുൽ ഉലും ഹയർ സെക്കൻഡറി സ്കൂളിൽ പത്താംതരം കഴിഞ്ഞ ശേഷം, കുളപ്പട ഒറവകിഴായ അൽമദ്രസത്തു സിദ്ധീഖിയ്യയിൽ പ്ലസ്ടു വിദ്യാർഥിനിയാണ്. വേർഡ് ആർട്ട്, ലീഫ് ആർട്ട് എന്നിവ പോലെയുള്ള പുതിയ മേഖലകളിൽ പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ് സജ. സ്റ്റെൻസിൽ ആർട്ടിൽ ഏഷ്യ റിക്കാർഡിലും സെലക്ഷൻ നേടിയിട്ടുണ്ട്.