ഇഷ്ട വസ്തു ക്ലോസറ്റ്! മോഷ്ടാവ് ഒടുവിൽ പിടിയിൽ
Wednesday, January 13, 2021 11:31 PM IST
മോഷണം ഒരു കലയാണെന്നാണ് കള്ളന്മാരുടെ പക്ഷം. അതുകൊണ്ടുതന്നെ ഓരോ കള്ളന്റെയും മോഷണ രീതി വ്യത്യസ്തമായിരിക്കും. ചിലർ ഇലക്ട്രോണിക്സ് സാധനങ്ങൾ മാത്രമേ മോഷ്ടിക്കു. ചിലരാകട്ടെ പ്രത്യേക കന്പനിയുടെ വാഹനങ്ങൾ എവിടെ കണ്ടാലും അടിച്ചുമാറ്റിയിരിക്കും. പക്ഷെ ജപ്പാനിലെ ഒരു കള്ളന്റെ ഇഷ്ട സാധനം ക്ലോസറ്റാണ്!
മൂന്ന് മാസത്തിനിടെ 18 ക്ലോസറ്റുകൾ മോഷ്ടിച്ചത്. ഒരു കെട്ടിടനിർമാണ കന്പനി ഫുനിബാഷിയിലെ വിവിധയിടങ്ങളിൽ നിർമിക്കുന്ന വീടുകളിൽനിന്ന് ക്ലോസറ്റുകൾ മോഷണം പോകുന്നത് പതിവായി. ഇതോടെയാണ് പോലീസ് അന്വേഷണം ശക്തമാക്കിയത്. തുടർന്ന് നടത്തി അന്വേഷണത്തിൽ പഴയ ഉത്പന്നങ്ങൾ കടയിൽനിന്നും മോഷണം പോയ ക്ലോസറ്റുകൾ കണ്ടെത്തി. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അതേ കന്പനിയിലെ ജീവനക്കാരനായ യുവാവ് പിടിയിലായത്.
കന്പനി നിർമിക്കുന്ന കെട്ടിടങ്ങളെക്കുറിച്ചും അവിടെയുള്ള ജോലിക്കാരെക്കുറിച്ചും ഇയാൾക്ക് ക്യത്യമായ വിവരമുണ്ടായിരുന്നു. ഇതനുസരിച്ചാണ് മോഷണം ആസൂത്രണം ചെയ്തിരുന്നത്. താമസവും ഭക്ഷണവും ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് വേണ്ടി മോഷണം നടത്തിയെന്നാണ് പ്രതി പോലീസിനോട് വെളിപ്പെടുത്തിയത്.