ചരിത്രനേട്ടം! അന്റാർട്ടിക്കയിൽ പുതിയ സസ്യത്തെ കണ്ടെത്തി ഇന്ത്യൻ ഗവേഷകർ
Friday, July 9, 2021 6:50 PM IST
ഇന്ത്യൻ ഗവേഷകർ അന്റാർട്ടിക്കയിൽ പുതിയൊരു സസ്യത്തെ കണ്ടെത്തി. പായൽവിഭാഗത്തിൽപ്പെട്ട കടുംപച്ച നിറത്തിലുള്ള ഇതിന് ‘ബ്രയം ഭാരതീയൻസിസ്’ എന്നാണു പേരു നല്കിയിരിക്കുന്നത്.
യൂണിവേഴ്സിറ്റി ഓഫ് പഞ്ചാബിലെ മൈക്രോബയോളജി ഗവേഷകർ 2017 ജനുവരിയിൽ അന്റാർട്ടിക്കയിലെ ലാർസ്മാൻ ഹിൽസിനടുത്തുനിന്നാണ് ഈ സസ്യത്തെ കണ്ടെത്തിയത്. ഇതിനു മുന്പ് കണ്ടെത്തിയിട്ടില്ലാത്ത ഇനമാണ് ഇതെന്നു സ്ഥിരീകരിക്കാൻ അഞ്ചു വർഷമെടുത്തു.
ദക്ഷിണധ്രുവത്തെക്കുറിച്ച് പഠിക്കാൻ ഇന്ത്യ സ്ഥാപിച്ചിട്ടുള്ള ‘ഭാരതി’ ഗവേഷണ കേന്ദ്രം ലാർസ്മാൻ ഹിൽസിനടുത്താണ്.
തൊണ്ണൂറ്റൊന്പതു ശതമാനവും മഞ്ഞുമൂടിയ ദക്ഷിണധ്രുവത്തിൽ സസ്യങ്ങൾ കണ്ടെത്തുന്നത് അപൂർവമാണ്. നൂറിലധികം പായൽവിഭാഗങ്ങൾ മാത്രമാണു മുന്പ് കണ്ടെത്തിയിട്ടുള്ളത്.
നാലു പതിറ്റാണ്ടായി ഇന്ത്യ ദക്ഷിണധ്രുവത്തിൽ ഗവേഷണപ്രവർത്തനങ്ങൾ നടത്തുന്നു. ഇതാദ്യമായാണു പുതിയൊരു സസ്യം കണ്ടെത്തുന്നത്.