നിറശോഭയോടെ മലബാർ ക്രിസ്ത്യൻ കോളേജിലെ സച്ചിൻസ് ഗാലറി
Friday, April 23, 2021 3:36 PM IST
കേരളത്തിലെ ഒരു കാമ്പസിനും അവകാശപ്പെടാനാവാത്ത ഒരു പ്രത്യേകതയാണ് മലബാർ ക്രിസ്ത്യൻ കോളേജിലെ സച്ചിൻസ് ഗാലറി.
സച്ചിൻ ടെൻഡുൽക്കറെ കുറിച്ച് ഇംഗ്ലീഷിലും മറ്റ് ഇന്ത്യൻ ഭാഷകളിലും പ്രസിദ്ധീകരിക്കപ്പെട്ട അറുപത്തഞ്ച് പുസ്തകങ്ങൾ സ്വരൂപിച്ച് കൊണ്ട് രൂപം കൊണ്ടതാണ് സച്ചിൻസ് ഗാലറി. ക്രിക്കറ്റ് പ്രേമിയും ക്രിക്കറ്റ് ചരിത്രകാരനുമായ മലബാർ ക്രിസ്ത്യൻ കോളേജ് ചരിത്ര വിഭാഗം അസോസിയേറ്റ് പഫസർ എം.സി. വസിഷ്ഠ് ആണ് സച്ചിൻസ് ഗാലറിക്ക് രൂപം നൽകിയത്.
2013 നവംബറിൽ സച്ചിൻ തന്റെ അവസാനത്തെ ടെസ്റ്റ് കളിക്കുന്ന സന്ദർഭത്തിലാണ് ഇങ്ങനെ ഒരാശയം പ്രൊഫസർ വസിഷ്ഠിന്റെ മനസിൽ രൂപം കൊണ്ടത്. ഇന്ത്യയിലെ വിവിധ ഭാഷകളിലെ പത്രപ്രവർത്തകരുടെ സഹായത്തോട് കൂടിയാണ് സച്ചിനെ കുറിച്ച് വിവിധ ഭാഷകളിൽ പ്രസിദ്ധീകരിക്കപ്പെട്ട ഗ്രന്ഥങ്ങൾ ശേഖരിച്ചത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ഗുജറാത്തി, ഹിന്ദി, ഒറിയ, ബംഗാളി, ആസാമി, ഇംഗ്ലീഷ് എന്നിങ്ങനെ പതിനൊന്ന് ഭാഷകളിൽ പ്രസിദ്ധീകരിക്കപ്പെട്ട സച്ചിനെ കുറിച്ചുള്ള പുസ്തകങ്ങൾ സച്ചിൻസ് ലൈബ്രറിയെ അലങ്കരിക്കുന്നു. മലബാർ ക്രിസ്ത്യൻ കോളേജിലെ ലൈബ്രറിയോട് ചേർന്നു കൊണ്ടാണ് സച്ചിൻസ് ലൈബ്രറി പ്രവർത്തിക്കുന്നത്.
സച്ചിൻസ് ലൈബ്രറിയിലെ പുസ്തകങ്ങൾ, സച്ചിന്റെ വ്യക്തിജീവിതത്തെ കുറിച്ചും ക്രിക്കറ്റ് ജീവിതത്തെ കുറിച്ചുമുള്ള ഒരു സാമാന്യ ധാരണ വായന കാരായ വിദ്യാർത്ഥികൾക്ക് ലഭിക്കാൻ പര്യാപ്തമാണ്.
ഇതിനകം പ്രശസ്തി ആർജിച്ച സച്ചിൻസ് ലൈബ്രറിയും, സച്ചിന്റെ ജന്മദിനനാളിൽ കൂടുതൽ ശ്രദ്ധയാകർഷിക്കുകയാണ്.