രോഗിയുടെ ഡ്രിപ്പില് നിന്നും ഗ്ലൂക്കോസ് കുടിക്കുന്ന എലികള്‍; സംഭവം ഛത്തീസ്ഗഡില്‍
Friday, July 29, 2022 4:34 PM IST
ഛത്തീസ്ഗഡിലെ മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ഒരു വീഡിയോ ആണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. രോഗിയുടെ പക്കല്‍ നിന്നും എലികള്‍ ഗ്ലുക്കോസ് കുടിക്കുന്നതിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഛത്തീസ്ഗഡിലെ ബസ്തര്‍ ജില്ലയിലെ ജഗദല്‍പൂര്‍ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ബലിറാം കശ്യപ് മെമ്മോറിയല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലാണ് സംഭവം. തൊട്ടടുത്ത ബെഡില്‍ പ്രവേശിപ്പിച്ച മറ്റൊരു രോഗിയുടെ ബന്ധുക്കള്‍ ഇത് മൊബൈലില്‍ പകര്‍ത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
വീഡിയോയില്‍ ഇടതുകൈയില്‍ ഗ്ലൂക്കോസ് ഡ്രിപ്പിട്ട് ഒരു രോഗി കട്ടിലില്‍ കിടക്കുന്നത് കാണാം. അതിനുശേഷം നിമിഷങ്ങള്‍ക്കകം, രോഗിയുടെ കട്ടിലിനരികില്‍ സൂക്ഷിച്ചിരിക്കുന്ന ഗ്ലൂക്കോസ് ബോട്ടില്‍ സ്റ്റാന്‍ഡില്‍ നിന്ന് ഒരു എലി ഇറങ്ങിവരുന്നതും കാണാം.
തുടര്‍ന്ന് എലി രോഗിയുടെ സിരകളുമായി ബന്ധിപ്പിച്ചിരിക്കുന്ന ഡ്രിപ് ട്യൂബ് കരണ്ട് സ്റ്റാന്‍ഡിലൂടെ ഓടുകയാണ്. ഇതിനുശേഷം മറ്റൊരു എലി സ്റ്റാന്‍ഡില്‍ കയറി ആദ്യത്തെ എലി കരണ്ടതില്‍ നിന്ന് പുറത്തേക്കൊഴുകുന്ന ഗ്ലൂക്കോസ് വെള്ളം കുടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
ഹിന്ദുസ്ഥാന്‍ തങ്ങളുടെ ട്വിറ്റര്‍ പേജില്‍ പങ്കുവച്ച വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് ശരിയായ അന്വേഷണത്തിന് ശേഷം മാത്രമേ അഭിപ്രായം പറയാന്‍ കഴിയൂ എന്നാണ് മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ. യു.എസ് പൈങ്കര പറയുന്നത്.
എന്നാല്‍, ആശുപത്രി പരിസരത്ത് എലികളുടെ ശല്യം രൂക്ഷമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടിക്കു സിന്‍ഹ സമ്മതിച്ചു. നിലവില്‍ ജീവനക്കാരുടെ കുറവ് ആശുപത്രി നേരിടുന്നുണ്ടെന്നും സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു.