അപൂര്‍വ ചൈനീസ് പൂ പാത്രത്തിന് ലേലത്തില്‍ ലഭിച്ചത് 1.5 മില്ല്യണ്‍ പൗണ്ട്
Friday, May 20, 2022 12:27 PM IST
18-ാം നൂറ്റാണ്ടിലേതെന്ന് കരുതുന്ന ചൈനീസ് പൂ പാത്രത്തിന് ലേലത്തിലൂടെ ലഭിച്ചത് 1.5 മില്ല്യണ്‍ പൗണ്ട്. ഇംഗ്ലണ്ടിലെ ബെര്‍ക്ക്സിലെ ന്യൂബെറിയിലുള്ള ഡ്രൂവീറ്റ്സ് കമ്പനി ബുധനാഴ്ച നടത്തിയ ലേലത്തിലാണ് പാത്രത്തിന് ഈ തുക ലഭിച്ചത്.
അപൂര്‍വം മിനുസമുള്ള നീല നിറത്തിലെ ഈ പാത്രത്തില്‍ കൊറ്റികളുടെയും വവ്വാലുകളുടെയും മറ്റും രൂപങ്ങള്‍ കൊത്തിവച്ചിട്ടുണ്ട്.
1200 ഡിഗ്രി ചൂടില്‍ മൂന്ന് തവണ ചൂടാക്കിയാണ് പാത്രം നിര്‍മിച്ചിരിക്കുന്നത്. രണ്ടടി പൊക്കമാണിതിനുള്ളത്.
സ്വര്‍ണവും വെള്ളിയും ഇടകലര്‍ത്തി അലങ്കരിച്ചിട്ടുള്ള ഈ ചീനാ പാത്രം ക്വിയാന്‍ലോംഗ് രാജഭരണ കാലത്തുള്ളതാണെന്ന് കരുതുന്നു. പാത്രത്തിന്‍റെ അടിഭാഗത്തായി 1736 - 1795 എന്ന കാലഘട്ടം രേഖപ്പെടുത്തിയിട്ടുണ്ട്.
1980കളില്‍ ഇംഗ്ലണ്ടിലുള്ള ഒരു ശാസ്ത്രജ്ഞന്‍ ചൈനയിലുള്ള ഒരാളില്‍നിന്നും 100 പൗണ്ടിനും താഴെ വില കൊടുത്ത് വാങ്ങിയതായിരുന്നു ഈ പൂ പാത്രം. അദ്ദേഹത്തിന്‍റെ മരണശേഷം ഇത് മകനിലേക്ക് എത്തിച്ചേരുകയായിരുന്നു.
എന്നാല്‍ ഈ ചീനാ പാത്രത്തിന്‍റെ മൂല്യം മനസിലാകാത്ത മകന്‍ ഇത് അടുക്കളയില്‍ സൂക്ഷിക്കുകയായിരുന്നു. അടുത്തിടെ ഈ പാത്രം ശ്രദ്ധയില്‍പ്പെട്ട ഒരു പുരാവസ്തു ഗവേഷകനാണ് ഇതിന്‍റെ മൂല്യം അദ്ദേഹത്തെ ബോധിപ്പിച്ചത്. പാത്രത്തിന്‍റെ വക്ക് അല്‍പം പൊട്ടി എന്നല്ലാതെ മറ്റൊരു കേടും ഇതിന് വന്നിരുന്നില്ല.
ലോകത്തിന്‍റെ നാനാ ഭാഗത്ത് നിന്നുള്ളവര്‍ ഈ ചൈനീസ് പാത്രത്തിനായി മുന്നോട്ട് വന്നെന്നും അതിനാലാണ് ഈ അപൂര്‍വമായ പൂ പാത്രത്തിന് ഇത്ര വില ലഭിച്ചതെന്നും ലേലം നടത്തിപ്പുകാരനായ മാര്‍ക് ന്യൂസ്റ്റെഡ് പറഞ്ഞു.