ഒരമ്മയുടെ വയറ്റിൽ നിന്നും ഒറ്റപ്രസവത്തിൽ പിറന്ന പഞ്ചരത്നങ്ങളിൽ നാലുപേർ ഒരേദിവസം വിവാഹിതരാകുന്നു. പോത്തൻകോട് നന്നാട്ടുകാവിൽ 'പഞ്ചരത്ന'ത്തിൽ പ്രേമകുമാറിന്‍റെയും രമാദേവിയുടെയും മക്കളായ ഉത്ര, ഉത്രജ, ഉത്തര, ഉത്തമ എന്നിവരാണ് ഒരേദിവസം വിവാഹജീവിതത്തിലേക്ക് കടക്കുന്നത്. ഏപ്രിൽ അവസാനം ഗുരുവായൂർ ക്ഷേത്രനടയിൽ സഹോദരിമാർ സുമംഗലികളാകുമ്പോൾ കാരണവരുടെ സ്ഥാനത്ത് ഏകസഹോദരൻ ഉത്രജനുണ്ടാകും.

ഫാഷൻ ഡിസൈനറായ ഉത്രയ്ക്ക് മസ്‌കറ്റിൽ ഹോട്ടൽ മാനേജരായ ആയൂർ സ്വദേശി കെ.എസ്. അജിത്കുമാറാണ് വരൻ. കൊച്ചി അമൃത മെഡിക്കൽ കോളേജിൽ അനസ്തേഷ്യാ ടെക്നിഷ്യയായ ഉത്രജയെ ജീവിതസഖിയാക്കുന്നത് കുവൈത്തിൽ അനസ്തീഷ്യാ ടെക്നിഷ്യൻ പത്തനംതിട്ട സ്വദേശി ആകാശ്. ഓൺലൈൻ മാധ്യമപ്രവർത്തകയായ ഉത്തരയ്ക്ക് കോഴിക്കോട് സ്വദേശിയായ മാധ്യമപ്രവർത്തകൻ മഹേഷാണ് വരൻ. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ അനസ്തേഷ്യാ ടെക്നീഷ്യയായ ഉത്തമയെ മസ്‌കറ്റിൽ അക്കൗണ്ടന്‍റായ വട്ടിയൂർക്കാവ് സ്വദേശി വിനീത് താലിചാർത്തും.



1995 നവംബറിൽ എസ്എടി ആശുപത്രിയിൽ നിമിഷങ്ങളുടെ ഇടവേളയിലായിരുന്നു അഞ്ചുപേരുടെയും ജനനം. പിറന്നത് ഉത്രം നാളിലായതിനാൽ നാളുചേർത്ത് മക്കൾക്ക് പേരിട്ടു. അഞ്ചു മക്കളുടെയും പേരിടീലും ചോറൂണും സ്കൂൾ‌ പ്രവേശനവുമെല്ലാം വാർത്തകളിൽ നിറഞ്ഞിരുന്നു.

ഇവർക്ക് ഒമ്പത് വയസുള്ളപ്പോഴാണ് അച്ഛൻ പ്രേംകുമാറിന്‍റെ അപ്രതീക്ഷിത വേർപാട്. എന്നാൽ ജീവിതദുഃഖത്തിൽ തളരാതെ മക്കൾക്കു വേണ്ടി രമാദേവി സധൈര്യം വിധിയോടു പോരാടി വിജയിച്ചു. ആരോഗ്യപ്രശ്നങ്ങൾ അലട്ടിയ രമാദേവിക്ക് ജില്ലാ സഹകരണബാങ്കിന്‍റെ പോത്തൻകോട് ശാഖയിൽ ജോലി നല്കി സർക്കാരും താങ്ങായി.

അമ്മത്തണലിൽ നിന്ന് മക്കൾ പുതുജീവിതത്തിലേക്ക് ചേക്കേറുമ്പോൾ രമാദേവിയുടെ പേസ്മേക്കറിൽ തുടിക്കുന്ന ഹൃദയം സന്തോഷത്താൽ നിറയുകയാണ്.