പണിയുണ്ടോ തരാൻ..? തൂമ്പായും ബ്ലൂടൂത്ത് മൈക്കുമായി രാജണ്ണൻ ചോദിക്കുന്നു
Thursday, July 25, 2019 7:16 PM IST
കാടുവെട്ടാനുണ്ടോ..? വിറക് കീറാനുണ്ടോ..? മൈക്കിലൂടെയുള്ള ഈ ചോദ്യം കേട്ടാൽ കണ്ണൂരുകാര് പറയും രാജണ്ണൻ എത്തിയെന്ന്. കണ്ണൂർ നഗരത്തിലെ ഇടവഴികളിലെ പതിവ് കാഴ്ചയാണിത്. കണ്ടാൽ കട്ടലോക്കൽ ആയി തോന്നുമെങ്കിലും രാജണ്ണൽ ആള് ന്യൂജനാണ്. തോളിൽ തൂമ്പയും കൈയിൽ ബ്ലൂടൂത്ത് മൈക്കുമായാണ് കക്ഷിയുടെ തൊഴിലന്വേഷണം.
സേലം സ്വദേശിയായ രാജണ്ണൻ കഴിഞ്ഞ 35 വർഷമായി കണ്ണൂരിൽ തന്നെയാണ് ജോലി ചെയ്യുന്നത്. എന്നാൽ പണികൾ കുറഞ്ഞ സാഹചര്യത്തിലാണ് നഗരത്തിലൂടെ തൊഴിലന്വേഷണം ആരംഭിച്ചത്. വിളിച്ചുവിളിച്ചു തൊണ്ട പോകുമെന്നായപ്പോൾ കുറച്ചു ദിവസങ്ങൾ മുന്പാണ് പുതിയ രീതി പരീക്ഷിച്ച് തുടങ്ങിയത്. ഇപ്പോൾ മൈക്ക് കൂട്ടിനു കിട്ടിയതോടെ സംഗതി എളുപ്പമായി.