പോംപേയ്: മരണത്തിൽ ഒരുമിച്ച ധനികന്റെയും അടിമയുടെയും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി
Sunday, November 22, 2020 4:49 PM IST
ഇറ്റലിയിലെ കംപാനിയയിലുള്ള നേപ്പിള്‍സിലെ പുരാതന റോമന്‍ നഗരമാണ് പോംപേയ്. എഡി 79 ല്‍ ഉണ്ടായ വെസുവിയസ് അഗ്നിപര്‍വത സ്ഫോടനമാണ് ഈ നഗരത്തെ തകര്‍ത്തുകളഞ്ഞത്. പതിനായിരക്കണക്കിനാളുകള്‍ ലാവാ പ്രവാഹത്തില്‍ വെന്തുവെണ്ണീറായി.
ഇവിടെ നിന്ന് രണ്ടു മൃതദേഹാവശിഷ്ടങ്ങൾ കൂടി ഗവേഷകർ കണ്ടെത്തി. അഗ്നിപര്‍വത സ്ഫോടനത്തിനിടെ രക്ഷപ്പെട്ടോടവേ മരണപ്പെട്ട രണ്ടു പേരുടെ അസ്ഥികൂട അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. ഒരാൾ ഉയർന്ന പദവിയിലുള്ള ആളായിരിക്കാം. മറ്റെയാൾ ഒരു അടിമയായിരിക്കുമെന്ന് പോംപേയ് ആർക്കിയോളജിക്കൽ പാർക്കിലെ ഉദ്യോഗസ്ഥർ പറഞ്ഞു.
ആറു മാസത്തിലേറെ നീണ്ട ഗവേഷണത്തിനൊടുവിലാണ് കണ്ടെത്തൽ. ചാരത്തിൽ പൊതിഞ്ഞ നിലയിൽ അടുത്തടുത്തായിരുന്നു മൃതദേഹങ്ങൾ കിടന്നത്. ധനികന് 30നും 40നും മധ്യ പ്രായമുണ്ടാകും. ഇയാളുടെ കഴുത്തിന് താഴെ ചൂടുള്ള വസ്ത്രത്തിന്റെ അടയാളങ്ങൾ കണ്ടെത്തി. മറ്റേയാൾക്ക് 18 നും 23നും ഇടയിൽ പ്രായമുണ്ടാകുമെന്ന് ഗവേഷകർ പറഞ്ഞു.
കഴിഞ്ഞ 250 വര്‍ഷത്തോളമായി പോംപേയ് ഒരു പേരുകേട്ട വിനോദ സഞ്ചാര കേന്ദ്രമാണ്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയിട്ടുള്ള ഈ സ്ഥലം ഇറ്റലിയിലെ ഏറ്റവും അധികം വിനോദ സഞ്ചാരികളെത്തുന്ന ഇടങ്ങളിലൊന്നാണ്.