കാടിന്റെ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ! വൈറലായി പോലീസ് "ഫോട്ടോഗ്രാഫർ'
Wednesday, July 14, 2021 5:23 PM IST
വന്യജീവി ഫോട്ടോഗ്രഫിയിൽ വൈറലായി പോലീസ് കലാകാരൻ. തൃശൂർ ജില്ലയിലെ മേലൂർ പഞ്ചായത്ത് കുവക്കാട്ടുകുന്ന് പേങ്ങ്യാടൻ വീട്ടിൽ ചന്ദ്രന്റെ മകൻ ജിലേഷ് (42) ആണ് ഫോട്ടോഗ്രഫി കലയിലെ വൈഭവത്താൽ വിസ്മയം തീർക്കുന്നത്.
കൈയിൽ ഉണ്ടായിരുന്ന മൊബൈൽ ഫോണിലെ കാമറയിൽ ചിത്രങ്ങൾ പകർത്തി ഫോട്ടോഗ്രാഫിയിൽ ഹരിശ്രീ കുറിച്ച ജിലേഷിന്റെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനു താഴെ പുൽമേട്ടിൽ മേയുന്ന മാൻ കൂട്ടത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ശ്രദ്ധേയമായ ഈ ചിത്രം വീട്ടിൽ ഫ്രെയിം ചെയ്തു സൂക്ഷിച്ചു വച്ചിട്ടുമുണ്ട് ഈ പോലീസുകാരൻ.
ഡ്യൂട്ടിയിലെ ഇടവേളകളിലും യാത്രകളിലുമാണ് ചിത്രങ്ങൾ എടുക്കുന്നത്. ചിത്രങ്ങളോടുള്ള കന്പം വർധിച്ചതോടെ മാസങ്ങൾക്കു മുന്പ് നല്ലൊരു ഡിജിറ്റൽ കാമറയും സ്വന്തമാക്കി.കലാപ്രവർത്തനത്തിന് ഉന്നത ഉദ്യോഗസ്ഥരുടെ അകമഴിഞ്ഞ പിന്തുണയും ഈ പോലീസുകാരനുണ്ട്.
കാടും,കാട്ടുമൃഗങ്ങളും, അരുവികളും, പക്ഷികളും വ്യത്യസ്ത രീതിയിൽ കാമറയിൽ ഒപ്പിയെടുത്ത് നയനാനന്ദ ചിത്രങ്ങളാക്കി മാറ്റാൻ ഈ കലാകാരനുള്ള കഴിവ് എടുത്തു പറയേണ്ടതാണ്. അതിരപ്പിള്ളിയിൽ പാറപ്പുറത്ത് ഇരിക്കുന്ന രണ്ട് കൃഷ്ണ പരുന്തുകൾ, വേനൽക്കാലത്ത് തുന്പൂർമുഴിയിൽ പുഴയിൽ മരച്ചില്ലയിൽ തൂങ്ങിയാടി വെള്ളം കുടിക്കുന്ന രണ്ട് വാനരൻമാർ, കാട്ടുപട്ടികളിൽ നിന്നും രക്ഷ തേടി പുഴയിൽ ഇറങ്ങി നിൽക്കുന്ന മ്ലാവിന്റെ കൂട്ടം തുടങ്ങിയ ചിത്രങ്ങൾ ജനശ്രദ്ധ നേടിയിരുന്നു. മരകൊന്പിലിരുന്ന് പീലി കൊത്തിയൊതുക്കുന്ന മയിൽ തുടങ്ങി നിരവധി ദൃശ്യങ്ങൾ ഇദ്ദേഹം പകർത്തിയതിൽ ഉൾപ്പെടുന്നു.
കാട്ടിൽ കയറി ചിത്രങ്ങൾ എടുക്കാറില്ലെന്നും പാതയോരങ്ങളിൽ നിന്നുമാണ് ചിത്രങ്ങൾ പകർത്തുന്നതെന്നും ഓരോ ചിത്രങ്ങളും പകർത്താൻ മണിക്കൂറുകളുടെ കഠിന പ്രയത്നമുണ്ടെന്നും ഈ കലയിൽ ക്ഷമ വളരെ പ്രധാനമാണെന്നും ഇദ്ദേഹം പറയുന്നു. ഇഴജന്തുക്കളെ പേടിക്കണമെന്നും വന്യമൃഗങ്ങളെ ആക്രമിക്കരുതെന്നും ഈ കലാകാരൻ മുന്നറിയിപ്പ് നൽകുന്നുണ്ട്.പരുന്ത് കുടുംബത്തിന്റെ നല്ല ചിത്രത്തിനായി അഞ്ച് മണിക്കൂർ വരെ ഈ കലാകാരന് കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്.
കേരള പോലീസിന്റെ മാസികയായ കാവൽ കൈരളിയിൽ മുഖചിത്രമായി ജിലേഷ് പകർത്തിയ പരുന്തിന്റെ ചിത്രമാണ് നൽകിയിട്ടുള്ളത്. 17 വർഷങ്ങളായി പോലീസിൽ സേവനമനുഷ്ഠിച്ചു വരുന്ന ഇദ്ദേഹം നിലവിൽ ജില്ലാ സ്പെഷൽ ബ്രാഞ്ച് തൃശൂർ റൂറൽ വിഭാഗത്തിൽ ഉദ്യോഗസ്ഥനാണ്. ഭാര്യ വിനയയും മകൻ ഋഷികേശും ഉൾപ്പെടുന്നതാണ് ജിലേഷിന്റെ കുടുംബം.