ജോലി പോപ്കോണ്‍ വില്പന; ഹോബി വിമാന നിർമാണം
Tuesday, May 7, 2019 11:49 AM IST
ഓട്ടോറിക്ഷയുടെ ടയറുകൾ,കട്ടിയുള്ള തുണി ഉപയോഗിച്ച് നിർമിച്ച ചിറകുകൾ, റോഡ് കട്ടറിന്റെ എൻജിൻ. ഇതെല്ലാം കൂട്ടിവച്ച് ഒരു വിമാനം. പാക്കിസ്ഥാൻകാരനായ മുഹമ്മദ് ഫയാസാണ് ഈ വിമാനത്തിന്റെ ശില്പി. ഉപജീവനമാർഗമായി പോപ്കോണ്വില്പന നടത്തുന്നയാളാണ് മുഹമ്മദ്. പത്താംക്ലാസ് പോലും പാസാകാത്ത ഈ ഗ്രാമീണൻ നിർമിച്ച വിമാനം കാണാൻ പാക്കിസ്ഥാനിലെ എയർ ഫോഴ്സ് ഉദ്യോഗസ്ഥപോലും ഇദ്ദേഹത്തിന്റെ വീട്ടിൽ എത്തിയിരിക്കുന്നു.
ടിവിയിൽ കണ്ടും ഓണ്‍ലൈനിൽനിന്ന് വിവരങ്ങൾ ശേഖരിച്ചുമാണ് ഇദ്ദേഹം തന്റെ വിമാനം രൂപകല്പന ചെയ്തത്. പഞ്ചാബ് പ്രവിശ്യയിലെ ടബൂറിലാണ് മുഹമ്മദിന്റെ വീട്. ചെറുപ്പത്തിൽ പാക്കിസ്ഥാൻ എയർഫോഴ്സിൽ ചേരണമെന്നായിരുന്നു ഇദ്ദേഹത്തിന്റെ ആഗ്രഹം. എന്നാൽ അച്ഛൻ അസുഖം ബാധിച്ച് മരിച്ചതോടെ കുടുംബഭാരമെല്ലാം മുഹമ്മദിന്റെ ചുമരിലായി.
അമ്മയെയും ഇളയ അഞ്ചുസഹോദരങ്ങളെയും സംരക്ഷിക്കാനായി പഠനം ഉപേക്ഷിച്ച് അദ്ദേഹം പല ജോലികൾ ചെയ്തു തുടങ്ങി. എന്നാൽ പ്രാരാബ്ധങ്ങൾക്കു നടുവിലും പറക്കണം എന്ന തന്റെ സ്വപ്നം അദ്ദേഹം ഉപേക്ഷിച്ചില്ല. പകൽ പോപ്കോണ്‍ വിറ്റിട്ട് രാത്രിയാകുന്പോൾ വിമാനങ്ങളെക്കുറിച്ച് പഠിക്കാൻ ഇറങ്ങും.
ഇപ്പോൾ നിർമിച്ചിരിക്കുന്ന വിമാനത്തിനായി 50000 രൂപയ്ക്ക് തന്റെ കുറച്ച് സ്ഥലം വിറ്റു. പോരാതെവന്ന പണം ഒരു സംഘടനയിൽനിന്ന് ലോണായി സംഘടിപ്പിച്ചു. നിരവധി പരീക്ഷണങ്ങൾക്കും പരാജയങ്ങൾക്കുംശേഷമാണ് താൻ വിമാനം നിർമിച്ചതെന്ന് ഇദ്ദേഹം പറയുന്നു. പരീക്ഷണപ്പറക്കലിൽ രണ്ടുകിലോമീറ്ററോളം ആകാശത്തിൽ പറന്നെന്ന് മുഹമ്മദ് അവകാശപ്പെടുന്നു. മുഹമ്മദിന്റെ അവകാശവാദം സത്യമാണെന്നാണ് ഇദ്ദേഹത്തിന്റെ കൂട്ടുകാരും പറയുന്നത്.
എന്നാൽ മുഹമ്മദിന്റെ വിമാനത്തിന്റെ പരസ്യപ്പറക്കലിന് ഇവിടത്തെ പ്രാദേശിക നേതൃത്വം ഇതുവരെ അനുവാദം നൽകിയിട്ടില്ല. എതാനും മാസങ്ങൾക്ക് മുന്‍പ് വിമാനം പൊതുജനങ്ങളെ പറത്തിക്കാണിക്കുമെന്ന് ഇദ്ദേഹം പ്രഖ്യപിച്ചിരുന്നു.
നൂറുകണക്കിന് ആളുകളാണ് പറക്കൽ കാണാൻ തടിച്ചുകൂടിയത്. എന്നാൽ വിമാനം പറത്താൻ തുടങ്ങുന്നതിന് തൊട്ടുമുന്‍പ് ആളുകൾക്ക് സ്വൈര്യക്കേട് ഉണ്ടാക്കുന്നു എന്നു പറഞ്ഞ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഈ കേസ് ഇപ്പോഴും തുടരുകയാണ്.